എഴുതുമ്പോള്‍ തുടര്‍ച്ചയായി അക്ഷരത്തെറ്റുകള്‍ വരുത്തുന്നുണ്ടോ? അത് ഈ രോഗത്തിന്റെ ആദ്യലക്ഷണമാകാം
എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുന്നത് സാധാരണമാണ്. എന്നാല്‍ സമീപകാലത്തായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോഴോ എഴുതുമ്പോഴോ അക്ഷര തെറ്റുകളുടെ എണ്ണം പതിവിലും കൂടിയിട്ടുണ്ടോ? വാക്കുകള്‍ കിട്ടാതെ വിഷമിക്കാറുണ്ടോ? വാക്കുകള്‍ മറന്നു പോകാറുണ്ടോ? പലപ്പോഴും ഇത് പ്രായമാകുന്നതിന്റെ ലക്ഷണമായും തലച്ചോറിന്റെ ക്ഷീണം കൊണ്ടാണെന്നും ഒക്കെ ചിന്തിക്കാറുണ്ട്.
ഇതൊരു പക്ഷേ ഡിമെന്‍ഷയുടെ ആദ്യകാല ലക്ഷണം ആയിരിക്കാം. അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഡിമെന്‍ഷ്യ ഉണ്ടാകണമെന്നില്ലെങ്കിലും ഇതൊരു സൂചനയായേക്കാം. തെറ്റുകളുടെ തീവ്രതയാണ് ഇത് നിര്‍ണയിക്കുന്നത്. ഏറ്റവും ലളിതമായതും സ്ഥിരം ഉപയോഗിക്കുന്നതുമായ അക്ഷരങ്ങള്‍ പോലും മറക്കുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുത്. തുടര്‍ച്ചയായി അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്നതും സമാനമായ അക്ഷരങ്ങള്‍ പരസ്പരം മാറി പോകുന്നതും വാക്കുകള്‍ മറന്നു പോകുന്നതും ഒക്കെ ഡിമെന്‍ഷയുടെ ആദ്യകാല ലക്ഷണങ്ങളാണ്.

പല ആളുകളും ഡിമെന്‍ഷ്യയുടെ ആദ്യ ലക്ഷണമായി കരുതുന്നത് മറവിയെയാണ്. ആളുകളുടെ പേരുകളും സമീപകാല സംഭവങ്ങളും മറക്കുന്നതോടെയാണ് ഡിമെന്‍ഷ്യ തിരിച്ചറിയുന്നത്. എന്നാല്‍ അക്ഷരത്തെറ്റുകള്‍ ഇതിലും നേരത്തെ വരാം. കാരണം അക്ഷരങ്ങള്‍ ഓര്‍മ്മിക്കുന്നത് തലച്ചോറിലെ സൂക്ഷ്മമായ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അല്‍ഷിമേഴ്‌സ് രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ ആരോഗ്യമുള്ള പ്രായമായവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നതായി കണ്ടെത്തി. ഇത് അശ്രദ്ധയുടെ ഭാഗമല്ല. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിന്റെ സൂചനയാണ്.
പഠനത്തിന്റെ ഭാഗമായി വാക്കുകള്‍ പകര്‍ത്തി എഴുതാന്‍ പറഞ്ഞപ്പോള്‍ പോലും ഡിമെന്‍ഷയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ വരുത്തി. വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാനുള്ള ബുദ്ധിമുട്ട്, എളുപ്പമുള്ള വാക്കുകള്‍ പോലും തെറ്റിക്കുന്നത് തുടങ്ങിയ ഭാഷാ പ്രശ്‌നങ്ങള്‍ ഡിമെന്‍ഷയുടെ ആദ്യത്തെ ലക്ഷണങ്ങളാണ്.
ചിലര്‍ക്ക് വാക്കുകളുടെ അര്‍ത്ഥം ഓര്‍ത്തെടുക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത് എഴുത്തിന്റെ ഒഴുക്കിനെ ബാധിക്കും. നന്നായി എഴുതിക്കൊണ്ടിരുന്ന ഒരാള്‍ തുടര്‍ച്ചയായി അക്ഷര തെറ്റുകള്‍ വരുത്തുന്നതും വാക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം ഡിമെന്‍ഷ്യ കൊണ്ട് മാത്രമല്ല, അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്നത്. സമ്മര്‍ദം, ഉറക്കക്കുറവ്, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടും അക്ഷര തെറ്റുകള്‍ വരാം.
ഗുണനിലവാരമുള്ള ഉറക്കം, സാമൂഹിക ഇടപെടല്‍, ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുന്നത് ഇത്തരം അക്ഷര പിശകുകള്‍ വരുന്നത് വൈകിപ്പിക്കാന്‍ കഴിയും. ഡിമെന്‍ഷ്യ നേരത്തെ കണ്ടെത്തുന്നതിലൂടെ ജീവിതത്തെ മികച്ച രീതിയില്‍ മുന്‍കൂട്ടി ക്രമീകരിക്കാന്‍ കഴിയും.












Click it and Unblock the Notifications