കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മുടി കൊഴിച്ചിലും കൂടുന്നോ? മുടി വളരാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് മുടികൊഴിച്ചിൽ കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടി കൊഴിയുന്നതിന് നമ്മൾ തേക്കുന്ന എണ്ണയിലെ പ്രശ്നങ്ങളോ ഷാമ്പൂവിലെ പ്രശ്നങ്ങളോ മാത്രമല്ല കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ മുടിക്ക് ആവശ്യമുളള പോഷകങ്ങൾ ഇല്ലാത്തതും ഒരു കാരണമാണ്.
തലയിൽ നമ്മൾ എന്തൊക്കെ പരീക്ഷിക്കുന്നോ അതിലും പ്രധാനമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. മുടിയുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ ഇവയാണ്.
1. മുട്ട
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ് പ്രോട്ടീനും ബയോട്ടിനും. മുട്ടയിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ ബയോട്ടിൻ കെരാറ്റിൻ ഉൽപ്പാദനത്തിന് സഹായിക്കുകയും മുടിയുടെ വേരുകൾക്ക് ബലം നൽകുകയും ചെയ്യുന്നു. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

2. ചീരയും ഇലക്കറികളും
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ചീരയും ഇലക്കറികളും പോഷകങ്ങളുടെ കലവറയാണ് . ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് മുടികൊഴിച്ചിലിന് വലിയൊരു കാരണമാണ്. ചീരയിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമുണ്ട്. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും വർദ്ധിപ്പിക്കുന്നു.
3. കൊഴുപ്പുള്ള മത്സ്യങ്ങൾ
മത്തി, അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ-3 മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. ഇത് മുടിക്ക് നല്ല തിളക്കവും കരുത്തും നൽകാൻ സഹായിക്കും.
4. നട്സും വിത്തുകളും
ബദാം, വാൽനട്ട്, ചിയ സീഡ്സ് , മത്തങ്ങാ വിത്തുകൾ, ഫ്ലാക്സ് സീഡ്സ് എന്നിവ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും ഒരു ചെറിയ പിടി നട്സോ വിത്തുകളോ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, ഒമേഗ-3 എന്നിവ മുടി കൊഴിച്ചിൽ ചെറുക്കുന്നു.
5. നെല്ലിക്കയും സിട്രസ് പഴങ്ങളും
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക. വിറ്റാമിൻ സി ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെ ഓറഞ്ച്, പേരയ്ക്ക, സ്ട്രോബെറി എന്നിങ്ങനെയുളള പഴങ്ങളിലും. മുടിയെ ബലപ്പെടുത്തുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്.



Click it and Unblock the Notifications
