Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മരത്തിൽ കായ്ക്കുമോ? ഗവേഷകരുടെ കണ്ണ് മഞ്ഞളിപ്പിച്ച കണ്ടെത്തൽ, ഇലകളിൽ സ്വർണ കണികകൾ!

സ്വർണം കായ്ക്കുന്ന മരം എന്നൊക്കെയുളള പ്രയോഗങ്ങൾ നമ്മൾ കേട്ടിട്ടുളളതാണ്. സ്വർണത്തിന്റെ വില 1 ലക്ഷത്തിലേക്ക് അടുക്കുന്ന ഈ കാലത്ത് ശരിക്കും മരത്തിൽ സ്വർണം കായ്ച്ചാൽ എങ്ങനെയിരിക്കും? ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്.

മരങ്ങളിൽ സ്വർണ്ണം കായ്ക്കില്ലായിരിക്കാം, പക്ഷേ ഫിൻലൻഡിൽ നിന്നുള്ള ഒരു പുതിയ പഠനം പ്രകൃതിയിൽ സമാനമായ ചില കണ്ടെത്തലുകളിലേക്ക് വിരൽ ചൂണ്ടുന്നു. വടക്കൻ ഫിൻലൻഡിലെ സ്പ്രൂസ് മരങ്ങളിൽ ഗവേഷകർ നടത്തിയ പഠനത്തിൽ, ഈ മരങ്ങളുടെ ഇലകളിൽ വളരെ ചെറിയ സ്വർണ്ണ കണികളാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ കണികകൾ മരങ്ങളിലെ സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ് രൂപപ്പെടുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഓഫ് ഔലുവും ജിയോളജിക്കൽ സർവേ ഓഫ് ഫിൻലൻഡും ചേർന്നാണ് ഈ പഠനം നടത്തിയത്. മണ്ണിൽ ലയിച്ചുചേർന്ന സ്വർണ്ണത്തെ, ചില ബാക്ടീരിയകൾ മരങ്ങളിലെ സൂചികളിൽ ഖരരൂപത്തിലുള്ള കണികകളാക്കി മാറ്റുന്നുവെന്ന് പഠനം പറയുന്നു.

trees

കൂടുതൽ പരിസ്ഥിതി സൗഹൃദമായ സ്വർണ്ണ പര്യവേഷണത്തിനുള്ള പുതിയ സാധ്യതകളാണ് ഈ കണ്ടെത്തൽ തുറന്നുതരുന്നത്. സൂക്ഷ്മാണുക്കൾ ഭൂമിയുടെ രാസഘടനയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ശാസ്ത്രം ഇപ്പോൾ മാത്രമാണ് മനസ്സിലാക്കി തുടങ്ങുന്നതെന്നും ഇത് വ്യക്തമാക്കുന്നു.

നോർവേ സ്പ്രൂസ് മരങ്ങളിൽ കാണുന്ന വിവിധതരം സൂക്ഷ്മാണുക്കൾ അവയുടെ ഇലകളിലെ രാസപ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഡിഎൻഎ സീക്വൻസിംഗ് വഴി P3OB-42, ക്യുട്ടിബാക്ടീരിയം, കോറിനെബാക്ടീരിയം തുടങ്ങിയ ചില ബാക്ടീരിയൽ ഗ്രൂപ്പുകൾക്ക് സ്വർണ്ണ നാനോപാർട്ടിക്കിളുകൾ അടങ്ങിയ ഇലകളിൽ സാന്നിധ്യം കൂടുതലായിരുന്നുവെന്ന് കണ്ടെത്തി. ഈ സൂക്ഷ്മാണുക്കൾ ബയോഫിലിമുകളായി ജീവിക്കുകയും, ലയിച്ച സ്വർണ്ണത്തെ ഖരരൂപത്തിലുള്ള നാനോ കണികകളാക്കി മാറ്റി ഇലകളിൽ ബന്ധിപ്പിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

മണ്ണിലുള്ള സ്വർണ്ണം വെള്ളത്തിലൂടെ ലയിച്ച രൂപത്തിൽ വേരുകളിലേക്ക് പ്രവേശിക്കുകയും പിന്നീട് ഇലകളിലേക്കും നാരുകളിലേക്കും എത്തുകയും ചെയ്യുന്നു. അവിടെ, സൂക്ഷ്മാണുക്കളുടെ ബയോഫിലിമുകൾ രൂപപ്പെടുത്തുന്ന സാഹചര്യങ്ങൾ സ്വർണ്ണത്തെ ഖരരൂപത്തിലുള്ള കണികകളാക്കി മാറ്റാൻ സഹായിക്കുന്നു. ജലപാതകൾ, ഇലകളിലെ സൂക്ഷ്മാണു സമൂഹം, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെല്ലാം കാരണമാണ് എല്ലാ മരങ്ങളിലും ഇത്തരത്തിൽ സ്വർണ്ണ കണികകൾ കാണാത്തതിന് കാരണം.

സ്വർണ്ണ പര്യവേഷണം സാധാരണഗതിയിൽ ഡ്രില്ലിംഗിനെയും രാസസർവേകളെയും ആശ്രയിച്ചാണ് നടക്കുന്നത്. സ്വർണ്ണത്തിന്റെ സാന്നിധ്യവുമായി ബന്ധമുള്ള സൂക്ഷ്മാണുക്കളെ മനസ്സിലാക്കുന്നത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ് രീതികൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ഇത് അനാവശ്യമായ ഡ്രില്ലിംഗ് കുറയ്ക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനും സഹായിക്കും.

പ്രാഥമിക കണ്ടെത്തലുകളാണെങ്കിലും, പ്രകൃതിയിൽ ധാതുക്കൾ എങ്ങനെ രൂപപ്പെടുന്നു എന്ന് മനസ്സിലാക്കാൻ മരങ്ങളിലെ സൂക്ഷ്മാണുക്കൾക്ക് പ്രധാന പങ്കുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങളെ നിയന്ത്രിത സാഹചര്യങ്ങളിൽ പരീക്ഷിക്കാനും, കാലാവസ്ഥാ മാറ്റങ്ങളും ഭൂഗർഭജലത്തിന്റെ സ്വാധീനവും പഠിക്കാനും, മറ്റ് സസ്യങ്ങളിലേക്കും ധാതു നിക്ഷേപങ്ങളിലേക്കും ഗവേഷണം വ്യാപിപ്പിക്കാനും ഭാവി പഠനങ്ങൾ ലക്ഷ്യമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+