സ്ഥിരമായി മരുന്നു കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഈ ശീലം ഉപേക്ഷിക്കാന്‍ സമയമായി
വിവിധ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. ദിവസവും രാവിലെയും വൈകിട്ടുമായി ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. മരുന്നു കഴിക്കുമ്പോള്‍ ഭക്ഷണ ക്രമത്തിലും ചില സൂക്ഷ്മതകള്‍ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. അതിലൊന്നാണ്, നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നുണ്ടെങ്കില്‍ ആ ശീലം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു
കാരണം നാരങ്ങാനീര് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയിഡ് എന്നിവയ്ക്ക് പതിവായി മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ നാരങ്ങാവെള്ളം ശീലമാക്കരുത്. ഇനി അത് ഇല്ലാതെ പറ്റില്ലെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശത്തിനു ശേഷം മാത്രം കുടിക്കുക.

നാരങ്ങാ വെള്ളം വില്ലനോ?
കൊടും ചൂടില്‍ ഒരു വലിയ ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ സുഖം മറ്റൊന്നിനും തരാന്‍ കഴിയില്ല. ജ്യൂസുകളില്‍ ഏറ്റവും ഉന്മേഷം നല്‍കുന്ന ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വിറ്റാമിന്‍ സി സമ്പുഷ്ടമായ നാരങ്ങാ വെള്ളം രോഗപ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും ഉത്തമമാണ്. വേനല്‍ക്കാലത്ത് കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും നാരങ്ങാ വെള്ളമാണ്.
ഇതൊക്കെയാണെങ്കിലും പതിവായി ഇത് കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യും. നാരങ്ങാ നീരിന്റെ ഉയര്‍ന്ന അളവിലുള്ള അസിഡിറ്റി ആണ് ഇതിനു കാരണം. പതിവായി നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാനും നാരങ്ങാ നീരിന് കഴിവുണ്ട്.
ചിലര്‍ക്ക് പതിവായി നാരങ്ങാവെള്ളം കുടിച്ചാല്‍ നെഞ്ചരിച്ചില്‍ ഉണ്ടാകും. വയറു വീര്‍ക്കലിനും ഇത് കാരണമായേക്കാം. ചില മരുന്നുകളുടെ ശക്തി കുറയ്ക്കാന്‍ പോലും നാരങ്ങാ നീരിന് സാധിക്കും. ഇത്തരം അപകട സാധ്യതകളെ അവഗണിച്ചാണ് പലരും നാരങ്ങാ വെള്ളം എന്നും കുടിക്കുന്നത്.
ഭക്ഷണത്തിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് വയറുവേദന, വയറു വീര്‍ക്കല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും. വെറും വയറ്റില്‍ നാരങ്ങാ വെള്ളം പതിവാക്കിയ ചില ആളുകളില്‍ ഛര്‍ദ്ദി, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നാരങ്ങാ വെള്ളത്തില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ഇനാമലിന്റെ പ്രധാന വില്ലനാണ് സിട്രിക് ആസിഡ്. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് പല്ലുകളെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കും. ക്ഷയിക്കാനുള്ള സാധ്യതയും കൂടുതലാണ്. കാലക്രമേണ പല്ലുകളുടെ നിറം മഞ്ഞയാവുകയും ചെയ്യും. അപൂര്‍വമായിട്ടാണെങ്കിലും ചില ആളുകള്‍ക്ക് നാരങ്ങയോട് അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ചര്‍മ്മത്തില്‍ ചുണങ്ങും വീക്കവും ചൊറിച്ചിലുമുണ്ടാക്കും. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ നാരങ്ങ വെള്ളം കുടിക്കുന്ന പതിവ് നിര്‍ത്തുക.
അപകടസാധ്യത ഒഴിവാക്കാന്‍
നാരങ്ങാ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്. പകരം ഭക്ഷണത്തിനു ശേഷം ഇത് കുടിക്കുക. നാരങ്ങ വെള്ളം നന്നായി നേര്‍പ്പിച്ച് കുടിക്കുക. ധാരാളം വെള്ളം ചേര്‍ക്കുമ്പോള്‍ അസിഡിറ്റി കുറയും. പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ഒരു സ്‌ട്രോ ഉപയോഗിച്ച് നാരങ്ങാ വെള്ളം കുടിക്കുക. നാരങ്ങാ വെള്ളം കുടിച്ചതിനു ശേഷം നല്ലതു പോലെ വായ കഴുകണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ നാരങ്ങ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications