മാമ്പഴം മാത്രമല്ല മാവിലയും സൂപ്പറാണ്, തലച്ചോറിനെ ഉണർത്തുമെന്ന് പഠനങ്ങൾ, മാവില ചായ തയ്യാറാക്കാം
മാമ്പഴം എല്ലാവർക്കും ഇഷ്ടമുളള പഴങ്ങളിലൊന്നാണ്. പച്ച ആയാലും പഴുത്തത് ആയാലും നമ്മൾ ആസ്വദിച്ച് കഴിക്കും. എന്നാൽ മാവിൽ നിന്ന് കിട്ടുന്നതിൽ മാങ്ങ മാത്രമല്ല നമുക്ക് കഴിക്കാൻ പറ്റുന്നത്. മാവിന്റെ ഇലയും ശരീരത്തിന് ഗുണം നൽകുന്നതാണ്.
പുരാതന കാലം മുതൽക്കേ ആയുർവേദ ചികിത്സാരീതികളിൽ മാവിലയ്ക്ക് പ്രധാന സ്ഥാനമുണ്ട്. വിവിധ രൂപങ്ങളിൽ ആളുകൾ ഇത് കഴിക്കുകയും ചെയ്തിരുന്നു.
തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ മാവിലയ്ക്ക് കഴിയുമെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദം പ്രചരിപ്പിക്കുന്ന ഈ അറിവ്, കൂടുതൽ ഗവേഷണങ്ങളിലൂടെ ഒരു മികച്ച ഔഷധമായി മാറാനുള്ള സാധ്യതകൾ തുറന്നു കാണിക്കുന്നു.
മാമ്പഴം പോലെ തന്നെ മാവിലയിലും മാൻജിഫെറിൻ, കാറ്റെച്ചിൻ, ക്വെർസെറ്റിൻ തുടങ്ങിയ പോളിഫെനോളിക് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. തലച്ചോറിനെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു. ഓർമ്മക്കുറവ്, മാനസിക തളർച്ച, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് പ്രധാന കാരണം ഈ ഓക്സിഡേറ്റീവ് സ്ട്രെസ്സാണ്.

മാവിലയിൽ സമൃദ്ധമായി കാണുന്ന മാൻജിഫെറിൻ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ പ്രതിരോധിക്കുന്ന ഒരു സ്വാഭാവിക കവചമാണ്. പോളിഫെനോളിക് സംയുക്തങ്ങളുടെ ആൻ്റി-ഇൻഫ്ലമേറ്ററി സ്വഭാവം തലച്ചോറിലെ ചെറിയ വീക്കങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നു. ഈ ഗുണങ്ങൾ ന്യൂറോണുകളുടെ ആരോഗ്യത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
2024-ൽ നടന്ന ഒരു പഠനത്തിൽ, ആരോഗ്യവാന്മാരായ മുതിർന്നവരിൽ 300 മില്ലിഗ്രാം മാവില സത്ത് നൽകി. ഇത് അവരുടെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ വേഗത്തിൽ സ്വാധീനിച്ചുവെന്ന് കണ്ടെത്തി. 2025-ൽ യുവജനങ്ങളിൽ നടത്തിയ മറ്റൊരു പഠനത്തിൽ, കുറഞ്ഞ അളവിൽ മാവില സത്ത് കഴിച്ചവർക്ക് വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും, മാനസിക വഴക്കം വർധിക്കാനും, ആശയക്കുഴപ്പം കുറയ്ക്കാനും സാധിച്ചുവെന്ന് തെളിയിച്ചു.
തലച്ചോറിൻ്റെ ആരോഗ്യത്തിന് പുറമെ, പരമ്പരാഗത വൈദ്യശാസ്ത്രവും ആധുനിക ഗവേഷണങ്ങളും മാവിലയെ ശരീരത്തിന് ഗുണകരമായ ഒരു ഘടകമായി കണക്കാക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ആയുർവേദത്തിൽ മാവില കാലങ്ങളായി ഉപയോഗിച്ചുവരുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
മാവില സത്ത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാവില സത്ത് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പല രൂപങ്ങളിലും ലഭ്യമാണ്. ദിവസേനയുള്ള ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ഇത് ഉപയോഗിക്കാം. കുറച്ച് മാവിലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയായി കുടിക്കാവുന്നതാണ്. കൂടാതെ ഗുളിക രൂപത്തിലും പൊടിച്ച രൂപത്തിലും സത്തും ലഭ്യമാണ്. ജ്യൂസുകളിലോ ഇളം ചൂടുവെള്ളത്തിലോ പൊടി ചേർത്ത് കഴിക്കാം.
സൈനാമൈറ്റ് പോലുള്ള ലയിക്കുന്ന സത്തുകൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. മാവില ചായയോ സത്തുകളോ മിതമായ അളവിൽ സുരക്ഷിതമായി കഴിക്കാവുന്നതാണ്. എന്നാൽ വൈദ്യോപദേശം കൂടാതെ സ്വയം ചികിത്സ ചെയ്യുന്നത് ഒഴിവാക്കണം, പ്രത്യേകിച്ചും രോഗങ്ങളുള്ളവരും മരുന്ന് കഴിക്കുന്നവരും''.












Click it and Unblock the Notifications