Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹന്റാവൈറസ് കോവിഡ് പോലെ ഭീഷണിയാകുമോ? ലക്ഷണങ്ങൾ, പ്രതിരോധം..വിശദമായി അറിയാം

അടുത്തിടെ ഒരു ക്രൂയിസ് കപ്പലിൽ ഹന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകമെമ്പാടും വീണ്ടും ഈ വൈറസിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്. അർജന്റീന, ചിലി മേഖലകളിൽ യാത്രാ ചരിത്രമുള്ള ഒരു ക്രൂയിസ് കപ്പലിലാണ് ഹന്റാവൈറസ് പ്രത്യേകിച്ച് ഹന്റാവൈറസ് വകഭേമായ ആൻഡീസ് വൈറസ് ബാധയുടെ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചില യാത്രക്കാർക്ക് ഗുരുതരമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയും രോഗബാധയെ തുടർന്ന് കപ്പലിൽ ചില മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ "ഹന്റാവൈറസ്" വീണ്ടും വാർത്തകളിൽ നിറഞ്ഞു.

രോഗബാധയുടെ ആശങ്കയെ തുടർന്ന് ചില തുറമുഖങ്ങൾ കപ്പലിന്റെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, ചികിത്സാ സൗകര്യങ്ങളും സുരക്ഷാ നടപടികളും ഉറപ്പാക്കുന്നതുവരെ കപ്പൽ കടലിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇതോടെ "ഹന്റാവൈറസ് കോവിഡ് പോലെ മറ്റൊരു ആഗോള ഭീഷണിയാകുമോ?" എന്ന ആശങ്കയാണ് ഉയരുന്നത്. എന്നാൽ കോവിഡ് പോലെ അതിവേഗം പടരുന്ന വൈറസല്ല ഇതെന്ന് പറയുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡിവിഷൻ മേധാവിയും പ്രൊഫസറുമായ ഡോ ദീപു ടിഎസ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

han-

'ഹന്റാവൈറസ് ഒരു പുതിയ രോഗമല്ല. പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് പരിചിതമായ ഒരു വൈറസ് കുടുംബമാണിത്. 1950-53 കാലത്തെ കൊറിയൻ യുദ്ധത്തിനിടെയാണ് ഈ രോഗം ലോകശ്രദ്ധ നേടിയത്. ഹന്റാൻ നദിക്കരയിൽ ക്യാമ്പ് ചെയ്തിരുന്ന ആയിരക്കണക്കിന് സൈനികർക്ക് ഗുരുതരമായ പനിയും വൃക്കസംബന്ധമായ അസുഖങ്ങളും ബാധിച്ചു. പിന്നീട് ദക്ഷിണ കൊറിയൻ വൈറോളജിസ്റ്റായ ഹൊ വാങ് ലീ (Ho Wang Lee) ഈ രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്തി. ഹന്റാൻ നദിയുടെ പേരിൽ നിന്നാണ് "ഹന്റാവൈറസ്" എന്ന പേര് ലഭിച്ചത്.

എന്താണ് ഹന്റാവൈറസ്?

ഹന്റാവൈറസ് പ്രധാനമായും എലികളിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കുടുംബമാണ്. രോഗബാധിതമായ എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയാൽ മലിനമായ പൊടി കണങ്ങൾ ശ്വസിക്കുന്നതിലൂടെ രോഗബാധ ഉണ്ടാകാം. രോഗബാധയ്ക്കുശേഷം 1 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ സാധാരണയായി രോഗലക്ഷണങ്ങൾ തുടങ്ങാം. അപൂർവമായി, എലിയുടെ കടിയേറ്റാലും രോഗബാധയുണ്ടാകാം.

രോഗം അപൂർവമാണെങ്കിലും ഹൃദയത്തെയും ശ്വാസകോശത്തെയും ഒരേസമയം ബാധിക്കുന്ന ഗുരുതര സങ്കീർണ്ണതയായ ഹന്റാവൈറസ് കാർഡിയോ-പൾമണറി സിൻഡ്രോം (HCPS) സംഭവിച്ചാൽ മരണനിരക്ക് 20-40% വരെ ഉയരാമെന്നതിനാൽ ഇത് ലഘുവായി കാണേണ്ട രോഗമല്ല.

സാധാരണയായി പഴയ ഗോഡൗണുകൾ, അടച്ചിട്ട മുറികൾ, എലികൾ കൂടുതലുള്ള പ്രദേശങ്ങൾ, കൃഷിസ്ഥലങ്ങൾ, മാലിന്യക്കൂമ്പാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലുള്ളത്. വീടുകൾ ദീർഘനാളായി അടച്ചിട്ടിരിക്കുകയാണെങ്കിൽ, വൃത്തിയാക്കുന്നതിന് മുമ്പ് മുറികൾ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എലികളുടെ വിസർജ്യം കാണുന്ന സ്ഥലങ്ങൾ ഉണങ്ങിയ നിലയിൽ അടിച്ചുതൂക്കുന്നതിന് പകരം അണുനാശിനി തളിച്ച് നനച്ചശേഷം വൃത്തിയാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ഹന്റാവൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ആദ്യഘട്ടത്തിൽ സാധാരണ വൈറൽ പനിയെപ്പോലെ തന്നെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്:

* പനി
* ശരീരവേദന
* ക്ഷീണം
* തലവേദന
* ഛർദ്ദി അല്ലെങ്കിൽ വയറിളക്കം

എന്നാൽ ചിലരിൽ രോഗം ഗുരുതരമാകാം. പ്രത്യേകിച്ച് ശ്വാസകോശത്തിൽ ദ്രാവകം നിറയുന്ന "ഹന്റാവൈറസ് പൾമണറി സിൻഡ്രോം" (HPS) ഉണ്ടാകുമ്പോൾ ശ്വാസതടസ്സം ഗുരുതരമാകാം. ചില വകഭേദങ്ങൾ വൃക്കകളെയും ബാധിക്കും. ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ, ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ പോലും ആവശ്യമായി വരാം.

