ഒരേ ചീർപ്പ് തന്നെയാണോ മുടി ചീകാൻ ഉപയോഗിക്കുന്നത്? എത്ര നാൾ കൂടുമ്പോൾ ചീർപ്പ് മാറ്റണം?
വീട്ടിലെ ബെഡ്ഷീറ്റും തോർത്തും ഒക്കെ നമ്മൾ ഇടയ്ക്കിടെ മാറ്റാറുണ്ട്. എന്നാൽ തലമുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പ് ഇങ്ങനെ മാറ്റാറുണ്ടോ? ഇല്ലെന്ന് വേണം പറയാൻ.
പലരും വർഷങ്ങളോളം ഒരേ ചീർപ്പ് തന്നെയാണ് മുടിയിൽ ഉപയോഗിക്കുന്നത്. തലമുടിയിലെ എണ്ണമയം, ക്രീമുകൾ, പൊടിപടലങ്ങൾ എന്നിവയെല്ലാം കാലങ്ങളോളം ഈ ചീർപ്പിലും കാണും. നിങ്ങൾക്ക് മുടി കൊഴിയാൻ ഈ ചീർപ്പ് കൂടി കാരണമാകുന്നുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?
മുടി ചീകുന്ന ചീർപ്പ് മാറ്റാറായോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ചീർപ്പിന്റെ പല്ലുകൾ ഒടിയുകയോ വളയുകയോ മറ്റോ ചെയ്താൽ ചീർപ്പ് മാറ്റാൻ സമയമായി എന്നാണ് അർത്ഥം. കാരണം ഈ ചീർപ്പ് കൊണ്ട് സുഗമമായി മുടി ചീകാൻ കഴിയില്ല കേടായ പല്ലുകൾ മുടിയിൽ കുരുങ്ങുകയും മുടി വലിഞ്ഞുപൊട്ടാൻ കാരണമാകുകയും ചെയ്യും.

നല്ലൊരു ചീർപ്പ് മുടിയിലെ കെട്ടുകൾ എളുപ്പത്തിലും വേദനയില്ലാതെയും അഴിച്ചുതരും. എന്നാൽ ചീർപ്പിന്റെ പല്ലുകളുടെ നീളം വ്യത്യാസപ്പെടുകയോ അവ കേടാകുകയോ ചെയ്യുമ്പോൾ മുടി ചീകുമ്പോൾ കുരുങ്ങുകയും വലിഞ്ഞുപൊട്ടുകയും ചെയ്യും. ഉടനെ ചീർപ്പ് മാറ്റുക.
സ്ഥിരമായി ചീർപ്പ് ഉപയോഗിക്കുമ്പോൾ തലയിലെ എണ്ണമയം, പൊടികൾ, ഹെയർ സ്പ്രേ, ഷാമ്പൂവിന്റെ അവശിഷ്ടങ്ങൾ, എന്നിവ അതിൽ അടിയും. ഇത് പതിവായി കഴുകി വൃത്തിയാക്കേണ്ടതുണ്ട് . ഇത്തരം അഴുക്കുകൾ ചീർപ്പിന്റെ പല്ലുകളിൽ ഒട്ടിപ്പിടിക്കുകയും കഴുകിയാൽ പോകാതാവുകയും ചെയ്താൽ പുതിയത് വാങ്ങുന്നതാണ് നല്ലത്.
റബ്ബർ പാഡ് അല്ലെങ്കിൽ കുഷ്യൻ ഉള്ള ചീർപ്പുകളുടെ അടിഭാഗം പരിശോധിക്കുക. ഈ ഭാഗത്ത് വിള്ളലുകൾ വീഴുകയോ തോൽ പൊളിയുകയോ ചെയ്താൽ ചീർപ്പ് മാറ്റി പുതിയത് വാങ്ങണം. ഇനി ഇതൊന്നും ഇല്ലെങ്കിലും 6 മാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കൽ ചീർപ്പ് മാറ്റുന്നതാണ് നല്ലത്. നല്ല ഗുണനിലവാരമുള്ള ചീർപ്പുകൾ വൃത്തിയാക്കി സൂക്ഷിച്ചാൽ കൂടുതൽ കാലം നിൽക്കും. എന്നാൽ ഗുണനിലവാരം കുറഞ്ഞ ചീർപ്പുകൾ പെട്ടെന്ന് കേടാകും.


Click it and Unblock the Notifications
