വെള്ളം കുടിക്കുന്നത് അധികമായാലും പ്രശ്നമാണേ... ഈ സാഹചര്യങ്ങളിൽ വെള്ളം കുടിക്കരുത്
സാധാരണ ഗതിയിൽ ഒരാൾ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് പറയാറുള്ളത്. എന്ത് അസുഖം വരുമ്പോഴും ധാരാളം വെള്ളം കുടിക്കണമെന്ന് ഡോക്ടർമാരും പറയാറുണ്ട്. എന്നാൽ ശരീരത്തിൽ ഒരു പരിധിയിലധികം വെളളം അകത്തേക്ക് കയറുന്നതും അത്ര നല്ലതല്ല. പറഞ്ഞു വരുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാലും ശരീരത്തിൽ ബുദ്ധിമുട്ടുകൾ വരും എന്ന് തന്നെയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായതിലധികം വെളളം കുടിച്ചാൽ ശരീരത്തിലെ സ്വാഭാവിക ഉപ്പിന്റെ സന്തുലിതാവസ്ഥ തടസപ്പെട്ടേക്കും. ഇത് ശരീരത്തിൽ സോഡിയം കുറയുന്നതിന് കാരണമാകും. ഇങ്ങനെ തലവേദന, ഓക്കാനം, അപസ്മാരം എന്നീ അവസ്ഥകളിലേക്ക് വരെ കൊണ്ടെത്തിച്ചേക്കും. അതു പോലെ വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ അധികം വെള്ളം കുടിക്കരുത്. ഇത് വയർ വീർക്കാൻ കാരണമാകും. ഭക്ഷണത്തിന്റെ ദഹനത്തിന് ആവശ്യത്തിന് ജലാംശം വേണമെങ്കിലും അവസാനം കുടിക്കുന്നത് നല്ലതല്ല. അതേ സമയം ഭക്ഷണത്തിന് മുമ്പ് 2 ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കാനും ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കും.

കഠിനമായി വർക്കൗട്ട് ചെയ്തതിനു ശേഷം കൂടുതൽ വെള്ളം ഒരുമിച്ച് കുടിക്കരുത്. കാരണം നിങ്ങളുടെ ശരീരം വിയർക്കുന്നതോടെ ശരീരത്തിൽ നിന്ന് സോഡിയവും പൊട്ടാസ്യവും കൂടി നഷ്ടപ്പെടും. ഇവ രണ്ടും ശരീരത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വെള്ളത്തിൽ ഈ മൂലകങ്ങൾ ഒന്നും അടങ്ങിയിട്ടില്ല. എന്നാൽ മിനറൽ വാട്ടർ, തേങ്ങാവെളളം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
സാധാരണ വെയിലത്തിറങ്ങിയാലോ മറ്റോ ധാരാളമായി വെള്ളം കുടിക്കാനുള്ള ആഗ്രഹം വരുമ്പോൾ നമ്മൾ അതി മധുരമുള്ള ഏതെങ്കിലും കാർബൊണേറ്റഡ് ഡ്രിങ്ക് വാങ്ങി കുടിക്കും. എന്നാൽ ഇതിൽ അളവിലധികം പഞ്ചസാര ചേർത്തിട്ടുണ്ടാകും. ഒരു താൽക്കാലിക പരിഹാരം ഉണ്ടാകാമെങ്കിലും പിന്നീട് ദാഹം ഇരട്ടിയാകും. ഇത് പോലെത്തന്നെ മധുര പലഹാരങ്ങൾ കൂടുതലായി കഴിച്ചാലും ശരീരം ആവശ്യത്തിലധികം വെള്ളം കുടിക്കാൻ നമ്മെ നിർബന്ധിതരാക്കും. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.
നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ടോ എന്ന് ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ നമുക്ക് അറിയാൻ സാധിക്കും. ശരീരം സാധാരണ നിലയിലായിരിക്കുന്ന സമയത്ത് അഥവാ അസുഖമുള്ളപ്പോഴോ മരുന്നുകൾ കഴിക്കുമ്പോഴോ അല്ല ഇത് നോക്കേണ്ടത് എന്നർത്ഥം. ടോയ്ലറ്റിൽ പോകുമ്പോൾ നിങ്ങളുടെ മൂത്രത്തിന്റെ നിറം നോക്കുക. നിങ്ങളുടെ മൂത്രത്തിന് ഒരു ഇളം മഞ്ഞ നിറമാണ് കാണുന്നതെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ്. എന്നാൽ മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കിൽ ഒരു ഗ്ലാസിൽ കൂടുതൽ വെള്ളം നിങ്ങൾ ഉടനെ കുടിച്ചിരിക്കണം എന്ന സൂചനയാണിത്.












Click it and Unblock the Notifications