വീട്ടിലുണ്ടാക്കുന്ന ജ്യൂസും കടയിലേത് പോലെ രുചികരമാകും; ഇങ്ങനെ ചെയ്ത് നോക്കൂ
ജ്യൂസ് ആരോഗ്യകരമായ പാനീയമാണ് എന്നതില്‍ സംശയമില്ല. പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് ഏറെ പോഷകപ്രദമാണ്. ആപ്പിള്‍ മുതല്‍ ക്യാരറ്റ്, ചീര തുടങ്ങി പലതരം പഴങ്ങളും പച്ചക്കറികളും ഇത്തരത്തില്‍ ജ്യൂസ് ആക്കി കഴിക്കുന്നത് ഗുണകരമാണ്. എന്നാല്‍ ചിലര്‍ കടയില്‍ നിന്ന് വാങ്ങുന്ന ജ്യൂസുകളാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍ വീട്ടില്‍ ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ആസ്വദിക്കുന്നു.
എന്നാല്‍ വീട്ടില്‍ നമ്മള്‍ തന്നെയുണ്ടാക്കുന്ന ജ്യൂസുകളാണ് ആരോഗ്യത്തിന് നല്ലത്. പക്ഷെ വീട്ടിലുണ്ടാക്കുന്ന ജ്യൂസിന് കടയിലുണ്ടാക്കുന്ന ജ്യൂസിന്റെ രുചി ലഭിക്കാറില്ലെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അതിനാലാണ് പലരും കടയിലെ ജ്യൂസിന് ആദ്യ മുന്‍ഗണന നല്‍കുന്നതും. എന്നാല്‍ വീട്ടിലുണ്ടാക്കുന്ന ജ്യൂസില്‍ അല്‍പം കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ രുചി കൂട്ടാം എന്നതാണ് വാസ്തവം. അത് എങ്ങനെയാണ് എന്ന് നോക്കാം.

ജ്യൂസിനായി എടുക്കുന്ന പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ ആദ്യം തന്നെ നന്നായി സ്‌ക്രബ് ചെയ്യണം. പഴങ്ങള്‍ക്ക് നല്ല സ്‌ക്രബ് ആവശ്യമാണ്. പുറത്ത് നിന്ന് വാങ്ങുന്ന പഴങ്ങളിലുണ്ടാകാന്‍ സാധ്യതയുള്ള രാസവസ്തുക്കളും മറ്റും കഴുകിക്കളയാന്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക. നിങ്ങളുടെ കൈകളും നന്നായി വൃത്തിയാക്കിയിരിക്കണം. പഴത്തിന്റെ തൊലി കളയുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി വൃത്തിയാക്കണം.
പഴങ്ങള്‍ക്കുള്ളിലെ വിത്തുകള്‍ എടുത്ത് മാറ്റണം. പല പഴങ്ങളുടേയും വിത്തുകള്‍ കൂട്ടി മിക്സിയില്‍ ഇടുന്നത് ജ്യൂസിന് കയ്പ് രുചി നല്‍കും. അതിനാല്‍ വിത്തുകള്‍ കളഞ്ഞ് വേണം ജ്യൂസുണ്ടാക്കാന്‍. പഴങ്ങള്‍ ചെറിയ കഷണങ്ങളാക്കി മുറിക്കുന്നതാണ് ഏറ്റവും ഉത്തമം. പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ വലിയ പഴങ്ങള്‍ കൈകാര്യം ചെയ്യാവുന്ന കഷണങ്ങളായി മുറിക്കുന്നതാണ് നല്ലത്.
ജ്യൂസ് ഉണ്ടാക്കുന്ന നിമിഷം മുതല്‍ അതിന്റെ പോഷകഗുണം നഷ്ടപ്പെടാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ ജ്യൂസ് ഉണ്ടാക്കി പെട്ടെന്ന് കഴിക്കണം. വൈകുന്തോറും അതിന്റെ പോഷകഗുണങ്ങള്‍ ഇല്ലാതാകും. ഫ്രിഡ്ജില്‍ ഫ്രഷ് ജ്യൂസ് സൂക്ഷിക്കുന്നത് സൗകര്യപ്രദമാണെന്ന് തോന്നിയേക്കാം. പക്ഷേ ഇങ്ങനെ ചെയ്യുന്നതിന്റെ ജ്യൂസിന്റെ ഫ്രഷ്നെസ് ഇല്ലാതാക്കും. മികച്ച രുചിയും ഗുണവും ലഭിക്കാന്‍ ജ്യൂസ് ഉടന്‍ തന്നെ ഇത് കഴിക്കുന്നതാണ് നല്ലത്.
മിക്ക പഴങ്ങളും മധുരമുള്ളതായതിനാല്‍ തന്നെ അധികം പഞ്ചസാര ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ജ്യൂസില്‍ ചേര്‍ത്ത പഴങ്ങളുടെ പ്രകൃതിദത്തമായ മധുരം ആസ്വദിക്കുന്നതാണ് ഏറ്റവും ഉത്തമം.












Click it and Unblock the Notifications