നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കണം
ആരോഗ്യകരമായ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തിയില്ലെങ്കില്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ തന്നെ ഒരാള്‍ നിശ്ചിത അളവില്‍ വെള്ളം കുടിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ.
അതിനാല്‍ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്നും അത് എങ്ങനെയാണ് ആരോഗ്യത്തിന് ഗുണപരമാകുന്നത് എന്നും നമുക്കൊന്ന് നോക്കാം. ദാഹം എന്നത് നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു സ്വാഭാവിക സഹജാവബോധമാണ്. അതിനാല്‍ ദാഹം നിങ്ങള്‍ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യരുത്. അതേസമയം അമിതമായോ നിര്‍ബന്ധിതമായോ വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വേണം.

നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന നില, കാലാവസ്ഥ, സമ്മര്‍ദ്ദ നില എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ് നിര്‍ണയിക്കപ്പെടുന്നു. വ്യക്തമായ മൂത്രം നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ നിലയുടെ നല്ല സൂചകമാണ്. കടും മഞ്ഞയാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കണം. നിങ്ങളുടെ ചുണ്ടുകളുടെ അവസ്ഥയാണ് മറ്റൊരു സൂചന.
ചുണ്ടുകള്‍ വരണ്ടതാണെങ്കില്‍ ശരീരം നിര്‍ജലീകരണം അനുഭവിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരേസമയം വലിയ അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ചെറിയ സിപ്പെടുത്ത് വേണം വെള്ളം കുടിക്കാന്‍. ദിവസം മുഴുവന്‍ ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തും.
തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനക്കേട്, ഗ്യാസ്, വീക്കം, വേദന, എന്നിവയ്ക്ക് കാരണമാകുന്നു. നേരെമറിച്ച്, ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ദഹനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സഹായിക്കുന്നു. നിങ്ങളുടെ ഞരമ്പുകളും പേശികളും ശാന്തമാക്കാനും വിശ്രമിക്കാനും ഇത് സഹായിക്കുന്നു.
ഇഞ്ചി, ഏലം, പെരുംജീരകം, തുളസി, നാരങ്ങ, തേന്‍ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളോ പച്ചമരുന്നുകളോ വെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ വിഷ വിമുക്തമാക്കാനും സഹായിക്കുന്നു. പനി, അണുബാധ, അസിഡിറ്റി, വയറിളക്കം, രക്ത സ്രാവം എന്നിവ ഉണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കണം.












Click it and Unblock the Notifications