ചിയ വിത്തുകൾ തടി കുറക്കാൻ കഴിക്കാറുണ്ടോ? ചെയ്യുന്നത് മണ്ടത്തരമോ? വിദഗ്ധർ പറയുന്നത് ഇതാണ്
ശരീരഭാരം കുറക്കാൻ സഹായിക്കുന്നതിൽ പേരുകേട്ട വിത്തുകളിൽ ഒന്നാണ് ചിയ . ജിമ്മിന് പോകുന്നവരും പോകാത്തവരുമെല്ലാം ചിയ വിത്ത് കഴിക്കാറുണ്ട്. ഓട്സിനൊപ്പവും സ്മൂത്തിയിലുമെല്ലാം ചേർത്താണ് പലരും ഇവ കഴിക്കാറുള്ളത്. ഇങ്ങനെയൊക്കെ കഴിച്ചത് കൊണ്ട് യഥാർത്ഥത്തിൽ തടി കുറക്കാൻ സാധിക്കുമോ? വിദഗ്ധർ പറയുന്നത് എന്തെന്ന് നോക്കാം
ആദ്യം ചിയ വിത്തുകളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം
ചിയ വിത്തുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾക്ക് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. വെള്ളത്തിൽ കുതിർത്താൽ ഒരു ജെല്ലി പോലെ ഇവ മാറുന്നത് അതുകൊണ്ടാണ്. ഇത് കഴിച്ചാൽ വയറിന് പൂർണ്ണത അനുഭവപ്പെടുകയും അതുവഴി കലോറി ഉപയോഗം കുറക്കാനും സാധിക്കും.

ചിയ വിത്തുകൾക്ക് ഹൈഡ്രോഫിലിക് ഗുണങ്ങളുണ്ട്, അതായത് അവയുടെ ഭാരത്തേക്കാൾ 12 മടങ്ങ് കൂടുതൽ വെള്ളം ആഗിരണം ചെയ്യാൻ ഇവയ്ക്ക് സാധിക്കുമെന്ന് അർത്ഥം. ഒരു ടീസ്പൂൺ ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് വെച്ച് കഴിക്കാം. ഇത് ദഹനം എളുപ്പമാക്കുകയും സംതൃപ്തി നൽകുകയും ചെയ്യുന്നു.
പ്രോട്ടീൻ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. 100 ഗ്രാം വിത്തുകളിൽ 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ ബലത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്.കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും ഇത് സഹായിക്കുന്നു.ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. അവ വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ചിയ വിത്തുകളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഉത്തമമാണ്.ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പ്രായമാകുന്നതിനും ക്യാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. ചിയയിൽ കലോറിയും കുറവാണ്.
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിൽ സഹായിക്കുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ചിയ വിത്തുകൾ തടി കുറക്കുമോ?
ഏതെങ്കിലുമൊരു ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യൻ നടാഷ മോഹൻ. പകരം ആ ഭക്ഷണം ഹൈപ്പോകലോറിക് ഡയറ്റിൽ ഉൾപ്പെടുത്തി വ്യായാമം ചെയ്യുന്നതായിരിക്കും ഗുണകരമെന്നും അവർ പറയുന്നു. അതായത് ചിയ വിത്ത് കഴിച്ചത് കൊണ്ട് മാത്രം ഒരാളുടെ ശരീരഭാരം കുറയില്ല. പകരം ഭര്ഷണകാര്യത്തിൽ കൃത്യത പുലർത്തുകയും അതോടൊപ്പം തന്നെ കൃത്യമായ വ്യായാമം ചെയ്യുകയും വേണം.












Click it and Unblock the Notifications