കയ്പ്പുള്ളതിനാലാണോ പാവയ്ക്കയോട് 'വിരോധം'? കയ്പ്പ് കുറക്കാന്‍ എളുപ്പവഴികളുണ്ട്
പാവയ്ക്ക പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ്. അതിന്റെ കയ്പ് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ ഇവ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. കൂടാതെ രോഗപ്രതിരോധ ശേഷിയും മെറ്റബോളിസവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു. എന്നാലും പാവയ്ക്ക് കഴിക്കാന്‍ പലരും മടിക്കും. ഒരുപക്ഷെ ഈ കയ്പ്പില്ലായിരുന്നെങ്കില്‍ പാവയ്ക്ക കഴിക്കാമായിരുന്നു എന്ന് നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല.
പാവയ്ക്കയുടെ കയ്പ്പ് എങ്ങനെ കളയാം എന്നല്ലേ. ലളിതവും എളുപ്പമുള്ളതുമായ ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ കഴിയും. പാവയ്ക്കയുടേത് പരുക്കന്‍ പ്രതലമാണല്ലോ. ഇത് കത്തിയോ പീലറോ ഉപയോഗിച്ച് ചുരണ്ടുക എന്നതാണ് ആദ്യപടി. ശേഷം നന്നായി കഴുകി ചെറിയ സമചതുരത്തിലോ വട്ടത്തിലോ മുറിക്കുക. കയ്പ്പ് കുറയ്ക്കാനുള്ള മറ്റൊരു എളുപ്പവഴി പുറം തൊലി ചുരണ്ടിയ ശേഷം വിത്തുകള്‍ നീക്കം ചെയ്യുക എന്നതാണ്.

ഇത് കയ്പയുടെ കയ്പ്പ് കൂടുതല്‍ കുറയ്ക്കാന്‍ സഹായിക്കും എന്ന് പറയപ്പെടുന്നു. പാവയ്ക്കയില്‍ ഉപ്പ് പുരട്ടി അല്‍പനേരം വെച്ചാല്‍ കയ്പ്പ് കുറയുമെന്നും ചിലര്‍ പറയുന്നു. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഓരോ കഷണത്തിലും ഉപ്പ് തുല്യമായി വിതറുക. പാചകം ചെയ്യുന്നതിന് മുമ്പ് 20-30 മിനിറ്റ് ഇങ്ങനെ തന്നെ വെക്കുക. അതിന് ശേഷം ഇവ എടുത്ത് പാചകം ചെയ്യാം. കയ്പ് കുറഞ്ഞിട്ടുണ്ടാകും.
തിളക്കുന്ന ഉപ്പുവെള്ളത്തില്‍ പാവയ്ക്ക കുതിര്‍ക്കുന്നത് വലിയ അളവില്‍ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. പാചകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പ്ലെയിന്‍ തൈര് ഉപയോഗിച്ച് നിങ്ങള്‍ക്ക് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. ഇതൊക്കെയാണെങ്കിലും കയ്‌പേറിയ പാവയ്ക്ക് കഴിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം നല്‍കുക എന്നാണ് പറയപ്പെടുന്നത്.
നേരത്തെ പറഞ്ഞത് പോലെ പോഷകങ്ങളാല്‍ സമ്പന്നമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഉയര്‍ന്ന കലോറിയുള്ള ജങ്ക് ഫുഡിനുള്ള ഭക്ഷണ ആസക്തി കുറയ്ക്കുന്നു. ഒപ്പം ദഹനനാളത്തിന്റെ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. സമ്പന്നമായ നാരുകള്‍ ഗര്‍ഭിണികളിലെ മലബന്ധം, ഹെമറോയ്ഡുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ഗര്‍ഭകാല പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ചരാന്റിന്‍, പോളിപെപ്‌റ്റൈഡ്-പി തുടങ്ങിയ പോഷകങ്ങള്‍ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭപിണ്ഡത്തിന്റെ നാഡീ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന വിറ്റാമിനുകളായ ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications