വെള്ള തലയണ കുറച്ച് കഴിഞ്ഞപ്പോഴേക്കും മഞ്ഞ തലയണയായോ? വീണ്ടും വെളുപ്പിക്കാനുളള വഴികളിതാ
തലയണ വാങ്ങി കുറച്ച് നാളുകൾ കഴിഞ്ഞ് തലയിണക്കവർ മാറ്റി നോക്കിയിട്ടുണ്ടോ. വാങ്ങുമ്പോൾ ഉണ്ടായിരുന്ന വെളുപ്പ് നിറം കാണില്ല. പകരം തലയിണയ്ക്ക് ഒരുതരം മഞ്ഞക്കളർ ആയിട്ടുണ്ടാകും. വിയർപ്പ്, ശരീരത്തിലെ എണ്ണമയം, ഉമിനീര്, ചർമ്മത്തിലെ അഴുക്കുകൾ എന്നിവ തലയിണയ്ക്കുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് കൊണ്ടാണ് ഈ നിറം മാറ്റം.
അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് പഴകിയ തലയിണകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. കഴുകുന്നതിന് മുൻപ് തലയിണയിൽ നൽകിയിരിക്കുന്ന ലേബൽ പരിശോധിക്കുക. പോളിസ്റ്റർ, ഫൈബർ തലയിണകൾ വാഷിംഗ് മെഷീനിൽ കഴുകാം. മെമ്മറി ഫോം, ലാറ്റക്സ് തലയിണകൾ മെഷീനിൽ ഇടരുത്. അവ കേടുവരും. കറയുള്ള ഭാഗം മാത്രം കൈകൊണ്ട് കഴുകി വൃത്തിയാക്കുക.
ചെറിയ മഞ്ഞനിറം മാറ്റാൻ ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ഉപയോഗിക്കാം. അര കപ്പ് ബേക്കിംഗ് സോഡ, കുറച്ച് ചെറുനാരങ്ങാനീര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് പരുവം ആക്കുക. മഞ്ഞനിറമുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഈറൻ തുണി ഉപയോഗിച്ച് തുടച്ചു മാറ്റുക.തലയിണ പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം കവർ ഇടുക.

തലയിണകളുടെ പഴക്കവും ദുർഗന്ധവും മാറ്റാൻ ഏറ്റവും നല്ല വഴി വെയിൽ കൊള്ളിക്കുന്നതാണ്. കഴുകിയ ശേഷം നേരിട്ട് വെയിൽ തട്ടുന്ന സ്ഥലത്ത് കുറച്ചു മണിക്കൂർ വെക്കുക. ഇടയ്ക്ക് തിരിച്ചിട്ടു കൊടുക്കുക. സൂര്യപ്രകാശത്തിലെ UV രശ്മികൾ കറ കുറയ്ക്കാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. കഴുകാൻ പറ്റാത്ത തലയിണകളും നല്ല വെയിലുള്ള ദിവസം കുറച്ചു സമയം പുറത്തുവെക്കുന്നത് നല്ലതാണ്.
തലയിണ എപ്പോഴും വെളുപ്പോടെ സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. തലയിണക്കവറിന് ഉള്ളിലായി സിപ്പർ ഉള്ള ഒരു പില്ലോ പ്രൊട്ടക്ടർ ഉപയോഗിക്കുക. തലയിണക്കവറുകൾ ആഴ്ചയിലൊരിക്കൽ കഴുകുക. പ്രൊട്ടക്ടർ മാസത്തിലൊരിക്കൽ കഴുകുക. ഇടയ്ക്കിടെ തലയിണകൾ വെയിലത്ത് വെച്ച് ഉണക്കുക.


Click it and Unblock the Notifications
