പർപ്പിൾ കാബേജ് കാണുമ്പോൾ മുഖം തിരിക്കേണ്ട, പോഷക ഗുണങ്ങളുടെ കലവറ !
സൂപ്പർ മാർക്കറ്റിൽ പോയാൽ ഇപ്പോൾ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് പർപ്പിൾ കാബേജ്. ചുവന്ന കാബേജ് എന്നാണ് സാധാരണ ഇതിനെ വിളിച്ചു വരുന്നത്. എന്നാൽ നിറം പർപ്പിളിനോട് ചേർന്നതാണ്. പച്ച കാബേജിനേക്കാൾ വില കൂടുതലാണ് പർപ്പിൾ കാബേജിന് എന്നതു കൊണ്ട് തന്നെ നമ്മളിൽ ഏറെപ്പേരും എടുത്തത് തിരിച്ചു വയ്ക്കാറാണ് പതിവ്. എന്നാൽ ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് പർപ്പിൾ കാബേജ് എന്നത് നമ്മളിൽ പലർക്കും അറിയാത്ത കാര്യമാണ്. എന്തൊക്കെയാണ് പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.
പച്ച കാബേജിനേക്കാൾ കലോറി കുറവാണ് പർപ്പിൾ കാബേജിന്. 1 കപ്പ് കാബേജിൽ ആകെ 28 കലോറിയാണ് ഉള്ളത്. അതിൽത്തന്നെ 1.3 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ വണ്ണം കുറയ്ക്കാൻ ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു പച്ചക്കറിയാണ് ഇതെന്നർത്ഥം. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

കലോറി കുറവ് മാത്രമല്ല പർപ്പിൾ കാബേജിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ1, കാൽസ്യം, മാംഗനീസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ഒക്കെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. ആന്റിഓക്ഡിഡന്റുകൾ അടങ്ങിയിട്ടുള്ള പർപ്പിൾ കാബേജ് രക്ത സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ഇൻഫ്ലമേഷൻ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കാം എന്നാണ് പറയപ്പെടുന്നത്. ആന്തോ സയാനിൻ എന്ന സസ്യസംയുക്തം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും പർപ്പിൾ കാബേജ് നല്ലതാണ്. കാഴ്ച്ച ശക്തി വർധിപ്പിക്കാനും ചെറുപ്പക്കാരിൽ തിമിര സാധ്യത കുറക്കുകയും ചെയ്യും.

മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട് മൈക്രോ നൂട്രിയന്റ്സും ധാരാളമായി പർപ്പിൾ കാബേജിൽ ഉണ്ട്. പർപ്പിൾ കാബേജിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ വയറിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌സിഎഫ്‌എ) പോലുള്ള പ്രധാന മൈക്രോബയൽ മെറ്റബോളിറ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ വയറിൽ സാധാരണയായി ഉണ്ടാകുന്ന അൾസർ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും ഇത് പരിഹരിക്കുമെന്നാണ് പറയപ്പെടുന്നത്.
പർപ്പിൾ കാബേജ് സാധാരണ പച്ച കാബേജ് പോലെത്തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ്. സാലഡിൽ ഇത് ഇട്ടാൽ കുറച്ചു കൂടി ഭംഗി കൂടുന്നതിനൊപ്പം ആരോഗ്യം വർധിക്കും. ഏത് സാലഡിലും കാബേജ് അരിഞ്ഞിടാം. തോരനായി വക്കുന്നതും നല്ലതാണ്. ഇത് ജ്യൂസാക്കി ഉപയോഗിക്കാം. സൂപ്പുകളിൽ ഇടുന്നതായും കണ്ടുവരാറുണ്ട്.












Click it and Unblock the Notifications