Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്ക് ഫ്രം ഹോം 'ഈറ്റ് അറ്റ് ഹോം' ആക്കി മാറ്റരുതേ; വയറിന് റെസ്റ്റ് കൊടുക്കാതെ കഴിച്ചാല്‍ സംഭവിക്കുന്നത്

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം പാചകവാതക വിതരണത്തില്‍ പ്രതിസന്ധി ഉടലെടുത്തതോടെ പല കമ്പനികളും ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നഗരങ്ങളിലെ ഐടി കമ്പനികളാണ് കൂടുതലും ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ജീവനക്കാര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം എന്നതാണ് ഇതിനു കാരണം.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരില്‍ ലഘുഭക്ഷണം കൂടുതലായി കഴിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. നിരുപദ്രവമെന്ന് തോന്നുന്ന ഈ ശീലം ദഹനത്തെയും ദീര്‍ഘകാല ആരോഗ്യത്തെയും ബാധിക്കാം. സ്‌ക്രീനിനു മുന്നിലിരുന്ന് കഴിക്കുന്നത് വിശപ്പിനെയും ആരോഗ്യത്തെയും സ്വാധീനിച്ചേക്കാം.

desk snacking and digestion

ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ടാണ് പലരും ലഘുഭക്ഷണം കഴിക്കുന്നത്. ഇത് ആവശ്യമുള്ളതിലും കൂടുതല്‍ കഴിക്കുന്നതിന് ഇടയാക്കും. ക്രമേണ ഈ ശീലം ദഹനപ്രശ്‌നങ്ങള്‍ക്കും ശരീരഭാരം വര്‍ധിക്കാനും വഴിയൊരുക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ പലരും കൃത്യമായ ഇടവേളകളിലെ ഭക്ഷണം ഒഴിവാക്കി ദിവസം മുഴുവന്‍ ലഘുഭക്ഷണം കഴിക്കാറുണ്ട്. തുടര്‍ച്ചയായ ഈ ലഘുഭക്ഷണം ആമാശയത്തിന് വിശ്രമം നല്‍കാതെ ദഹനവ്യവസ്ഥയെ നിരന്തരം പ്രവര്‍ത്തിപ്പിക്കുന്നു. ഇത് വായുകോപം, വയറ്റില്‍ ഭാരം, ചെറിയ വയറുവേദനകള്‍, വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാവാം.

ഡെസ്‌കിലിരുന്ന് കഴിക്കുമ്പോഴുള്ള ഇരിപ്പും ദഹനത്തെ ബാധിക്കും. മിക്കവരും സ്‌ക്രീനിലേക്ക് കുനിഞ്ഞിരുന്നാണ് ലഘുഭക്ഷണം കഴിക്കുന്നത്. ഈ നില വയറിന് സമ്മര്‍ദം നല്‍കുന്നു. ആമാശയത്തില്‍ നിന്ന് ഭക്ഷണം പുറത്തേക്ക് പോകുന്ന വേഗത കുറയ്ക്കും. പ്രത്യേകിച്ച് എരിവും എണ്ണയും കൂടിയ ആഹാരം നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്‌ളക്‌സിനും കാരണമാവാം.

സമ്മര്‍ദം നിറഞ്ഞ ജോലി ദഹനത്തെ ബാധിക്കാം. ഇതേതുടര്‍ന്ന് ശരീരം സമ്മര്‍ദഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവ ചിലരില്‍ ദഹനത്തെ മന്ദീഭവിപ്പിക്കും, മറ്റു ചിലര്‍ക്ക് വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടാം. സമ്മര്‍ദമുള്ളപ്പോള്‍ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടാണ്.

