ചിക്കൻ തൊലിയോടെ കഴിക്കണോ വേണ്ടയോ? ഏതാണ് ആരോഗ്യകരം
നോൺ വെജിറ്റേറിയൻ ഭക്ഷണപ്രേമികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ചിക്കൻ. ചലർ ദിവസവും മറ്റ് ചിലർ ആഴച്ചയിൽ രണ്ടേ മൂന്നേ ദിവസും ഭക്ഷണത്തിൽ ചിക്കൻ ഉൾപ്പെടുത്താറുണ്ട്. ചിക്കനില്ലാതെ ഭക്ഷണം കഴിക്കാത്തവരും നമുക്ക് ചുറ്റുമുണ്ട്. ബോഡി ബിൽഡേഴ്സിനും മികച്ച പ്രോട്ടീൻ സോഴ്സാണ് ചിക്കൻ. എന്നാൽ ചിക്കൻ വൃത്തിയാക്കുമ്പോൾ നമ്മൾ അതിൻ്റെ തൊലി കളയാറുണ്ട്. ശരിക്കും ചിക്കൻ തൊലിയോടെയാണോ കഴിക്കേണ്ടത് അതോ ഇല്ലാതെയാണോ. പല പാചക വീഡിയോകളിലും തൊലിയോട് കൂടി വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ കാണാറുണ്ട്. യഥാർത്ഥ രീതി എങ്ങനെയെന്ന് നോക്കാം.
കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ കൂടുതലുള്ളതുമായ ചിക്കൻ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജിമ്മിൽ പോകുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് അറിയാമായിരിക്കും. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ചിക്കൻ തൊലിയിൽ കൂടുതലും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്, ഇത് ഒലിവ് ഓയിലിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പിന് സമാനമാണ്. ഈ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്, കൂടാതെ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിച്ചേക്കാം.

അതേസമയം, തൊലിയോടുകൂടി ചിക്കൻ കഴിക്കുന്നത് കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, ഏകദേശം 170 ഗ്രാം തൊലിയില്ലാത്ത ചിക്കനിൽ 280 കലോറി അടങ്ങിയിട്ടുണ്ട്. തൊലിയോടുകൂടിയ 170 ഗ്രാം ചിക്കനിൽ ഏകദേശം 380 കലോറി അടങ്ങിയിട്ടുണ്ട്. ചിക്കൻ തൊലിയോട് കൂടി പാചകം ചെയ്യുകയും ശേഷം കഴിക്കുമ്പോൾ തൊലി നീക്കം ചെയ്യുകയും ചെയ്യുന്നത് നല്ലൊരു രീതിയാണ്. ഈ രീതിയിൽ കഴിക്കുമ്പോൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചിക്കൻ്റെ തൊലി ആരെല്ലാം ഒഴിവാക്കണം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, അല്ലെങ്കിൽ ഹൃദ്രോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർ, സ്കിൻ നീക്കം ചെയ്ത ചിക്കൻ കഴിക്കുന്നതാണ് നല്ലത്. ചിക്കൻ സ്കിന്നോട് കൂടി കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ശരിക്കും നിങ്ങളുടെ ആരോഗ്യമാണ്. ചുരുക്കത്തിൽ, മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ചിക്കൻ തൊലി ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. എന്നാൽ, കലോറി ഉപഭോഗം നിയന്ത്രിക്കേണ്ടവരും പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവരും തൊലി ഒഴിവാക്കുന്നതാണ് ഉചിതം












Click it and Unblock the Notifications