പണമുണ്ടാക്കാൻ പണിയെടുക്കേണ്ടേ? വീട്ടിൽ മണി പ്ലാന്റ് വളർത്തിയാൽ മതിയോ?
വീടുകൾക്കും ഓഫീസുകൾക്കുമൊക്കെ അകത്ത് ചെടികൾ വളർത്താൻ ഇഷ്ടമുളള ആളുകൾക്ക് പ്രിയപ്പെട്ട ചെടികളിലൊന്നാണ് മണി പ്ലാന്റ്. ഭംഗിയുളള ചെടി ആണെങ്കിലും പലരും മണി പ്ലാന്റ് വളർത്താനുളള കാരണം മറ്റൊന്നാണ്. അതായത് മണി പ്ലാന്റ് വീട്ടിൽ വളർത്തിയാൽ അത് വലിയ ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നവരുണ്ട്.
വീട്ടിൽ മണി പ്ലാന്റ് ഉണ്ടെങ്കിൽ സമ്പത്ത് കുന്നുകൂടും എന്നാണ് വിശ്വാസം. എന്നാൽ ഒരു ചെടിച്ചട്ടിയിൽ വളരുന്ന ഒരു ചെടിക്ക് ശരിക്കും നിങ്ങളുടെ ബാങ്ക് ബാലൻസ് കൂട്ടാൻ കഴിയുമോ? അതോ ഇതെല്ലാം വെറുമൊരു അന്ധവിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്നതാണോ?
മണി പ്ലാന്റ് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം ഫെങ് ഷൂയി, വാസ്തുശാസ്ത്രം തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്നാണ് തുടങ്ങിയത്. ഉരുണ്ടതോ ഹൃദയാകൃതിയിലുള്ളതോ ആയ ഇലകൾ നാണയങ്ങളുമായി സാമ്യം തോന്നിക്കുന്നതിനാൽ അവയെ സമൃദ്ധിയുടെ പ്രതീകമായി കരുതുന്നു. മാത്രമല്ല മണി പ്ലാന്റ് വളരെ വേഗത്തിൽ പടർന്നു പന്തലിക്കുന്ന ഒരു ചെടിയാണ്. അത് വളരുന്ന ഭാഗ്യത്തിന്റെ അടയാളമായിട്ടാണ് കരുതപ്പെടുന്നത്.

എന്നാൽ ഒരു ചെടിയും നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൊണ്ടുപോയി ഇടില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ജോലിസ്ഥലത്തോ മേശപ്പുറത്തോ ഒരു ചെടി വെക്കുന്നത് നല്ലത് തന്നെയാണ്. ആ പച്ചപ്പ് നിങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതല്ലാതെ പണം കൊണ്ട് വരാനുളള മാന്ത്രിക ശക്തിയൊന്നും മണി പ്ലാന്റിന് ഇല്ല. അതൊരു കാണാൻ ഭംഗിയുളള സാധാരണ ചെടി മാത്രമാണ്.



Click it and Unblock the Notifications