ഷമി ഇനിയും വിക്കറ്റ് വീഴ്ത്തും.. എന്തൊരു സ്റ്റാമിന..!!; എന്തൊക്കെയാണ് കഴിക്കുന്നതെന്നറിയാമോ..!?
കൈയെത്തും ദൂരെ അകലത്തില്‍ കിരീടം ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഒരുപറ്റം വ്യക്തിഗത പ്രകടനങ്ങളാല്‍ രാജ്യം എന്നും ഈ ലോകകപ്പ് ഓര്‍ത്തിരിക്കും എന്നത് തീര്‍ച്ചയാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് വിരുന്നൊരുക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് മുഹമ്മദ് ഷമി എന്ന വലംകൈയന്‍ പേസറായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിട്ടും ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിട്ടാണ് ഈ ലോകകപ്പ് ഷമി അവസാനിപ്പിക്കുന്നത്. ഒപ്പം ഇന്ത്യയ്ക്കായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഷമിയുടെ മിന്നുന്ന പ്രകടനത്തിന് സഹായിച്ചത് കളിയോടുള്ള അര്‍പ്പണവും പരിശീലനവും മാത്രമല്ല.

ചിട്ടയായ ജീവിതരീതിയാണ് ഷമി പിന്തുടരുന്നത്. മുഹമ്മദ് ഷമിയുടെ ഇഷ്ടഭക്ഷണം ബിരിയാണിയാണ്. എങ്കിലും കളിയുടെ ആവശ്യകതകള്‍ കണക്കിലെടുത്ത് ഗ്രൗണ്ടില്‍ ഫിറ്റും ഊര്‍ജസ്വലനുമായിരിക്കാന്‍ അനുവദിക്കുന്ന കര്‍ശനമായ ഭക്ഷണക്രമമാണ് ഷമി പിന്തുടരുന്നു. ജങ്ക് ഫുഡുകളോട് നോ പറയാന്‍ ഷമിക്ക് ഒരു മടിയുമില്ല. അതിനാല്‍ തന്നെ പരമാവധി അവസരങ്ങളില്‍ ഇവ ഷമി ഒഴിവാക്കാന്‍ ശ്രമിക്കറുണ്ട്.
33 കാരനായ മുഹമ്മദ് ഷമി പഞ്ചസാര കഴിക്കുന്നത് ഉപേക്ഷിച്ചിട്ടുണ്ട്. ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്നാണ് മുഹമ്മദ് ഷമിയുടെ പക്ഷം. ഒരിക്കലും ഊര്‍ജം നഷ്ടപ്പെടാതിരിക്കാനും ഫിറ്റ് ഫിസീക്ക് നിലനിര്‍ത്താനും വേണ്ടി ഇലക്ട്രോലൈറ്റ് സമ്പുഷ്ടമായ പാനീയങ്ങള്‍ ഉപയോഗിച്ച് സ്വയം ജലാംശം നിലനിര്‍ത്താന്‍ ഷമി ശ്രദ്ധിക്കാറുണ്ട്.
ഭക്ഷണത്തില്‍ വിവിധ തരം സലാഡുകള്‍ ഉള്‍പ്പെടുത്താനും മുഹമ്മദ് ഷമി മടിക്കാറില്ല. അത് സ്വയം തയ്യാറാക്കുന്നത് പോലും താരം ആസ്വദിക്കുന്നു. സാലഡ് കഴിക്കുന്നത് വഴി ശരീരത്തിലേക്ക് വിവിധതരം ധാതുക്കളും വിറ്റാമിനുകളും എത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബ്രെഡ്, റൊട്ടി പോലുള്ള ആഹാരങ്ങള്‍ കഴിക്കുന്നതിനോടും മുഹമ്മദ് ഷമി വലിയ താല്‍പര്യം കാണിക്കാറില്ല.
നേരത്തെ ഇവ കഴിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് റൊട്ടി കഴിക്കുന്നത് മുഹമ്മദ് ഷമി ഉപേക്ഷിക്കുകയായിരുന്നു. റൊട്ടിയില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകളും കുറഞ്ഞ മൈക്രോ ന്യൂട്രിയന്റുകളും ആണ് ഉള്ളത്. അതിലെ ഗ്ലൂറ്റന്‍ ചില ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാലാണ് മുഹമ്മദ് ഷമി തന്റെ മെനുവില്‍ നിന്ന് റൊട്ടി ഒഴിവാക്കിയത്.












Click it and Unblock the Notifications