ഇത് കോവിഡ് പോലെ ഭീഷണിയാണോ?

ഇപ്പോൾ ലഭ്യമായ ശാസ്ത്രീയ തെളിവുകൾ പ്രകാരം, ഹന്റാവൈറസ് കോവിഡ് പോലെ വളരെ എളുപ്പത്തിൽ വായുവിലൂടെ വ്യാപിക്കുന്ന രോഗമല്ല. ഭൂരിഭാഗം കേസുകളിലും രോഗം എലികളിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. എന്നാൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന "ആൻഡീസ് വൈറസ്" (Andes virus) എന്ന ഹന്റാവൈറസിന്റെ വകഭേദം ദീർഘനേരം അടുത്ത് ഇടപഴകിയുള്ള സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അതായത്, കോവിഡ് പോലെ സമൂഹത്തിൽ അതിവേഗം പടരുന്ന സാഹചര്യം നിലവിൽ കാണുന്നില്ല. എന്നിരുന്നാലും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതിനാൽ ഈ വൈറസിനെ കുറിച്ചുള്ള പഠനങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ ഹന്റാവൈറസ് ബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, വെല്ലൂർ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള പഠനങ്ങളിൽ ഹന്റാവൈറസിനെതിരായ ആന്റിബോഡികൾ ആളുകളിൽ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഈ രോഗസാന്നിധ്യത്തെ കുറിച്ചുള്ള സിറോളജിക്കൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തെ ഈ രോഗം എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നുള്ള കണക്കുകൾ വ്യക്തമല്ല.

നിലവിൽ ഹന്റാവൈറസ് ബാധയ്ക്ക് പ്രത്യേകമായി അംഗീകൃതമായ ആന്റിവൈറൽ ചികിത്സയോ ആഗോളമായി ഉപയോഗിക്കുന്ന വാക്സിനോ ലഭ്യമല്ല. പ്രധാനമായും സപ്പോർട്ടീവ് കെയർ ആണ് രോഗിക്ക് നൽകുന്നത് .

എങ്ങനെ പ്രതിരോധിക്കാം?

* എലികളുടെ വിസർജ്യം ഉണങ്ങിയ നിലയിൽ അടിച്ചുതൂക്കുകയോ വാക്വം ചെയ്യുകയോ ചെയ്യരുത്

* വീടുകളും പരിസരവും എലികളില്ലാതെ സൂക്ഷിക്കുക

* മതിലുകളിലെയും വാതിലുകളിലെയും ചെറിയ വിടവുകൾ അടച്ച് എലികൾ കയറുന്നത് തടയുക

* ഭക്ഷണം അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക

* മാലിന്യങ്ങൾ ശുചിത്വത്തോടെ സംസ്കരിക്കുക

* പഴയ അടച്ചിട്ട മുറികൾ, ഗോഡൗണുകൾ എന്നിവ വൃത്തിയാക്കുമ്പോൾ N95 മാസ്കും കയ്യുറകളും ഉപയോഗിക്കുക

* എലികളുടെ വിസർജ്യം നേരിട്ട് തൊടാതിരിക്കുക

* അടച്ചിട്ട ഇടങ്ങൾ വൃത്തിയാക്കുന്നതിന് മുമ്പ് നല്ല വായുസഞ്ചാരം ഉറപ്പാക്കുക

* കൈകൾ കുറഞ്ഞത് 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകുക

* പനിയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക

കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി മാറ്റങ്ങളും ചില പ്രദേശങ്ങളിൽ എലികളുടെ എണ്ണം വർധിപ്പിക്കാനും അതുവഴി രോഗവ്യാപന സാധ്യതയെ ബാധിക്കാനും ഇടയാക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓർമ്മിക്കേണ്ട പ്രധാന കാര്യം എന്നത് അപൂർവമായെങ്കിലും
കൂടുതലായും എലികൾ വഴി പകരുന്ന ഹന്റാവൈറസ് ഗുരുതരമായ ഒരു രോഗമാണ്. ആൻഡീസ് വൈറസ് വകഭേദമാണെങ്കിൽ അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് COVID പോലെ എളുപ്പത്തിൽ പകരുന്ന രോഗമല്ല. പ്രതിരോധം പ്രധാനമായും പരിസര ശുചിത്വവും പെരുമാറ്റപരമായ മുൻകരുതലുകളും ആണ്.

പതിറ്റാണ്ടുകളായി മനുഷ്യരുടെ ഇടയിൽ നിലനിൽക്കുന്ന ഒരു നിശബ്ദ ഭീഷണിയാണ് ഹന്റാവൈറസ്. എന്നാൽ ശരിയായ അവബോധവും ശുചിത്വവും സമയബന്ധിതമായ ചികിത്സയും ഉണ്ടെങ്കിൽ, ഈ രോഗത്തിന്റെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+