കൊടുംചൂടത്ത് രാത്രി ഉറങ്ങാനാകുന്നില്ലേ; ഈ ട്രിക്കുകള്‍ പരീക്ഷിച്ചോളൂ
പകലും രാത്രിയും കടുത്ത ചൂടിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ചൂടില്‍ വെന്തുരുകി രാത്രി നല്ല ഉറക്കം പോലും ലഭിക്കാത്തവരാണ് പലരും. മുറികളിലെ ഉയര്‍ന്ന താപനില ഉറക്കത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നു. സാമ്പത്തിക ശേഷിയുള്ളവര്‍ എസി ഉപയോഗിക്കുമ്പോള്‍ ഭാരിച്ച വൈദ്യുതി ബില്‍ താങ്ങാന്‍ കഴിയാത്തവര്‍ എസിയെന്ന മോഹം ഉപേക്ഷിക്കുന്നു. പകരം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്ന് നേരംവെളുപ്പിക്കുന്നു. ശരിയായ ഉറക്കം ലഭിക്കാത്തത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
മനുഷ്യ ശരീരം നന്നായി പ്രവര്‍ത്തിക്കാന്‍ മികച്ച ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ല ഉറക്കം പ്രധാനമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, കോപം, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും.നല്ല ഉറക്കം എന്നത് തലച്ചോറിനുള്ള വിശ്രമം കൂടിയാണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. രാത്രി നല്ല ഉറക്കം ലഭിച്ചെങ്കില്‍ മാത്രമേ പകലുള്ള ദൈനംദിന ജോലികള്‍ ഊര്‍ജസ്വലതയോടെ ചെയ്യാന്‍ സാധിക്കൂ. ഉറക്കക്കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. എന്നാല്‍ വേനല്‍ക്കാലത്ത് നല്ല ഉറക്കം ലഭിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ചര്‍മ്മ പ്രശ്‌നങ്ങള്‍ മുതല്‍ നിര്‍ജ്ജലിനീകരണം തുടങ്ങി വേനല്‍ക്കാലവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. അേതസമയം ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ കൊടും ചൂടത്തും നന്നായി ഉറങ്ങാന്‍ സാധിക്കും. അതിനുള്ള മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.
വായു പ്രവാഹം ലഭിക്കുന്ന, ഈര്‍പ്പം ആഗിരണം ചെയ്യുന്ന കോട്ടണ്‍ അല്ലെങ്കില്‍ ലിനന്‍ ഷീറ്റുകള്‍ കട്ടിലില്‍ വിരിക്കുക. സിന്തറ്റിക് തുണി കൊണ്ടുള്ള ഷീറ്റുകള്‍ ചൂടിനെ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും ശരീരം കൂടുതല്‍ വിയര്‍ക്കാനും ഇട വരുന്നു. ഇത് സുഗമമായ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഉറങ്ങുന്നതിന് മുമ്പ് കിടപ്പുമുറിയിലെ ചൂട് കുറയ്ക്കാന്‍ ശ്രമിക്കുക. അതിനായി ഫാനോ അല്ലെങ്കില്‍ കൂളറോ ഉപയോഗിക്കുക. പകല്‍ സമയത്ത് സൂര്യപ്രകാശം കിടപ്പുമുറിയില്‍ പതിക്കുന്നത് തടയാന്‍ കര്‍ട്ടനുകള്‍ കൊണ്ട് മുറിയുടെ ജനാലകള്‍ അടച്ചിടാം. സൂര്യപ്രകാശം മാത്രമല്ല, കൃത്രിമ വെളിച്ചവും ഉറക്കത്തെ തടസപ്പെടുത്തും. വൈകിട്ട് കിടക്കുന്ന മുറിയില്‍ മങ്ങിയ വെളിച്ചമുള്ള ഇരുണ്ട അന്തരീക്ഷം സൃഷ്ടിക്കുക.
ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുക. ഇത് ശരീര താപനില ക്രമേണ തണുക്കാന്‍ സഹായിക്കുകയും തലച്ചോറിന് വിശ്രമം നല്‍കാനുള്ള സമയമായി എന്ന സൂചന നല്‍കുകയും ചെയ്യുന്നു. ചൂടുള്ളപ്പോള്‍ തറയില്‍ പായ് വിരിച്ചോ നിലത്തിട്ട മെത്തയിലോ ഉറങ്ങുന്നത് തണുപ്പ് ലഭിക്കാന്‍ സഹായിക്കും.
ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് ശരീരത്തിന് ഉന്മഷം പകരും. രാത്രി നല്ല ഉറക്കവും ലഭിക്കും. അതേസമയം, രാത്രിയില്‍ നിരന്തരം മൂത്രം ഒഴിതത് ഒഴിവാക്കാന്‍ കിടക്കുന്നതിന് തൊട്ടു മുമ്പ് വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വൈകിയുള്ള അത്താഴവും ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കും.
അയഞ്ഞതും ശ്വസിക്കാന്‍ കഴിയുന്നതുമായ കോട്ടണ്‍ പൈജാമകള്‍ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഏറ്റവും കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഉറങ്ങുക. വായു സ്വാഭാവികമായി പ്രവഹിക്കാന്‍ മുറിയുടെ ജനാലകള്‍ രാത്രി തുറന്നിടുക. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കഫീന്‍ അടങ്ങുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവയും ഒഴിവാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications