ഓറഞ്ച് മണമുള്ള വീടകങ്ങളാക്കാം, കൃത്രിമ സുഗന്ധങ്ങളോട് വിടപറയാം
വീടിനുള്ളിൽ സുഗന്ധം നിലനിൽക്കുന്നതിന് കൃത്രിമ വഴികൾ തേടുന്നതിന് പകരം പരമ്പരാഗത രീതിയിലേക്ക് മടങ്ങുകയാണ് പലരും. റൂം ഫ്രഷ്നറുകളും പ്ലഗ് ഇൻ ലിക്വഡിഡുകളും മണമുള്ള മെഴുകുതിരികളുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത്തരം കൃത്രിമ സുഗന്ധ രീതികൾ പലപ്പോഴും വായുവിൽ അമിതമായ രാസസാന്നിധ്യം ഉണ്ടാക്കാൻ കാരണമാകുന്നെന്ന തിരിച്ചറിവാണ് കാരണം. ശരിയായ വായുസഞ്ചാരമില്ലാത്തിടത്തും ഇടുങ്ങിയ ഇടങ്ങളിലും ഇത്തരം കെമിക്കൽ സ്പ്രേകൾ ഉപയോഗിക്കുന്നത് ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്കും അലർജിക്കും കാരണമായേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുമുണ്ട്. അതുകൊണ്ടാണ് പ്രകൃതിദത്തവും ആരോഗ്യകരവുമായ വഴികളിലേക്ക് പലരും തിരിയുന്നത്.
നമ്മുടെ ഉത്കണ്ഠയും മാനസിക പിരിമുറുക്കങ്ങളും ഗണ്യമായി കുറക്കാൻ നാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ സിട്രസ് ഗന്ധങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ ഉപേക്ഷിക്കുന്ന ഓറഞ്ച് തൊലികൾ തിളപ്പിച്ച് മുറിയിൽ ഫ്രഷ്നസ്സ് നിറക്കാനുള്ള പണ്ടുകാലത്തെ ലളിതമായ വിദ്യായാണ് ഇന്ന് പലരും പരീക്ഷിക്കുന്നത്. ഓറഞ്ച് തൊലികൾ തിളപ്പിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകൾ വായുവിൽ കലരുകയും സുഗന്ധം പകരുകയും ചെയ്യുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഓറഞ്ച് തൊലികളിലെ ഡി-ലിമോണീൻ എന്ന സംയുക്തമാണ് ഇതിന് കാരണം. ഓറഞ്ച് തൊലികൾ വെള്ളത്തിലിട്ട് തിളപ്പിക്കുമ്പോൾ ഈ സംയുക്തം നീരാവിക്കൊപ്പം വായുവിലേക്ക് വ്യാപിക്കുന്നു. ഇത് ദുർഗന്ധത്തെ മാറ്റുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മീനൊക്കെ പാചകം ചെയ്യുമ്പോൾ അടുക്കളയിലുണ്ടാകുന്ന മണം മാറ്റാനും ലളിതമായി തയാറാക്കാവുന്ന ഈ വിദ്യ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് അതിലേക്ക് ഓറഞ്ച് തൊലികൾ ഇട്ട് കുറഞ്ഞ തീയിൽ പത്ത് മിനിറ്റോളം തിളപ്പിക്കുകയാണ് ചെയ്യേണ്ടത്. കുറഞ്ഞ ചൂടിൽ ഇത് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ സമയം സുഗന്ധം നിലനിർത്താം. വെള്ളം കുറവായാൽ തൊലികൾ കരിഞ്ഞ് ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നത് ഓർക്കണം. അതിനാൽ വെള്ളം വറ്റിപ്പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മുറിയുടെ വലിപ്പമനുസരിച്ച് സുഗന്ധം ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ നിലനിൽക്കുന്നതാണ്. ഓറഞ്ച് തൊലിക്കൊപ്പം കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിക്കുന്നത് സുഗന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
കറുവാപ്പട്ടയുടെ വൃക്ഷ, പഴജന്യമായ ഗന്ധം ഏകാഗ്രത വർധിപ്പിക്കുകയും മാനസികമായ തളർച്ചയിൽ നിന്ന് ആശ്വാസം പകരുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. വൈകാരിക പിരിമുറുക്കം നിയന്ത്രിക്കാൻ ലാവൻഡറിന്റെ മണത്തിന് കഴിയുമെന്നും മുല്ല മണം പുതു ഊർജം പകരുമെന്നും റോസ് ജാഗ്രത വർധിപ്പിക്കുമെന്നുമൊക്കെ പഠനങ്ങൾ പറയുന്നുണ്ട്.












Click it and Unblock the Notifications