രാവിലെ എണീക്കുമ്പോള്‍ തന്നെ ഗ്യാസിന്റെ പ്രശ്‌നമാണോ? പെട്ടെന്നുള്ള ആശ്വാസത്തിന് ഈ വീട്ടുവൈദ്യങ്ങള്‍
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ നിരവധിയാണ്. ഇതൊരു വലിയ ആരോഗ്യ പ്രശ്‌നം അല്ലെങ്കിലും അന്നത്തെ ദിവസത്തിന്റെ ഊര്‍ജം മൊത്തം നഷ്ടപ്പെടുത്താന്‍ ഇതു പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കു കഴിയും. ഇത്തരം ദഹന പ്രശ്‌നങ്ങളുടെ തീവ്രത പലരിലും ഏറിയും കുറഞ്ഞും ഇരിക്കും. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റിയും ഗ്യാസുമൊക്കെ അനുഭവപ്പെടുന്നത്. തലേ ദിവസം രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നതും വൈകി ഭക്ഷണം കഴിക്കുന്നതും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.
രാവിലെ അനുഭവപ്പെടുന്ന അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് എളുപ്പം ആശ്വാസം നേടാന്‍ അടുക്കളയിലെ ചില വീട്ടുവൈദ്യങ്ങളെ ആശ്രയിക്കാവുന്നതാണ്. ദഹനവ്യവസ്ഥയെ സുഗമമാക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഈ ലളിതമായ പ്രതിവിധികള്‍ ഫലപ്രദമാണ്.

നാരങ്ങ ചേര്‍ത്ത ചെറു ചൂടുവെള്ളം
ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളത്തില്‍ കുറച്ച് തുള്ളി നാരങ്ങാനീര് ചേര്‍ത്ത് രാവിലെ കുടിക്കുന്നത് ഉത്തമമാണ്. ഇത് ദഹനത്തെ ഉത്തേജിപ്പിക്കാനും വയറ്റിലെ ആസിഡ് നില സന്തുലിതമാക്കാനും സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കാനും ഫലപ്രദമാണ്.
പെരുംജീരകം
ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാനും ഗ്യാസ്, വയറു വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പെരുംജീരകത്തിന് പ്രത്യേക കഴിവുണ്ട്. ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ രാവിലെ വെറും വയറ്റിലോ ഒരു ടീസ്പൂണ്‍ പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കും. അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.
ഇഞ്ചി ചായ
ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ദഹനത്തിന് വളരെ മികച്ചതാണ്. ഒഴിഞ്ഞ വയറ്റില്‍ ഇഞ്ചി ചായ കുടിക്കുന്നത് കുടലിന് ഗുണം ചെയ്യും. ഗ്യാസ്, ഛര്‍ദ്ദില്‍, വയറു വീര്‍ക്കല്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ ജ്യൂസ്
പ്രഭാത ഭക്ഷണത്തിന് മുമ്പ് ചെറിയ അളവില്‍ (ഏകദേശം 1-2 ടേബിള്‍സ്പൂണ്‍) കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് ആമാശയത്തെ സംരക്ഷിക്കാനും ഗ്യാസിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കും. കറ്റാര്‍വാഴ വയറിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും.
വാഴപ്പഴം
വാഴപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പപ്പായ
പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍ എന്ന ദഹന എന്‍സൈം പ്രോട്ടീനുകളെ വേഗത്തില്‍ വിഘടിക്കാന്‍ സഹായിക്കുന്നു. ഇത് വയറുവേദനയും അസിഡിറ്റിയും കുറയ്ക്കാന്‍ സഹായിക്കും.












Click it and Unblock the Notifications