നിങ്ങളുടെ കുട്ടിക്ക് ഇങ്ങനെയാണോ ഭക്ഷണം കൊടുക്കുന്നത്..!? ഒഴിവാക്കണം ഈ തെറ്റുകള്‍
കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുക എന്നതാണ് എല്ലാ മാതാപിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളി. ഒരാളുടെ ആജീവനാന്ത ഭക്ഷണ ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ രൂപപ്പെട്ടുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ സാഹചര്യത്തില്‍ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ മുതിര്‍ന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കുട്ടിക്കാലത്ത് തന്നെ കാണപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ ചിലപ്പോള്‍ തിരിച്ചടിയായേക്കാം എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇത് ചിലപ്പോള്‍ കുട്ടികള്‍ ഭക്ഷണങ്ങള്‍ നിരസിക്കുന്നതിനോ പോഷകം കുറഞ്ഞ ഓപ്ഷനുകള്‍ക്കായി മുന്‍ഗണന നല്‍കുന്നതിനോ കാരണമാകുന്നു. കുട്ടികള്‍ എന്താണ് കഴിക്കുന്നതെന്ന് എപ്പോഴും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. എങ്കിലും കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ എങ്ങനെയാണ് വളര്‍ത്തിയെടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മധുരപലഹാരങ്ങളും സോഡകളും വീട്ടില്‍ കൈയെത്തും ദൂരത്ത് വെച്ചിട്ട് അത് വിലക്കുന്നത് ശരിയായ പ്രവണതയല്ല. അങ്ങനെ വരുമ്പോള്‍ ആ പ്രത്യേക ഭക്ഷണം കഴിക്കാന്‍ കുട്ടി അമിത ആസക്തി പ്രകടിപ്പിക്കും. മറ്റെന്തൊക്കെ ഭക്ഷണങ്ങള്‍ നിങ്ങള്‍ കൊടുത്താലും അവര്‍ക്ക് വിലക്കപ്പെട്ട ഭക്ഷണമായിരിക്കും അവരുടെ മനസില്‍ നിറയെ. പിന്നീട് അവര്‍ക്കത് ലഭിക്കുമ്പോള്‍ ആവശ്യത്തേക്കാളേറെ കഴിക്കുകയും ചെയ്യും.
അതുപോലെ ഇത് കഴിച്ചാല്‍ നിങ്ങള്‍ക്ക് അത് കഴിക്കാന്‍ തരാം എന്ന വാഗ്ദാനം നടത്തുന്നവരാണ് മിക്ക മാതാപിതാക്കളും. ഇതൊരു മോശം വഴിയാണ് എന്നാണ് പറയപ്പെടുന്നത്. വളരെ നിയന്ത്രണങ്ങളുള്ള വീടുകളില്‍ വളരുന്ന കുട്ടികള്‍ അമിതഭാരമുള്ളവരും മധുരവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ജങ്ക് ഫുഡ് പരമാവധി വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണങ്ങളായ (ആപ്പിള്‍, കാരറ്റ്, കക്കരിക്ക) എന്നിവ പുറത്തെ യാത്രകള്‍ക്ക് പോകുമ്പോള്‍ കൈയില്‍ സൂക്ഷിക്കുക. ഇത് കുട്ടികളെ കൃത്യമായ ഭക്ഷണക്രമത്തിലും ലഘുഭക്ഷണ സമയക്രമത്തിലും നിലനിര്‍ത്തുന്നത് സഹായിക്കും. ചിലപ്പോള്‍ ഒരേ വീട്ടിലെ കുട്ടികള്‍ക്ക് വ്യത്യസ്ത ഭക്ഷണ ശീലങ്ങളും ശരീരവളര്‍ച്ചയും ആയിരിക്കും ഉണ്ടാകുക.
എന്ന് കരുതി അമിതഭാരമുള്ള കുട്ടിയുടെ ഭക്ഷണം പരിമിതപ്പെടുത്തുക എന്നത് ഒരിക്കലും ശരിയല്ല. അമിത ഭാരമില്ലാത്ത കുട്ടികള്‍ക്ക് ജങ്ക് ഫുഡും മറ്റും യഥേഷ്ടം ലഭ്യമാകാനും പാടില്ല. രണ്ട് കുട്ടികള്‍ക്കും ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. സ്വന്തം ഭക്ഷണശീലം വളര്‍ത്തുന്നതില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തണം എന്നാണ് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഒരു കുട്ടിക്ക് ഒരു പുതിയ ഭക്ഷണം ആദ്യ അവസരത്തില്‍ തന്നെ ഇഷ്ടമായെന്ന് വരില്ല. പത്തോ പതിനഞ്ചോ തവണ കഴിക്കാന്‍ ശ്രമിച്ചതിന് ശേഷം മാത്രമെ കുട്ടികള്‍ അവരുടെ ഇഷ്ടം തിരിച്ചറിയൂ. ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ശീലമാക്കുക. കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിക്കും.












Click it and Unblock the Notifications