ദേഷ്യപ്പെടുമ്പോള്‍ 30 സെക്കന്‍ഡിനുള്ളില്‍ ശരീരത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയുമോ? പണി മേടിക്കരുത്
ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുന്നവര്‍ ഇന്ന് നമുക്കിടയില്‍ ഒരുപാടുണ്ട്. വീട്ടിലെ പ്രശ്‌നങ്ങള്‍, ജോലി സമ്മര്‍ദം, സാമ്പത്തിക-മാനസിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണങ്ങളാണ്. പക്ഷേ ഈ കോപം ശരീരത്തില്‍ പെട്ടെന്നുള്ള പ്രതികരണങ്ങളുണ്ടാക്കും. ഇത് പലപ്പോഴും ശരീരത്തിന് ദോഷം ചെയ്യും.
അമിതമായി ദേഷ്യം വരുമ്പോള്‍ നിമിഷങ്ങള്‍ക്കകം തലച്ചോറ് ഭീഷണി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സജ്ജമാകും. ശരീരത്തിലെ ഹോര്‍മോണുകള്‍ വര്‍ധിക്കും. ഹൃദയമിടിപ്പും ശ്വാസവും മാറും. പേശികള്‍ മുറുകി ശ്രദ്ധയെ ചുരുക്കും. ഇത് സംസാരിക്കുന്നതിന് മുന്‍പു തന്നെ സംഭവിക്കും. ദേഷ്യപ്പെടുമ്പോള്‍ തലച്ചോറിലെ അമിഗ്ഡാലയാണ് ആദ്യം പ്രതികരിക്കുന്നത്. തലച്ചോറിന്റെ ഇരുവശത്തുമുള്ള ബദാം ആകൃതിയിലുള്ള ഒരു ഭാഗമാണ് അമിഗ്ഡാല. ഇത് പ്രധാനമായും ദേഷ്യം, ഭയം ഉള്‍പ്പെടെയുള്ള വികാരങ്ങളെ നിയന്ത്രിക്കുന്നു.
ചിന്തിക്കാനുള്ള സമയം കിട്ടുന്നതിന് മുന്‍പ് അമിഗ്ഡാല പ്രവര്‍ത്തിച്ചുതുടങ്ങും. ബോധ ചിന്തകളേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവ ശരീരത്തെ പോരാടാനോ പലായനം ചെയ്യാനോ ഒരുക്കുന്നു. ദേഷ്യപ്പെട്ട് ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ഹൃദയമിടിപ്പ് കൂടും. ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങി ചിലപ്പോള്‍ മുഖം ചുവക്കുകയോ വിളറുകയോ ചെയ്യാം. ശ്വാസമെടുപ്പ് വേഗത്തിലാകും. പ്രധാന പേശികളിലേക്ക് രക്തയോട്ടം കൂടും.

കോപം തുടരുകയാണെങ്കില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ രക്തത്തില്‍ കലരും. കോപം നീണ്ടു നിന്നാല്‍ കോര്‍ട്ടിസോള്‍ കൂടാനും ദഹനം, പ്രതിരോധശേഷി, രക്തത്തിലെ ഷുഗറിന്റെ അളവ് എന്നിവയെ ബാധിക്കാനും ഇടയുണ്ട്.
കോപം താടി, കഴുത്ത്, തോളുകള്‍ എന്നിവിടങ്ങളിലെ പേശികളെ മുറുക്കും. കൈകള്‍ മുറുക്കി ശരീരഭാഷ കടുപ്പിക്കുമ്പോള്‍ പിരിമുറുക്കം വര്‍ധിച്ച് തലവേദനയോ നടുവേദനയോ വരാം. കടുത്ത കോപമുള്ള ചിലര്‍ക്ക് അസ്വസ്ഥതയോ മനംപിരട്ടലോ അനുഭവപ്പെടാറുണ്ട്.
ദേഷ്യപ്പെടുന്ന സമയത്ത് തലച്ചോറിന്റെ ചിന്തിക്കുന്ന ഭാഗം മന്ദഗതിയിലാകും. വിവേചന ശക്തിക്ക് സഹായിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് കുറഞ്ഞ അളവില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. തുടര്‍ന്ന് ശ്രദ്ധിക്കാതെ കടുത്ത വാക്കുകള്‍ പറയാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു.
ചെറിയ കോപം സാഹചര്യം മാറുമ്പോള്‍ കെട്ടടങ്ങുകയും ശരീരം സന്തുലിതാവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ തുടര്‍ച്ചയായ കോപം സമ്മര്‍ദ സംവിധാനങ്ങളെ സജീവമായി നിര്‍ത്തുന്നു. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും ക്ഷീണിപ്പിക്കുകയും ഉറക്കത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
സാവധാനത്തിലുള്ള ശ്വാസമെടുപ്പും സംസാരം നിര്‍ത്തുന്നതും കോപത്തിന്റെ തീവ്രത കുറയ്ക്കും. ഈ മാര്‍ഗങ്ങള്‍ സമ്മര്‍ദ ഹോര്‍മോണ്‍ പുറത്തുവിടുന്നതും പേശികളുടെ പിരിമുറുക്കവും കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ കോപത്തിന്റെ തീവ്രത കുറയ്ക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications