വീര്‍ത്ത കവിളുകള്‍ മുഖത്തിന്റെ ഭംഗി കെടുത്തുന്നുണ്ടോ? വീട്ടില്‍ തന്നെ പരിഹരിക്കാനുള്ള സിമ്പിള്‍ ടിപ്‌സ് ഇതാ
വീര്‍ത്ത കവിളുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം അല്ലെങ്കിലും സൗന്ദര്യ പ്രശ്‌നമായിട്ടാണ് പലരും കാണുന്നത്. പലപ്പോഴും വീര്‍ത്ത കവിളുകള്‍ മുഖത്തിന് ക്ഷീണം തോന്നിപ്പിക്കും. ഉപ്പ്, പഞ്ചസാര എന്നിവ അമിതമായി കഴിക്കുന്നതും തെറ്റായ ഭക്ഷണക്രമവും ഉറക്കമില്ലായ്മയും ഒക്കെ മുഖത്തെ അമിതമായ വീക്കത്തിന് ഇടയാക്കും. ജീവിത ശൈലിയിലെ ലളിതമായ ചില മാറ്റങ്ങളിലൂടെ മുഖത്തെ വീക്കം മാറ്റിയെടുക്കാവുന്നതാണ്. അതിനായുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.
ഉപ്പിന്റെ അളവ് കുറയ്ക്കുക
ഉപ്പ് കൂടുതലായി കഴിക്കുന്നതിലൂടെ സോഡിയം അമിതമായി ശരീരത്തിനുള്ളില്‍ ചെല്ലുകയും അത് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാവുകയും ചെയ്യും. ഇങ്ങനെ വെള്ളം കെട്ടിനില്‍ക്കുന്നത് മുഖത്ത് വീക്കം ഉണ്ടാക്കും. ഉപ്പിലിട്ട ഭക്ഷണം, സംസ്‌കരിച്ച ഭക്ഷണം, റസ്റ്റോറന്റില്‍ നിന്ന് വാങ്ങുന്ന ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ഉപ്പു കുറച്ച് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം പതിവാക്കുക. പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. പഞ്ചസാരയുടെ ഉപയോഗവും നിയന്ത്രിക്കുക.

ജലാംശം നിലനിര്‍ത്തുക: ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്തേണ്ടത് കവിളുകളുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ജലാംശം ശരീരത്തിനുള്ളിലെ അധിക സോഡിയത്തെ പുറന്തള്ളാന്‍ സഹായിക്കുകയും മുഖത്തെ വീക്കം കുറയ്ക്കുകയും ചെയ്യും. ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഫേഷ്യല്‍ മസാജ് ചെയ്യുന്നതും മുഖത്തെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. വിരലുകള്‍ കൊണ്ട് മുഖത്ത് സൗമ്യമായി മസാജ് ചെയ്യുന്നത് കവിളുകളില്‍ നിന്നും ചര്‍മ്മത്തിനടിയില്‍ നിന്നും അധികം ദ്രാവകം നീക്കം ചെയ്യാന്‍ സഹായിക്കും. വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് മുഖത്തിന്റെ മധ്യഭാഗത്തുനിന്ന് മുകളിലേക്ക് വൃത്താകൃതിയില്‍ മസാജ് ചെയ്യുക
രാത്രി മതിയായ ഉറക്കം ലഭിക്കാത്തതും മുഖത്തെ വീക്കത്തിന് കാരണമാകും. ശരീരത്തിന് വേണ്ടത്ര വിശ്രമം ലഭിക്കാത്തപ്പോള്‍ മുഖത്ത് വെള്ളം കെട്ടിക്കിടന്ന് വീക്കം സംഭവിക്കുന്നു. രാത്രി 7, 8 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. തല അല്പം ഉയര്‍ത്തി കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുക.
അമിതമായി കഫീന്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നത് നിര്‍ജ്ജലിനീകരണത്തിന് കാരണമാകും. നിര്‍ജ്ജലിനീകരണം ക്ഷീണമായി മുഖത്ത് പ്രതിഫലിക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. പൊട്ടാസ്യം സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ വാഴപ്പഴം, അവക്കാഡോ, മധുരക്കിഴങ്ങ്, ചീര, തേങ്ങവെള്ളം എന്നിവ ഉള്‍പ്പെടുത്തുക. '
മുഖത്ത് തുണിയില്‍ പൊതിഞ്ഞ ഐസ് കട്ടകള്‍ കൊണ്ട് ഉരസുന്നതും തണുത്ത സ്പൂണ്‍ മുഖത്തെ വീര്‍ത്ത ഭാഗങ്ങളില്‍ വയ്ക്കുന്നതും വീക്കം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, വ്യായാമത്തിലൂടെ മുഖത്തെ മാത്രമല്ല ശരീരത്തിലെ മൊത്തം വീക്കം കുറയ്ക്കാന്‍ സാധിക്കും. ഇത് മുഖത്തേക്കുള്ള രക്തചക്രമണം മെച്ചപ്പെടുത്തുന്നു.












Click it and Unblock the Notifications