മേക്കപ്പ് ബ്രഷുകള്‍ മുഖം വൃത്തികേടാക്കുമോ? ടോയ്‌ലറ്റിനേക്കാള്‍ അണുക്കള്‍: വൃത്തിയാക്കേണ്ടത് ഇങ്ങനെ
മേക്കപ്പിന് പൂര്‍ണത നല്‍കാനായാണ് പലരും മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നത്. പുട്ടിയിട്ടതു പോലെ മുഖം തോന്നാതിരിക്കാനും അധികമുള്ള പൗഡര്‍ നീക്കാനും ഫൗണ്ടേഷനും ക്രീമും ഒക്കെ ചര്‍മത്തിലേക്ക് നന്നായി ബ്ലന്‍ഡ് ചെയ്യാനും മേക്കപ്പ് ബ്രഷുകള്‍ സഹായിക്കും. വിലകൂടിയ ബ്രഷുകള്‍ മുതല്‍ വില കുറഞ്ഞ ബ്രഷുകള്‍ വരെ വിപണിയില്‍ ലഭ്യമാണ്. നിലവാരമുള്ള ബ്രഷുകള്‍ ഉപയോഗിക്കുമ്പോള്‍ അത് മേക്കപ്പിന്റെ ഭംഗിയിലും പ്രതിഫലിക്കും.
അതേസമയം പലരും ചെയ്യുന്ന മിസ്റ്റേക്ക് ആണ് മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അവ വൃത്തിയാക്കാത്തത്. മേക്കപ്പ് ബ്രഷുകള്‍ മുഖത്ത് ഉപയോഗിക്കുമ്പോള്‍ എണ്ണമയവും മൃതകോശങ്ങളും വിയര്‍പ്പും അതില്‍ പറ്റിപ്പിടിക്കാറുണ്ട്. ഇതു കൂടാതെ പലരും ഇവ സൂക്ഷിക്കുന്നത് ബാത്‌റൂമിലും ബെഡ്‌റൂമിലും ഒക്കെ തുറന്നു വച്ചാണ്. അന്തരീക്ഷത്തിലെ പൊടിയും കൂടി അടിഞ്ഞുകൂടി രോഗാണുക്കളുടെ കേന്ദ്രമായി മാറും.

വൃത്തിയാക്കാതെ ഈ മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നത് മുഖക്കുരുവിനും ചൊറിച്ചിലിനും അലര്‍ജിയും ഒക്കെ കാരണമായേക്കാം. സമീപകാലത്ത് നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളില്‍ ടോയ്ലറ്റ് സീറ്റുകളില്‍ ഉള്ളതിനേക്കാള്‍ ബാക്ടീരിയ ഉണ്ടെന്നാണ്. മേക്കപ്പ് ബ്രഷുകള്‍ വൃത്തിയാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മേക്കപ്പ് ബ്രഷുകള്‍ നന്നായി വൃത്തിയാക്കണം എന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത് വൃത്തിയാക്കിയ ശേഷം പൊടിയില്ലാത്ത സ്ഥലത്ത് വേണം ഇത് സൂക്ഷിക്കാന്‍. മേക്കപ്പ് ബ്രഷുകള്‍ അശ്രദ്ധമായി പലയിടത്തും ഉപേക്ഷിക്കുന്നത് അതില്‍ രോഗാണുക്കള്‍ അടിഞ്ഞു കൂടാന്‍ കാരണമാകും.
ഇനി മേക്കപ്പ് ബ്രഷുകള്‍ വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. വെറുതെ വെള്ളം ഒഴിച്ചു കഴുകിയാല്‍ മാത്രം പോര. മേക്കപ്പ് ബ്രഷുകള്‍ ഈടു നില്‍ക്കാനും നന്നായി വൃത്തിയാക്കാനും ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കാവുന്നതാണ്.
മേക്കപ്പ് ബ്രഷുകള്‍ വൃത്തിയാക്കാന്‍ ബേബി ഷാംപൂ ഉപയോഗിക്കാം. അധികം രാസവസ്തുക്കള്‍ ചേരാത്തത് കൊണ്ട് തന്നെ ബ്രഷുകള്‍ വൃത്തിയാക്കാന്‍ ഇത് അനുയോജ്യമാണ്. ബ്രഷിലെ നാരുകളുടെ മൃദത്വം നിലനിര്‍ത്താനും ബേബി ഷാംപൂ ആണ് നല്ലത്. മേക്കപ്പ് ബ്രഷില്‍ കട്ടിയുള്ള അഴുക്ക് ഉണ്ടെങ്കില്‍ ഒലിവ് ഓയിലും സോപ്പും കലര്‍ത്തിയ മിശ്രിതത്തില്‍ കഴുകാം. സിലിക്കണ്‍ ബ്രഷ് ക്ലീനര്‍ മാറ്റ് ഉപയോഗിച്ചും മേക്കപ്പ് ബ്രഷുകള്‍ വൃത്തിയാക്കാം. ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്.
മേക്കപ്പ് ബ്രഷുകള്‍ ശുദ്ധീകരിച്ച വെള്ളം കൊണ്ട് വൃത്തിയാക്കുന്നതാണ് നല്ലതാണ്. ഇത് വെള്ളത്തില്‍ നിന്നുള്ള മാലിന്യങ്ങളോ ധാതുക്കളോ ഒന്നും ബ്രഷുകളില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. താമസിക്കുന്ന സ്ഥലത്ത് ഹാര്‍ഡ് വാട്ടര്‍ മാത്രമാണ് കിട്ടുന്നതെങ്കില്‍ ശുദ്ധീകരിച്ച് വെള്ളം കൊണ്ട് ബ്രഷുകള്‍ കഴുകുന്നതായിരിക്കും നല്ലത്.
വൃത്തിയാക്കിയ ഉടനെ മേക്കപ്പ് ബ്രഷുകള്‍ വൃത്തിയുള്ള ടൗവ്വലില്‍ പൊതിഞ്ഞു നന്നായി ഉണക്കിയെടുക്കുക ഇത് ബ്രഷിന്റെ നാരുകളില്‍ നിന്ന് വെള്ളം ആഗിരണം ചെയ്യാനും ബ്രഷുകള്‍ ജലാംശം ഇല്ലാതെ സൂക്ഷിക്കാനും സഹായിക്കും. മേക്കപ്പ് ബ്രഷുകള്‍ ഏതാനും തുള്ളി വെളിച്ചെണ്ണ ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്. ഇത് ബ്രഷുകളുടെ മൃദുത്വവും മയവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.












Click it and Unblock the Notifications