മുഖം എന്നും ഈ രീതിയിലാണോ കഴുകുന്നത്? എങ്കില്‍ ഈ ശീലം ഇന്നു തന്നെ നിര്‍ത്തിക്കോ, ഇതാണ് കാരണം
നല്ല തണുപ്പത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതും മുഖം ചെറു ചൂടു വെള്ളത്തില്‍ കഴുകുന്നതും പലരും പിന്തുടരുന്ന ശീലങ്ങളാണ്. ഇത് ശരീരത്തിന് അല്‍പനേരത്തേക്ക് ചൂടു നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശൈത്യകാലത്ത് മുഖം ചൂടുവെള്ളത്തില്‍ കഴുകുന്നത് ഒഴിവാക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. ഇത് ചര്‍മ്മത്തിലെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടാന്‍ കാരണമാകും. ഇതുവഴി ചര്‍മ്മം വരണ്ടതാവാനും ചുവക്കാനും ചൊറിച്ചില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ചര്‍മത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ മുഖത്തിന്റെ തിളക്കവും നഷ്ടപ്പെടും.
ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതിനാല്‍ ചര്‍മ്മം വേഗത്തില്‍ വരണ്ടുപോകും. ഇതിനൊപ്പം ചൂടുവെള്ളത്തില്‍ മുഖം കൂടി കഴുകുമ്പോള്‍ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്ന എണ്ണപ്പാളി നീക്കം ചെയ്യപ്പെടും. ഇത് ചര്‍മ്മത്തെ കൂടുതല്‍ പരുക്കനാക്കുകയും നിറം മങ്ങാന്‍ ഇടയാക്കുകയും മുഖത്തെ ചുളിവുകള്‍ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യും.

ചൂടുവെള്ളം ചര്‍മ്മത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥയെ ബാധിക്കും. കോശങ്ങളെ ദൃഢമായി നിര്‍ത്തുന്ന മാംസ്യങ്ങളെ ദുര്‍ബലപ്പെടുത്തും. വരണ്ട ചര്‍മ്മക്കാര്‍ ചൂടുവെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ പൊള്ളുന്നതു പോലെ അനുഭവം ഉണ്ടാകാം.
മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നത് പ്രശ്‌നം വഷളാക്കിയേക്കാം. അന്തരീക്ഷത്തിലെ ചൂട്, മലിനീകരണം, കഠിനജലം എന്നിവ ഇന്ത്യക്കാരുടെ ചര്‍മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതിനൊപ്പം ചൂടുവെള്ളം കൂടി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം വരണ്ട് പാടുകളുണ്ടാകാന്‍ ഇടയുണ്ട്.
ഇരുണ്ട സ്‌കിന്‍ ടോണുള്ള ഇന്ത്യന്‍ ചര്‍മ്മക്കാര്‍ക്ക് ചൂടുവെള്ളം അമിത പിഗ്മെന്റേഷന് വഴിയൊരുക്കും. ഇത് ചര്‍മ്മത്തിലെ ചില ഭാഗങ്ങള്‍ ഇരുണ്ടുപോകാനും, പാടുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും കാരണമാകും. മുഖം കഴുകാന്‍ ചൂടുവെള്ളത്തിനു പകരം സാധാരണ വെള്ളം ഉപയോഗിക്കാനാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് അഴുക്കും അധിക എണ്ണമയവും നീക്കം ചെയ്യുമ്പോള്‍ തന്നെ ആവശ്യമായ ജലാംശവും നിലനിര്‍ത്തും.
ചര്‍മ്മത്തിനു സുഖകരമായി തോന്നുന്ന നേരിയ ചൂടുള്ള വെള്ളവും ഉപയോഗിക്കാം. ചില സാഹചര്യങ്ങളില്‍ തണുത്ത വെള്ളം മുഖത്തെ എണ്ണമയവും സണ്‍സ്‌ക്രീനും ശരിയായി നീക്കം ചെയ്യില്ല. അതിനാല്‍ ഇളംചൂടുവെള്ളമാണ് മികച്ച മാര്‍ഗം. ശൈത്യകാലത്ത് മുഖം കഴുകുന്ന സമയം കുറയ്ക്കാനും ഡെര്‍മറ്റോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. വെള്ളവുമായി ദീര്‍ഘനേരമുള്ള സമ്പര്‍ക്കം ചര്‍മ്മത്തെ വരണ്ടതാക്കും. മൃദലവും സുഗന്ധരഹിതവുമായ ക്ലെന്‍സറുകള്‍ തിരഞ്ഞെടുക്കുക. കഠിനമായ സോപ്പുകളും സ്‌ക്രബുകളും ചര്‍മ്മത്തിന്റെ പുറം പാളിയെ നശിപ്പിക്കും. മൃദലമായ ടവല്‍ ഉപയോഗിച്ച് മുഖം ഉണക്കുക, ഒരിക്കലും ഉരയ്ക്കരുത്.
മുഖം കഴുകി ഏതാനും മിനിറ്റുകള്‍ക്കകം മോയിസ്ചറൈസര്‍ പുരട്ടണം. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശൈത്യകാലത്ത് ക്രീം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളാണ് ജെല്ലുകളെക്കാള്‍ ഉചിതം. പകല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സൂര്യനില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഈ ശീലങ്ങള്‍ പിന്തുടരുന്നത് ശൈത്യകാല തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും.












Click it and Unblock the Notifications