നിങ്ങള്‍ക്ക് മൈഗ്രേനാണോ സാദാ തലവേദനയാണോ? തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതാ ചില വഴികള്‍
എല്ലാ ആളുകളെയും ഒരു പോലെ ബാധിക്കുന്ന ഒരു ശാരീരിക പ്രശ്‌നമാണ് തലവേദന. തലവേദന ഉണ്ടാകാന്‍ കാരണമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. പലപ്പോഴും ബാം പുരട്ടുകയോ അല്‍പനേരം കിടക്കുക്കുയോ ചെയ്യുമ്പോള്‍ തലവേദന കുറയാറുണ്ട്. എന്നാല്‍ എല്ലാ തലവേദനകളും ഒരു പോലെയല്ല. നീണ്ടു നില്‍ക്കുന്ന തലവേദനകളെ അവഗണിക്കുകയും അരുത്.
തലവേദനകളിലെ പ്രശ്‌നക്കാരനാണ് മൈഗ്രേന്‍. ഇത് പലപ്പോഴും സാധാരണ തലവേദനയുമായി കണ്‍ഫ്യൂഷന്‍ ആകാറുണ്ട്. കാഴ്ച മങ്ങുന്നതും ഛര്‍ദിക്കാനും തലകറക്കവും തോന്നുന്നതും പ്രകാശത്തോടും ശബ്ദത്തോടും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുമൊക്കെ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. തലയുടെ ഒരു വശത്ത് തീവ്രമായ വേദനയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും. കൃത്യമായ രോഗനിര്‍ണയത്തിലൂടെയും ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെയും മൈഗ്രേന്‍ വരുന്നത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും.

അതേസമയം മൈഗ്രേനെ അപേക്ഷിച്ച് സാധാരണ തലവേദന തലയ്ക്ക് ചുറ്റും നേരിയ സമ്മര്‍ദമായിട്ടാണ് അനുഭവപ്പെടുക. മൈഗ്രേന്‍ നാലു മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. പിന്നീട് കുറയും. ആര്‍ത്തവം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ചില ഭക്ഷണപാനീയങ്ങള്‍, ഉറക്കമില്ലായ്മ, നിര്‍ജ്ജലീകരണം എന്നിവയൊക്കെ മൈഗ്രേന് കാരണമാകും.
ഡോക്ടറെ എപ്പോള്‍ കാണണം
കഠിനമായ തലവേദന തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടുക. കാഴ്ചയിലെ മാറ്റങ്ങള്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലുള്ള തലവേദന, തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുള്ള തലവേദന എന്നിവയൊക്കെ ഡോക്ടറെ കാണിക്കേണ്ടതാണ്.
ഛര്‍ദില്‍ തടയുന്ന മരുന്നുകള്‍, ജീവിതശൈലിയിലെ ഗുണകരമായ മാറ്റങ്ങള്‍, ശരിയായ ഭക്ഷണക്രമം, ആവശ്യത്തിന് വെള്ളം കുടിക്കുക, എട്ടു മണിക്കൂര്‍ ഉറക്കം എന്നിവയിലൂടെ മൈഗ്രേന്‍ ഒഴിവാക്കാനാകും. ധ്യാനം അല്ലെങ്കില്‍ യോഗ പോലുള്ളവ പതിവാക്കുന്നതും തലവേദന കുറയ്ക്കും.












Click it and Unblock the Notifications