രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടോ? നിസാരമായി കാണരുതേ. ഈ രോഗങ്ങളുടെ സൂചനയാവാം
രാത്രിയില്‍ ശരീരം അമിതമായി വിയര്‍ക്കുന്നത് പലപ്പോഴും സ്വാഭാവികമെന്ന് കരുതുന്നവരാണ് നാം. എന്നാല്‍ ഈ പ്രവണത തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതു നിസാരമായി തള്ളിക്കളയരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ അപകടകരമായ രോഗങ്ങളുടെ മുന്നറിയിപ്പാകാം ഈ അമിത വിയര്‍പ്പ്. ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇത് അവഗണിക്കുന്നത് ഗുരുതര രോഗങ്ങളുടെ ചികിത്സ വൈകിപ്പിക്കും.
ചൂട്, എരിവുള്ള ഭക്ഷണം, കട്ടിയുള്ള പുതപ്പുകള്‍ എന്നിവ കാരണം വിയര്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ കാരണമില്ലാതെ വസ്ത്രങ്ങളും കിടക്കവിരികളും തുടര്‍ച്ചയായി നനയുന്ന അമിത വിയര്‍പ്പ് ശ്രദ്ധിക്കുക. ഇത് അണുബാധ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ ചില കാന്‍സറുകള്‍ എന്നിവയുടെ സാധ്യതയാകാം.
തുടര്‍ച്ചയായിട്ടാണോ വിയര്‍ക്കുന്നത്, മുറിയിലെ താപനില, കഴിക്കുന്ന മരുന്നുകള്‍, സമ്മര്‍ദം, പനി, ചുമ പോലുള്ള മറ്റ് ലക്ഷണങ്ങള്‍ എന്നിവ ഡോക്ടര്‍മാരെ അറിയിക്കുന്നത് പരിശോധനകള്‍ തീരുമാനിക്കാനും രോഗത്തിന്റെ തീവ്രത മനസിലാക്കാനും സഹായിക്കും. രാത്രി അമിതമായി വിയര്‍ക്കുന്നതു സംബന്ധിച്ച് അടിയന്തര ശ്രദ്ധ വേണ്ട അഞ്ച് പ്രധാനപ്പെട്ട സൂചനകള്‍ ഇതാ:

കഠിനമായ പനി, വിറയല്‍, ശരീരവേദന, നീണ്ടു നില്‍ക്കുന്ന ചുമ എന്നിവയോടൊപ്പം രാത്രി വിയര്‍പ്പുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് ക്ഷയം, ന്യൂമോണിയ, ഡെങ്കിപ്പനി പോലുള്ള അണുബാധയുടെ സൂചനയാകാം. ഉടന്‍ വൈദ്യസഹായം തേടണം. കാരണമില്ലാതെ ഭാരം കുറയുന്നതും വസ്ത്രങ്ങള്‍ അയയുന്നതും ശ്രദ്ധിക്കുക. അതിനൊപ്പം ക്ഷീണവും തളര്‍ച്ചയും കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളില്‍ കഴലവീക്കവും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ലിംഫോമ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം ഇത്.
രാത്രിയില്‍ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ ഉണ്ടാകുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമാവുകയോ ചെയ്യാം. തണുത്ത മുറിയിലും വിയര്‍ക്കുന്നത് ഹൃദയത്തിനോ ശ്വാസകോശത്തിനോ ഉണ്ടാകുന്ന പ്രശ്‌നത്തിന്റെ ലക്ഷണമാകാം. ശ്വാസമെടുക്കാന്‍ പ്രയാസമാണെങ്കില്‍ അടിയന്തര പരിചരണം തേടുക.
പ്രമേഹമുള്ളവരില്‍ രാത്രി വിയര്‍പ്പ്, വിറയല്‍, വിശപ്പ്, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെട്ടാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിന്റെ ലക്ഷണമാണ്. കഠിനമായ ഹൈപ്പോഗ്ലൈസീമ ഫിറ്റ്‌സ്, ബോധക്ഷയം, മസ്തിഷ്‌ക ക്ഷതം എന്നിവയ്ക്ക് കാരണമാവാം. അടിയന്തര ചികിത്സ അനിവാര്യമാണ്.
തൈറോയ്ഡ്/ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിയര്‍പ്പുണ്ടാകാം. വേഗത്തിലുള്ള ഹൃദയമിടിപ്പ്, ചൂട് സഹിക്കാനാവാത്ത അവസ്ഥ, കൈവിറയല്‍ എന്നിവ ഇതില്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ തൈറോയ്ഡ്, ഹോര്‍മോണ്‍ നിലകള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കും. അമിതമായി വിയര്‍പ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുന്നതിനേക്കാള്‍ നേരത്തെയുള്ള ചികിത്സ മികച്ച ഫലം നല്‍കും. രക്തപരിശോധന, പഞ്ചസാര നിലയുടെ, എക്‌സ്-റേ, തൈറോയ്ഡ് ടെസ്റ്റുകള്‍, ബയോപ്‌സി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം.












Click it and Unblock the Notifications