മുടി കൊഴിച്ചലാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം? കൊഴിച്ചൽ പിടിച്ച് നിർത്താൻ 8 പരിഹാരങ്ങൾ
മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചൽ. എന്തൊക്കെ ചെയ്തിട്ടും പ്രശ്ന പരിഹാരം സാധ്യമാകുന്നില്ലെന്ന് വിഷമിക്കുന്നവരും കുറവല്ല. ഇക്കൂട്ടരിൽ പലരും വിപണിയിലെ വിലയേറിയ ഉത്പന്നങ്ങൾ വാങ്ങി തലയിൽ പരീക്ഷിക്കുന്നവരായിരിക്കും. എന്നാൽ ഇനി ഇത്തരം ഉത്പന്നങ്ങളോട് 'നോ' പറയാം. പകരം അടുക്കളയിൽ തന്നെയുള്ള ചില കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം
ഉള്ളി നീര്- ഉള്ളി വാങ്ങാത്ത വീടുകൾ ഉണ്ടോ അല്ലേ? സൾഫർ സംയുക്തങ്ങൾ ധാരാളം അടങ്ങിയ ഉള്ളിമുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഉള്ളി നീര് നേരിട്ട് തലയിൽ തേച്ചാലും എണ്ണയിൽ ഒഴിച്ച് കാച്ചിയെടുത്ത് മുടിയിൽ തേച്ചാലും ഉത്തമമാണ്.

മുട്ട-മുട്ടയിൽ പ്രോട്ടീനും ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടി ആരോഗ്യകരമായി വളരാൻ സഹായിക്കുന്നു. ഒരു മുട്ട ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയുക.
ഉലുവ-ഉലുവയിൽ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ തടഞ്ഞ് മുടി തഴച്ച് വളരാൻ സഹായിക്കുന്നു. ഇനി ഉപയോഗിക്കേണ്ട രീതി നോക്കാം- ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത് നന്നായി അരച്ചെടുക്കണം. ഇത് തലയിൽ 30 മിനിറ്റോളം തേച്ച് വെച്ച് കഴുകിക്കളയാം.
കറിവേപ്പില-ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും കൊണ്ട് സമ്പന്നമാണ് കറിവേപ്പില. ഇവ മുടികൊഴിച്ചലിന് പെട്ടെന്ന് പരിഹാരം ഉണ്ടാക്കുന്നു. വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം തണുക്കാൻ അനുവദിക്കാം. അതിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.
ഗ്രീൻ ടീ-ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ തിളപ്പിച്ച് തണുപ്പിച്ച ശേഷം അവ തലയോട്ടിയിൽ നേരിട്ട് പുരട്ടാം. കുറഞ്ഞത് ഒരു മണിക്കൂറോളം തേച്ച് വെച്ച് കഴുകിക്കളയാം.
തൈര്-തൈരിൽ അടങ്ങിയ പ്രോബയോട്ടിക്‌സ് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തേനും തൈരും നന്നായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം.
ബീട്ട്റൂട്ട്- മുടിവളരാൻ സഹായിക്കുന്ന അയൺ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീട്ടുറൂട്ട്. ബീട്ടുറൂട്ട് നീരിൽ അൽപം തേൻ ചേർത്ത് യോജിപ്പിച്ച ശേഷം കഴുകിക്കളയാം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തലയിൽ തേച്ച് പിടിപ്പിക്കണം.
നെല്ലിക്ക-വിറ്റാമൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് മുടി കൊഴിച്ചൽ തടയുക മാത്രമല്ല മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയിൽ നെല്ലിക്ക ചേർത്ത് തിളപ്പിച്ചെടുത്ത് തലയിൽ ചേർത്ത് പിടിപ്പിച്ച് കഴുകിക്കളയാം.












Click it and Unblock the Notifications