പഴത്തൊലി ഇനി കളയല്ലേ; മുഖ സൗന്ദര്യം വർധിപ്പിക്കാൻ അത്യുത്തമം
ശരീരത്തിന് ഏറെ നല്ലതാണ് വാഴപ്പഴം കഴിക്കുന്നത്. ആരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, മഗ്നീഷ്യം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ആളുകളും പഴം കഴിച്ച ശേഷം അതിന്റെ തൊലി കളയാറാണ് പതിവ്. എന്നാൽ തൊലിയുടെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ പിന്നെ ഒരിക്കലും അത് നിങ്ങൾ വലിച്ചെറിയില്ല. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പഴത്തൊലി. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇവ ചർമ്മത്തിന് തിളക്കം നൽകാനും മുഖ സൗന്ദര്യം വർധിപ്പിക്കാനും ഉത്തമമാണ്.
മുഖക്കുരുവിനും പാടുകൾക്കും പരിഹാരം
ഇതിലെ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരുവിൻ്റെ വീക്കം കുറയ്ക്കുന്നതിനും പാടുകൾ മങ്ങുന്നതിനും സഹായിച്ചേക്കാം. പഴത്തിന്റെ തൊലിയുടെ ഉൾഭാഗം മുഖക്കുരു ഉള്ള ഭാഗത്ത് മൃദുവായി ഉരസുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ചർമ്മത്തിന് ഈർപ്പം നൽകുന്നു
വാഴപ്പഴത്തൊലിയിൽ പൊട്ടാസ്യം, ഈർപ്പം നൽകുന്ന മറ്റ് പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട ചർമ്മത്തെ മൃദുവാക്കാനും ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു. ല്യൂട്ടിൻ പോലുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് വൈകിപ്പിക്കുകയും ചെയ്യും.
പല്ലിലെ മഞ്ഞനിറം മാറ്റാനും പഴത്തൊലി സഹായിക്കും. തൊലിയുടെ ഉൾഭാഗം കൊണ്ട് ദിവസവും രണ്ട് മിനിറ്റ് പല്ല് തേയ്ക്കാവുന്നതാണ്. തൊലിയിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ പല്ലിലെ മഞ്ഞനിറം മാറ്റാൻ സഹായിക്കും. കൂടാതെ കൊതുകോ മറ്റ് പ്രാണികളോ കടിച്ച ഭാഗത്ത് പഴത്തൊലി ഉരസുന്നത് ചൊറിച്ചിലും വേദനയും പെട്ടെന്ന് കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തൊലിയുടെ തണുത്ത ഭാഗം കണ്ണുകൾക്ക് താഴെ വെക്കുന്നത് വീക്കവും ക്ഷീണവും കുറയ്ക്കാൻ സഹായിക്കും.
(എന്തെങ്കിലും തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡെർമറ്റോളജിസ്റ്റിന്റെ (ചർമ്മരോഗ വിദഗ്ദ്ധൻ) നിർദ്ദേശം തേടുന്നത് എപ്പോഴും നല്ലതാണ്.)












Click it and Unblock the Notifications