തടി കുറഞ്ഞപ്പോള്‍ ചര്‍മം അയഞ്ഞു തൂങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മം പഴയപടിയാക്കാം
ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു കാലഘട്ടമാണിത്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ശരീര ഭാരം നിയന്ത്രിക്കാനായി ജിമ്മിലും മറ്റും പോയി വലിയ പരിശ്രമങ്ങളാണ് ഇന്നത്തെ തലമുറ നടത്തുന്നത്. ശരീര ഭാരം കുറച്ചുകൊണ്ട് വരുന്ന പരിശ്രമത്തില്‍ വിജയിക്കുന്ന സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് മറ്റൊരു വെല്ലുവിളി പലരും നേരിടുന്നത്. അത് പ്രായമായതു പോലെ ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതാണ്.
പൊണ്ണത്തടി ഉള്ളവരാണ് ഈ പ്രശ്‌നം കൂടുതല്‍ നേരിടുന്നത്. വലിയ പരിശ്രമത്തിനൊടുവില്‍ ശരീരഭാരം കുറയുമ്പോഴും ചര്‍മ്മത്തിനുണ്ടാകുന്ന ഈ ചുളിവുകള്‍ അഭംഗിയായി നിലനില്‍ക്കുകയും ചെയ്യും. ഇത് പലരും ഇപ്പോള്‍ നേരിടുന്ന ഒരു സങ്കീര്‍ണമായ പ്രതിസന്ധിയാണ്. അമിതമായ കൊഴുപ്പ് സംഭരിച്ചു വയ്ക്കുന്ന വയര്‍ ഭാഗം, കൈകള്‍, കാലുകള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ചര്‍മ്മം അയഞ്ഞു തൂങ്ങിയതായി കൂടുതല്‍ കാണപ്പെടുന്നത്.

ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടുമ്പോഴാണ് അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകള്‍ പോലെ ഇത് അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ ചില ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ശരീര ഭാരം കൂടുമ്പോള്‍ ചര്‍മ്മത്തിലെ കൊഴുപ്പ് കോശങ്ങളില്‍ കൊഴുപ്പ് നിറയുകയും അവ വികസിക്കുകയും ചെയ്യുന്നു. അതുപോലെ ശരീര ഭാരം കുറയുമ്പോള്‍ കൊഴുപ്പ് പോകുകയും കൊഴുപ്പ് കോശങ്ങള്‍ ചുരുങ്ങുകയും ചെയ്യും. എന്നാല്‍ ശരീരം പണ്ട് ഉണ്ടായിരുന്ന രൂപത്തിലേക്കു മടങ്ങുന്നില്ല. കൊഴുപ്പ് വീണ്ടും സംഭരിക്കാന്‍ പാകത്തിന് കൊഴുപ്പു കോശങ്ങള്‍ മാറിക്കഴിഞ്ഞു. ഇതാണ് ചര്‍മം അയഞ്ഞു തൂങ്ങിയതായി കാണപ്പെടാന്‍ കാരണം.
ശരീര ഭാരം കുറച്ചതിനു ശേഷം ചര്‍മ്മത്തിന്റെ ദൃഢത നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ പ്രോട്ടീനും വൈറ്റമിന്‍ സിയും ഉള്‍പ്പെടുത്താനാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വൈറ്റമിന്‍ സി കൊളാജന്റെ ഉത്പാദനം മെച്ചപ്പെടുത്തും. കൊളാജന്‍ ചര്‍മത്തിന്റെ ദൃഢത നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസം മൂന്നു ലിറ്ററോളം വെള്ളം കുടിക്കണം. വണ്ണം വയ്ക്കുമെന്ന അനാവശ്യമായ പേടിയില്‍ വെള്ളം കുടിക്കാതിരിക്കരുത്. വണ്ണം കുറച്ചതിനു ശേഷം ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറാന്‍ വ്യായാമം തുടരണം.
കലോറി അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം. കാരണം ഇത് ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടുത്തുന്ന ദുശ്ശീലങ്ങളാണ്. കറ്റാര്‍വാഴ ജെല്‍, തേന്‍ എന്നിവ ചര്‍മ്മത്തില്‍ പുരട്ടുന്നത് എന്ന ചര്‍മം ദൃഢമാകാന്‍ സഹായിക്കും. ചര്‍മത്തില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ മുറുക്കം വീണ്ടെടുക്കാനും സഹായിക്കും.












Click it and Unblock the Notifications