ഫ്രീസറിലെ ഐസ് മലയാണോ പ്രശ്‌നം; വേഗത്തില്‍ അലിയിച്ചുകളയാം: എളുപ്പ വഴികള്‍ ഇതാ
പല വീടുകളിലെയും ഫ്രിഡ്ജിന്റെ ഫ്രീസര്‍ തുറന്നു നോക്കിയാല്‍ വലിയൊരു മഞ്ഞുമലയ്ക്ക് തുല്യമായി കാണാം. ഫ്രീസറിനുള്ളില്‍ സ്ഥലമില്ലാത്ത വിധം ഐസ് അടിഞ്ഞുകൂടുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇത്തരത്തില്‍ വലിയ തോതില്‍ ഐസ് അടിഞ്ഞു കൂടുന്നത് ഫ്രിഡ്ജിന്റെ കൂളിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. വൈദ്യുതി ബില്ല് വര്‍ധിക്കാനും ഇത് കാരണമാകുന്നു. ഇനി മണിക്കൂറുകളോളം ഓഫ് ചെയ്ത് മഞ്ഞുരുക്കാം എന്ന് വച്ചാലോ? ഫ്രീസറിനുള്ളിലെ ഐസുരുകി വെള്ളം നിലത്ത് മുഴുവന്‍ വീഴുന്നു. ഇതുകൂടാതെ ഫ്രിഡ്ജിനുള്ളിലെ ഭക്ഷണം കേടാകാനുള്ള സാധ്യതയും ഉണ്ട്.
എന്നാല്‍ ഈ ഇരട്ടി പണിയൊന്നും ചെയ്യാതെ തന്നെ ഐസ് ഉരുക്കാന്‍ ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളുണ്ട്. അതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ആദ്യം ഫ്രിഡ്ജ് ഓഫ് ചെയ്ത് ഫ്രീസറിനുള്ളിലെ സാധനങ്ങള്‍ ഒഴിവാക്കുക. നിലം തുടയ്ക്കുന്ന തുണി ഫ്രിഡ്ജിന് ചുറ്റും വിരിക്കുക. കുറച്ചു വെള്ളം തിളപ്പിച്ച് വിവിധ പാത്രങ്ങളിലേക്ക് മാറ്റുക. ഈ പാത്രങ്ങള്‍ ഫ്രീസറിനുള്ളില്‍ 10 - 15 മിനിറ്റ് നേരം വയ്ക്കുക. ചൂടുവെള്ളത്തിന്റെ നീരാവി കൊണ്ട് ഐസിന്റെ കട്ടി കുറയാന്‍ തുടങ്ങും. തുടര്‍ന്ന് ഒരു മരത്തിന്റെ തവിയോ പ്ലാസ്റ്റിക് തവിയോ ഉപയോഗിച്ച് ഐസില്‍ മൃദുവായി ചുരണ്ടുക.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യം ഒരിക്കലും ലോഹ ഉപകരണങ്ങള്‍ ഐസ് ചുരണ്ടാനായി ഉപയോഗിക്കരുത്. കാരണം അത് ഫ്രിഡ്ജിന്റെ കോയിലുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജ് ഓഫ് ചെയ്യാനും മറക്കരുത്.
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചും ഫ്രീസറിലെ ഐസ് മലയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഹെയര്‍ ഡ്രയര്‍ ലോ ഹീറ്റിങ് സെറ്റിങ്ങില്‍ സജ്ജമാക്കി ഐസില്‍നിന്ന് അല്‍പം അകലം പാലിച്ചു കൊണ്ട് ഓണാക്കുക. ഒരിക്കലും ഐസുമായി സമ്പര്‍ക്കം ഉണ്ടാകാത്ത വിധത്തില്‍ അകലം പാലിക്കുക. ഹെയര്‍ ഡ്രയറില്‍ നിന്നുള്ള ചൂടുവായു ഐസ് മലയിലേക്ക് കേന്ദ്രീകരിക്കുക. പതിയെ ഐസ് ഉരുകുന്നത് കാണാം. പിന്നാലെ മൃദുവാകുന്ന ഐസ് മരത്തവി കൊണ്ട് ചുരുണ്ടി നീക്കുക.
ചൂടുവെള്ളത്തില്‍ റബ്ബിങ് ആല്‍ക്കഹോള്‍ കലര്‍ത്തി ഒരു സ്‌പേ കുപ്പിയിലേക്ക് മാറ്റുക. ഇത് ഐസിന്റെ മലയിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുക. ഇത് ഐസ് പാളികള്‍ പതിയെ അലിയാന്‍ സഹായിക്കുന്നു
കട്ടിയുള്ള ടവലുകള്‍ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക, അവ ചെറുതായി പിഴിഞ്ഞ് ഐസ് കട്ടിപിടിച്ചിരിക്കുന്നതിന് മുകളില്‍ വയ്ക്കുക. ഫ്രീസര്‍ 5-10 മിനിറ്റ് നേരം അടയ്ക്കുക. ടവ്വലിലെ ചൂട് ഐസിനെ മൃദുവാക്കും. തുടര്‍ന്ന് മരത്തവി കൊണ്ട് ഐസ് ചുരണ്ടിനീക്കുക. എല്ലാ ഐസും നീക്കം ചെയ്തുകഴിഞ്ഞാല്‍ വൃത്തിയുള്ള ഒരു ടവ്വല്‍ വിനാഗിരി കലര്‍ത്തിയ ചൂടുള്ള വെള്ളത്തില്‍ മുക്കി ഫ്രീസറിന്റെ ഉള്‍ഭാഗം തുടയ്ക്കുക.












Click it and Unblock the Notifications