കുഞ്ഞുങ്ങളുടെ ആരോഗ്യംവച്ച് കളിക്കരുതേ; കൃത്യസമയത്ത് വാക്‌സിനുകള്‍ നല്‍കിയില്ലെങ്കില്‍ ഈ അപകടങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് വളരുന്ന പ്രായത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണം എന്നുള്ളത് ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് മാരകമായ രോഗങ്ങളില്‍ നിന്ന് അവര്‍ക്ക് പൂര്‍ണമായ സംരക്ഷണം നല്‍കുന്നു. എന്നാല്‍ വാക്‌സിനുകള്‍ കൃത്യസമയത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതില്‍ പലരും അലംഭാവം കാട്ടാറുണ്ട്. കുട്ടികളുടെ വാക്‌സിന്‍ ഡോസുകള്‍ വൈകിപ്പിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ വലിയ ഇടവേളകള്‍ കുട്ടികളെ ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുകയും സാമൂഹിക പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. കോവിഡ് കാലഘട്ടത്തിനു ശേഷം വൈകി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
കുട്ടികളുടെ പ്രതിരോധശേഷി വികസിക്കുന്നതിനനുസരിച്ചാണ് വാക്‌സിന്‍ ഇടവേളകള്‍ നിശ്ചയിക്കുന്നത്. ഈ സമയക്രമം പാലിക്കുമ്പോള്‍ വാക്‌സിനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം പൂര്‍ണമായും ലഭിക്കും. വൈകിയ ഡോസുകള്‍ നേരിട്ട് ദോഷകരമല്ലെന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ദുര്‍ബലവും മന്ദഗതിയിലുള്ളതുമായ പ്രതിരോധശേഷി മാത്രമേ കുട്ടികള്‍ക്കുണ്ടാകൂ. വാക്‌സിന്റെ മുഴുവന്‍ കോഴ്‌സ് തീരുന്നതിന് മുന്‍പേ കുട്ടിക്ക് അണുബാധ വരാം. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വേഗത്തില്‍ അണുബാധ പകരാന്‍ സാധ്യതയുണ്ട്.

വാക്‌സിനേഷന്‍ വൈകാന്‍ പല കാരണങ്ങളും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ശ്വഫലങ്ങള്‍ ഭയന്നോ നഗരം മാറുമ്പോള്‍ രേഖകള്‍ നഷ്ടപ്പെട്ട കാരണത്താലോ പല രക്ഷിതാക്കളും വാക്‌സിന്‍ വൈകിപ്പിക്കുന്നു. തിരക്കിട്ട ജോലിയും ക്ലിനിക്കുകളിലെ നീണ്ട കാത്തിരിപ്പും ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള ദൂരവും വാക്‌സിനേഷന്‍ വൈകാനുള്ള ചില കാരണങ്ങളാണ്. വൈകിയ വാക്‌സിനുകള്‍ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും. സമയക്രമം തെറ്റിക്കുമ്പോള്‍ രോഗവ്യാപന ശൃംഖലകള്‍ സജീവമാകാനും ആശുപത്രികള്‍ക്ക് ഭാരമാകാനും സാധ്യതയുണ്ട്. കൃത്യസമയത്തുള്ള വാക്‌സിനുകള്‍ ദുര്‍ബലരായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നു.
ഏതെങ്കിലും വാക്‌സിനുകള്‍ മുടങ്ങിയാല്‍ വാക്‌സിന്‍ ഷെഡ്യൂള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടതില്ലെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു. മുടങ്ങിയ ഡോസില്‍ നിന്ന് തുടര്‍ന്നാല്‍ മതി. ദേശീയ, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മുടങ്ങിയ കോഴ്‌സ് തുടരാവുന്നതാണ്.
വാക്‌സിന്‍ സമയക്രമം പാലിക്കാന്‍ ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കാം. നഗരങ്ങളിലെ ക്ലിനിക്കുകള്‍ എസ്എംഎസ് അറിയിപ്പുകള്‍ അയയ്ക്കുന്നു. വാക്‌സിന്‍ ഷെഡ്യൂള്‍ സര്‍ക്കാര്‍ ആപ്പുകളിലും ലഭ്യമാണ്. എന്നാല്‍, താഴ്ന്ന വരുമാനക്കാര്‍ക്ക് ഈ സേവനങ്ങള്‍ പലപ്പോഴും ലഭിക്കുന്നില്ല. ഇത് വാക്‌സിനുകള്‍ വൈകാന്‍ കാരണമാകുന്നു.
വാക്‌സിന്‍ കാര്‍ഡിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കുക. അടുത്ത ഡോസിന്റെ തീയതി കൃത്യമായി എഴുതി നല്‍കാന്‍ ഡോക്ടറോട് ആവശ്യപ്പെടുക. ഡോസ് വൈകിയെന്നു തിരിച്ചറിഞ്ഞാല്‍ അടുത്ത സന്ദര്‍ശനം ഉടന്‍ ബുക്ക് ചെയ്യുക. കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നില്ലെന്ന് ഡോക്ടര്‍മാരും ഉറപ്പാക്കണം.












Click it and Unblock the Notifications