ബിസ്‌കറ്റ്, ചിപ്‌സ്, മധുരപലഹാരങ്ങള്‍, മധുരമുള്ള ചായ, മിക്‌സ്ച്ചര്‍, മുറുക്ക്, കടല എന്നിവയാണ് സാധാരണ ലഘുഭക്ഷണങ്ങള്‍. ഇവ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഈ ശീലം രക്തത്തിലെ പഞ്ചസാര കൂട്ടുകയും കുടലിലെ ബാക്ടീരിയകളെ ദോഷകരമായി ബാധിക്കുകയും ചെയ്യാം. ഇത് ദഹനത്തെയും പ്രതിരോധ ശേഷിയെയും പ്രതികൂലമായി ബാധിക്കും. സ്‌ക്രീനിന് മുന്നിലിരുന്ന് കഴിക്കുമ്പോള്‍ എത്ര കഴിച്ചുവെന്ന് പലരും ഓര്‍ക്കാറില്ല. പിന്നീട് വരുന്ന വയറ് വീര്‍ക്കലിനും അസ്വസ്ഥതകള്‍ക്കും കാരണം അമിത ലഘുഭക്ഷണമാണെന്ന് തിരിച്ചറിയുന്നില്ല.

ഭക്ഷണ സമയം തെറ്റിക്കുന്നതും ഒരു പ്രശ്‌നമാണ്. മീറ്റിംഗുകള്‍ക്കായി ഉച്ചഭക്ഷണം വൈകിപ്പിക്കുന്നത് പിന്നീട് അമിതമായി കഴിക്കാന്‍ ഇടയാക്കും. വൈകിയുള്ള ഭക്ഷണവും രാത്രി ലഘുഭക്ഷണവും ദഹനത്തെ ബുദ്ധിമുട്ടിക്കും. വയറ് നിറഞ്ഞ ഉടന്‍ കിടക്കരുത്. വയര്‍ കനക്കുന്നത് ഉറക്കത്തെയും ബാധിക്കാം.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ദഹനം മെച്ചപ്പെടുത്താന്‍ ലളിതമായ മാറ്റങ്ങള്‍ മതി. സ്‌ക്രീനില്‍ നിന്നകന്ന് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. ഉച്ചഭക്ഷണത്തിനായി ചെറിയ ഇടവേള എടുക്കുന്നത് തലച്ചോറിനും കുടലിനും വിശ്രമം നല്‍കും. സാവധാനം ചവച്ചരച്ച് നിവര്‍ന്നിരുന്ന് കഴിക്കുന്നത് ദഹനം സുഗമമാക്കും.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വലിയ മാറ്റമുണ്ടാക്കും. പഴങ്ങള്‍, തൈര്, വറുത്ത കടല, അണ്ടിപ്പരിപ്പ്, വീട്ടിലുണ്ടാക്കുന്ന ചാട്ട് എന്നിവ മികച്ചതാണ്. ഇവ നാരുകളും പ്രോട്ടീനും നല്ല കൊഴുപ്പുകളും നല്‍കുന്നു. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും അനാവശ്യ ഭക്ഷണം കുറയ്ക്കാനും ഇവ സഹായിക്കും.

വീട്ടിലിരിക്കുമ്പോള്‍ പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. ചെറിയ നിര്‍ജ്ജലീകരണം പോലും മലബന്ധത്തിനും തലവേദനയ്ക്കും വഴിയൊരുക്കും. ഡെസ്‌കിന് അടുത്ത് ഒരു കുപ്പി വെള്ളം വെക്കുന്നത് ഉചിതമാണ്. ദിവസം മുഴുവന്‍ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കാനും അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

സ്‌ക്രീനില്ലാതെ കഴിക്കുക, ഇടവേളകള്‍ എടുക്കുക, ശ്രദ്ധയോടെ ചവയ്ക്കുക എന്നീ ശീലങ്ങള്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. കടുത്ത അസിഡിറ്റി, വയറു വേദന, പെട്ടെന്നുള്ള ശരീരഭാര മാറ്റം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഭക്ഷണത്തിനും ജോലി സമയത്തിനും അതിരുകള്‍ നിശ്ചയിച്ച് വീട്ടിലിരുന്നുള്ള ജോലി ആരോഗ്യകരമാക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+