ദുൽഖറിന്റെ ഗാരേജ് കാർ പ്രേമികളുടെ പറുദീസ, 5 കോടിയുടെ ഫെരാരി മുതൽ വിന്റേജ് കാറുകൾ വരെ, കണ്ണ് തള്ളിപ്പോകും!
സിനിമാ താരങ്ങള്‍ക്കിടയില്‍ പൊതുവേ കണ്ട് വരുന്നതാണ് ആഢംബര കാറുകളോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും മറ്റുമുളള ക്രേസ്. മോഹന്‍ലാലിന് പുരാവസ്തുക്കളോടുളള ഇഷ്ടം എല്ലാവര്‍ക്കും അറിയുന്നതാണ്. മമ്മൂട്ടിക്ക് ആവട്ടെ കൂളിംഗ് ഗ്ലാസ്സുകളോടും ഇലക്ട്രോണിക് ഉപകരണങ്ങളോടുമാണ് ക്രേസ്. ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കളക്ഷന്‍ വാഹനപ്രേമികളുടെ സ്വപ്‌നമാണെന്ന് തന്നെ വേണം പറയാന്‍.
എന്നാല്‍ ഈ കാര്‍ പ്രേമം ദുല്‍ഖറിനെ നിലവില്‍ കുരുക്കിലാക്കിയിരിക്കുകയാണ്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കൊണ്ട് വന്നതെന്ന് ആരോപിക്കപ്പെടുന്ന ചില കാറുകള്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഗാരേജില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. വിന്റേജ് കാറുകള്‍ അടക്കമുളള വലിയ കാര്‍ കളക്ഷന്‍ ദുല്‍ഖറിനുണ്ട്. ഇഷ്ടപ്പെട്ടാല്‍ ആ കാര്‍ സ്വന്തമാക്കുക എന്നതാണ് ദുല്‍ഖറിന്റെ ശീലം. ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കളക്ഷനിലെ വിഐപികളെ പരിചയപ്പെടാം.

ഫെരാരി 296 ജിടിബി
റോസ്സോ റുബിനോ ഫെരാരി 296 ജിടിബി ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കളക്ഷനിലെ മുമ്പനാണ്. ഈ വാഹനത്തിന് ഇന്ത്യയിലെ വില 5.88 കോടി രൂപ വരും. പല തവണ ഈ വാഹനത്തില്‍ ദുല്‍ഖറിനെ ചെന്നൈ നഗരത്തില്‍ കണ്ടിട്ടുണ്ട്. അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഈ വാഹനത്തിന്റെ ചിത്രം ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു.
പോര്‍ഷെ 911 ജിടി3 (991.2)
കാര്‍ ശേഖരത്തില്‍ ദുല്‍ഖറിന് ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് ഈ പോര്‍ഷെ 911 ജിടി3 (991.2). ദുല്‍ഖര്‍ മുന്‍പൊരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്, എന്റെ ഷെഡിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണിത്. 2.3 കോടി മുതല്‍ 3 കോടി വരെയാണ് ഈ കാറിന് വില വരുന്നത്.
മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി
ആഢംബര കാറുകളുടെ കൂട്ടത്തില്‍ പലര്‍ക്കും പ്രിയപ്പെട്ട മെഴ്‌സിഡസ് ബെന്‍സ് ദുല്‍ഖറിനൊപ്പം കഴിഞ്ഞ 7 വര്‍ഷമായിട്ടുണ്ട്. ഇത്തരമൊരു ലെജന്‍ഡ് വാഹനത്തിന്റെ ഉടമയായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. ഭാവിയിലെ ക്ലാസിക് എന്നാണ് ഈ കാറിനെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. വില ആരംഭിക്കുന്നത് 2.54 കോടിയിലാണ്.
ബിഎംഡബ്ല്യൂ എം3 ഇ46
ബിഎംഡബ്ല്യൂ വാഹനങ്ങളിലെ ഏറ്റവും കേമനെന്ന് വാഹനപ്രേമികള്‍ വിലയിരുത്തുന്ന കാറാണ് ബിഎംഡബ്ല്യൂ എം3 ഇ46. തന്റെ കളക്ഷനിലെ ക്രൗണ്‍ ജ്വവല്‍ എന്നാണ് ഈ കാറിനെ ദുല്‍ഖര്‍ വിളിക്കുന്നത്. ഈ വാഹന നിര്‍മ്മാണം നിലവില്‍ നിര്‍ത്തിയിരിക്കുകയാണ്. 78.74 ലക്ഷത്തിനും 86.38 ലക്ഷത്തിനും ഇടയിലാണ് വില വരുന്നത്.
ഈ വാഹനങ്ങള്‍ ഒരു മഞ്ഞു മലയുടെ ചെറിയൊരു അറ്റം മാത്രമാണെന്ന് വേണം പറയാന്‍. ഇവ കൂടാതെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മെഴ്‌സിഡസ്-മെയ്ബാച്ച് ജിഎല്‍എസ് 600, ബിഎംഡബ്ല്യൂ 7 സീരിസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, മിനി കൂപ്പര്‍ എസ്, മസ്ദ എംഎക്‌സ്-5, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മെഴ്‌സിഡസ് എഎംജി ജി63 അടക്കം ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കളക്ഷനില്‍ ആഢംബരം നിറയ്ക്കുന്ന വാഹനങ്ങള്‍ ഇനിയുമേറെയുണ്ട്.












Click it and Unblock the Notifications