മുടി കൊഴിച്ചിൽ ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ടോ? വെളിച്ചെണ്ണയും ഉലവയും ഉണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാം
മുടി കൊഴിച്ചിൽ പലർക്കും വലിയ തലവേദനയാണ്. എന്ത് ചെയ്താലും ഇതിന് ഒരു അവസാനമില്ലല്ലോയെന്നാണ് പലരും പറയുന്ന പരാതി. മുടിയുടെ കരുത്തിന് പോഷക സമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതോടൊപ്പം തന്നെ ബാഹ്യപരിചരണവും അത്യാവശ്യമാണ്. ഇതിനായി വിലകൂടിയ എണ്ണകളൊന്നും വേണ്ട. പകരം ഉലുവയൊന്ന് ഉപയോഗിച്ച് നോക്കൂ. മുടി പ്രശ്നങ്ങൾക്ക് ഉലുവ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം
ഉലുവയുടെ ഗുണങ്ങൾ
ഉലുവ തലയോട്ടിയുടെ ആരോഗ്യ സംരക്ഷിച്ച് മുടി വളർച്ച പ്രോത്സാഹിപ്പിക്കാൻ വളരെ അധികം സഹായിക്കും. ഇവയിൽ പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ്, ലെസിതിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ആന്റി ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു, അതോടൊപ്പം താരനെ തുരത്തുകയും ചെയ്യുന്നു. മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീനിൻ്റെയും ലെസിത്തിൻ്റെയും ഉറവിടം കൂടിയാണ് ഉലുവ. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് പ്രകാരം നൂറു ഗ്രാം ഉലുവയിൽ 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുന്നതിനും തലയോട്ടിയിലെ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.താരൻ, അമിതമായ എണ്ണമയം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ഉലുവ മാത്രം മതി.

ഇനി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
1. രണ്ട് സ്പൂൺ ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ച് പിറ്റേന്ന് അൽപ്പം വെളളം ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ പേസ്റ്റ് തലയോട്ടിയിൽ 30 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. താരൻ തടയാനും മുടി വളരാനും ഇത് നിങ്ങളെ സഹായിക്കും.
ഉലുവ ഹെയർ മാസ്ക്
2 ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ കുതിർക്കുക, പിറ്റേന്ന് രാവിലെ അരച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ തൈരും 1 ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.ഇത് തലയോട്ടിയിൽ പുരട്ട് 20 മുതൽ 30 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.ഉലുവ ഹെയർ മാസ്ക് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.
ഉലുവയും വെളിച്ചെണ്ണയും
½ കപ്പ് വെളിച്ചെണ്ണ എടുത്ത് അതിൽ 2 ടീസ്പൂൺ ഉലുവ ചേർത്ത് നന്നായി തിളപ്പിക്കുക.
ഇത് തണുത്തതിന് ശേഷം അരിച്ചെടുത്ത് തലയിൽ തേക്കാം.ഒരു മണിക്കൂറിന് ശേഷം മുടി കഴുകി കളയാം. തലയോട്ടിയെ പോഷിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച വേഗത്തിലാക്കാനും ഇത് സഹായിക്കും.
ഉലുവ വെള്ളം
2 ടീസ്പൂൺ ഉലുവ 2 കപ്പ് വെള്ളത്തിൽ ചേർത്ത്
10 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം തണുക്കാൻ വയ്ക്കാം. വെള്ളം അരിച്ചെടുക്കാം. മുടി കുളിച്ചതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം.
മുടിയുടെ ശക്തിയും തിളക്കവും മെച്ചപ്പെടുത്താനും താരൻ കുറക്കാനും ഇത് സഹായിക്കും.












Click it and Unblock the Notifications