ദീപാവലിക്ക് മധുരം കുറേ അകത്താക്കിയോ? ഷുഗര്‍ ഫ്രീ ആണെന്നു കരുതി നിയന്ത്രണമില്ലാതെ കഴിക്കല്ലേ
മധുരപ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷമാണ് ദീപാവലി. കാരണം മധുരത്തിന്റെ ആഘോഷം കൂടിയായ ദീപാവലിക്ക് നിയന്ത്രണമില്ലാതെ വീടുകളില്‍ നിന്ന് വീടുകളിലേക്ക് പലഹാരങ്ങള്‍ പങ്കുവയ്ക്കപ്പെടും. വീടുകളിലും സ്ഥാപനങ്ങളിലും സ്വീറ്റ് ബോക്‌സുകള്‍ സമ്മാനം നല്‍കുന്നത് പതിവായി കഴിഞ്ഞു.
ആരോഗ്യ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കുന്നവര്‍ പോലും ഈ സമയത്ത് ചിലപ്പോള്‍ കൊതി മൂത്ത് ഇതൊക്കെ കഴിച്ചു പോകും. പ്രമേഹ രോഗികളുടെ ഷുഗര്‍ ലെവല്‍ കുതിച്ചുയരുന്ന സമയം കൂടിയാണ് ഈ ഉത്സവ സീസണ്‍. ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ആഘോഷങ്ങള്‍ നടത്താനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ഇപ്പോള്‍ ഷുഗര്‍ ഫ്രീ മധുര പലഹാരങ്ങള്‍ വിപണിയില്‍ ധാരാളമായി ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ ഷുഗര്‍ ഫ്രീ മധുര പലഹാരങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവിടെയും ആരോഗ്യ വിദഗ്ധര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. എല്ലാ ഷുഗര്‍ ഫ്രീ ഓപ്ഷനുകളും ആരോഗ്യകരമെല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപകടരഹിതമായ ഷുഗര്‍ ഫ്രീ ഓപ്ഷനുകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കുന്നു.

ഷുഗര്‍ ഫ്രീ മധുര പലഹാരങ്ങളില്‍ അസ്പാര്‍ട്ടേം, സുക്രലോസ്, സാക്കറിന്‍, സൈലിറ്റോള്‍, എറിത്രിറ്റോള്‍, മാള്‍ട്ടിറ്റോള്‍, സോര്‍ബിറ്റോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ എറിത്രിറ്റോളാണ് ഏറ്റവും അപകടകാരി.
പഞ്ചസാരക്ക് പകരം കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന എറിത്രിറ്റോള്‍ ഹൃദയാഘാതം ഉള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മധുരത്തിനായി ഉപയോഗിക്കുന്ന സീറോ കലോറി ഉത്പന്നമാണ് എറിത്രിറ്റോള്‍. ഇത് അമിതമായി ഉപയോഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും ഇടയാക്കും എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ചിലര്‍ പഞ്ചസാര ഇല്ലെന്നു കരുതി കൂടുതല്‍ കഴിക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളിലും കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ മധുര പലഹാരത്തിന് തുല്യമായ അളവില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
പഞ്ചസാര രഹിത ഉല്‍പ്പന്നങ്ങള്‍ അമിതമായാല്‍ ചിലപ്പോള്‍ വയറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിന്റെ ഫലമായി വയറുവേദന, ഗ്യാസ്, വയറു വീര്‍ക്കല്‍, വയറിളക്കം എന്നീ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഭാരവും നിയന്ത്രിക്കുന്നതിന് പഞ്ചസാര രഹിത മധുര പലഹാരങ്ങള്‍ സഹായിക്കുമെങ്കിലും അവയ്ക്ക് അപകട സാധ്യതകള്‍ ഉണ്ടെന്നും അതിനാല്‍ മിതത്വം പാലിച്ച് ഉപയോഗിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications