ഗൂഗിളിൽ നോക്കി സ്വയം ചികിത്സിക്കുന്നവരാണോ? ഇക്കാര്യം അറിയണം..ഡോക്ടർ പറയുന്നു

മുൻപൊക്കെ രോഗലക്ഷണം ഉണ്ടായാൽ നേരെ ഡോക്ടറെ കാണുന്നതായിരുന്നു നമ്മുടെ പതിവ്. എന്നാൽ ഇപ്പോഴോ? ഗൂഗിളിലോ അല്ലെങ്കിൽ ചാറ്റ് ജിപിടിയോ ജെമിനിയോ പോലുള്ള എഐ ടൂളുകളേയോ ആണ് നമ്മൾ ആദ്യം ആശ്രയിക്കുന്നത്. ഗൂഗിളിൽ തിരഞ്ഞ് രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കുന്നത് നല്ലത് തന്നെ. എന്നാൽ എഐ ഒരിക്കലും ഡോക്ടർ അല്ലെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് പറയുകയാണ് സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ആയ ഡോ ഇ ജോണ്‍ ജോസ്. ഗൂഗിളിൽ നോക്കിയുള്ള സ്വയം ചികിത്സ വരുത്തിവെക്കുന്ന അപകടങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

'ഒരാൾക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നു, അദ്ദേഹം ഉടൻ തന്നെ ഇത് സംബന്ധിച്ച് ഗൂഗിളിൽ തിരയുന്നു. നിമിഷങ്ങൾക്കകം പല കാരണങ്ങൾ സ്ക്രീനിൽ തെളിയും. ചിലത് നിസ്സാരമാകാം, ചിലത് ഗുരുതരമാകാം, ചിലത് അപൂർവ്വമാകാം, പലതും കേൾക്കാൻ ഒരേപോലെ തോന്നിപ്പിക്കുന്നവയുമാകാം.ശ്വാസതടസ്സം, തലകറക്കം, നെഞ്ചിടിപ്പ്, ക്ഷീണം, നീര്, വയറ്റിലെ അസ്വസ്ഥതകൾ, തലവേദന തുടങ്ങി എണ്ണമറ്റ മറ്റ് ലക്ഷണങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.

dr2-2460

സാധ്യതകൾ എന്താണെന്ന് പറയാൻ എഐക്ക് സാധിക്കും. എന്നാൽ വൈദ്യശാസ്ത്രം ഉത്തരം നൽകേണ്ടത് മറ്റൊരു വ്യത്യസ്ത ചോദ്യത്തിനാണ്. എന്താണ് രോഗിയുടെ യഥാർത്ഥ അവസ്ഥ എന്നതാണത്. എപ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്, ഈ ലക്ഷങ്ങൾ ഉണ്ടാകാനുള്ള കാരണം എന്താണ്, എന്തൊക്കെ ലക്ഷണങ്ങൾ ഇപ്പോഴുണ്ട്, രോഗിക്ക് മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ, എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ ,എന്താണ് പരിശോധനയിൽ തെളിഞ്ഞത് ഇതെല്ലാമാണ് ഡോക്ടമാർ പരിശോധിക്കുക. ഒരേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രണ്ട് രോഗികളുടെ രോഗാവസ്ഥ ചിലപ്പോൾ വ്യത്യസ്തമാകുകയും ചെയ്യാം. അതുകൊണ്ടാണ് പറയുന്നത്, ഗൂഗിളിൽ നിന്നും ലഭിക്കുന്നത് വിവരങ്ങൾ മാത്രമാണ് ചികിത്സയല്ല. ഒരു സെർച്ച് എഞ്ചിന് നിങ്ങളെ പരിശോധിക്കാൻ സാധിക്കില്ല, നിങ്ങളുടെ ഹൃദയവും പൾസും പറയുന്നത് എന്താണെന്ന് മനസിലാകില്ല, നിങ്ങളുടെ മുൻരോഗാവസ്ഥെ കുറിച്ച് അറിയില്ല.അതായത് നിങ്ങളുടെ രോഗാവസ്ഥയെ കുറിച്ചുള്ള പൂർണവിവരം ഗൂഗിളിന് മനസിലാകില്ല. വൈദ്യശാസ്ത്രം നിങ്ങളുടെ ലക്ഷണങ്ങൾ ഏതെങ്കിലും രോഗവുമായി സാമ്യം കണ്ടെത്തുകയല്ല ചെയ്യുന്നത്. മറിച്ച് ആ രോഗിയുടെ ശരിയായ അവസ്ഥ തിരിച്ചറിയുകയാണ്.

എഐ ടൂളുകൾ വന്നതോടെ നമ്മുടെ രോഗവിവര റിപ്പോർട്ടുകൾ പ്രധാനമായും സ്കാനിംഗ്, എക്സറെ ലാബ് റിപ്പോർട്ടുകൾ എന്നിവ എഐക്ക് നൽകി വിവരങ്ങൾ പരിശോധിക്കും. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇവയൊക്കെ നല്ലത് തന്നെ. എന്നാൽ വിവരം മനസിലാക്കുന്നതും വൈദ്യശാസ്ത്രപരമായ തീരുമാനം എടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതായത് ഒരു എഐ ടൂളിന് ആത്മവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്താൻ പാകത്തിലുള്ള മറുപടികൾ തരാൻ സാധിച്ചേക്കും. പക്ഷെ അതിനർത്ഥം ആ ഉത്തരം 100 ശതമാനം ശരിയാണെന്നല്ല.

നല്ല ചോദ്യങ്ങൾ പരിശോധന എളുപ്പമാക്കും, എന്നാൽ മുൻവിധികൾ പരിശോധനയെ തളർത്തും

ഗൂഗിളിൽ തിരയുകയും തനിക്ക് ഇത് ബാധകമാണോയെന്ന ചോദ്യം ഡോക്ടറോട് ചോദിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ എനിക്ക് രോഗം എന്താണെന്ന് മനസിലായി അതിനുള്ള മരുന്ന് തരൂ എന്ന് രോഗി പറയുന്നിടത്താണ് പ്രശ്നങ്ങൾ.

ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ തങ്ങളുടെ രോഗാവസ്ഥയ്ക്ക് ഉപയോഗിക്കേണ്ടതാണോയെന്നുള്ള 'ഗൂഗിൾ പരിശോധനകളും' പലരും നടത്താറുണ്ട്. പരിശോധന ഫലങ്ങൾ കണ്ട് ഈ മരുന്ന് നമ്മുക്ക് ആവശ്യമില്ലല്ലോയെന്ന് സ്ഥിരകരിക്കുന്നിടത്താണ് പ്രശ്നം.ആ മരുന്നിൻ്റെ പേരും അത് എന്തിനാണ് ഉപയോഗിക്കുന്നതെന്നും അടക്കമുള്ള കാര്യങ്ങൾ നമ്മൾ മനസിലാക്കിയിട്ടുണ്ടാകാം. എന്നാൽ എന്തുകൊണ്ട് നിങ്ങൾക്ക് അത് നൽകിയെന്നതെന്നത് ഡോക്ടർമാർക്ക് മാത്രമേ അറിയൂ, അവർ പരിശോധനയ്ക്ക് ശേഷമാണ് ആ മരുന്നുകൾ നിർദേശിക്കുന്നതെന്ന് രോഗികൾ മറക്കരുത്.

ഗൂഗിളിൽ നിന്ന് വിവരങ്ങൾ ലഭിക്കുമായിരിക്കും, എഐയ്ക്കും രോഗവിവരങ്ങളെ കുറിച്ച് നിങ്ങളെ മനസിലാക്കി തരാൻ കഴിയുമായിരിക്കും. എന്നാൽ അറിവോടേയും വിവേകത്തോടേയും വിവരങ്ങൾ മനുഷ്യത്വപരമായും കൈകാര്യം ചെയ്യുമ്പോൾ മാത്രമാണ് യഥാർത്ഥ രോഗശാന്തി ആരംഭിക്കുന്നത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma