നല്ല മീന്‍ നോക്കി എങ്ങനെ വാങ്ങുമെന്നറിയില്ലേ..? ടെന്‍ഷന്‍ വേണ്ട, ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
മീന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. കേരളം മത്സ്യസമ്പത്ത് കൊണ്ട് സമ്പന്നമാണ്. മലയാളികളില്‍ ഭൂരിഭാഗം പേരുടേയും ഭക്ഷണമെനുവില്‍ മീന്‍ ഉണ്ടായിരിക്കും. ട്രോളിംഗ് കളിഞ്ഞതോടെ കേരളത്തിലെ മത്സ്യവിപണി വീണ്ടും സജീവമായിരിക്കുകയാണ്. മീന്‍ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെങ്കിലും പലര്‍ക്കും എങ്ങനെയാണ് മീന്‍ തിരഞ്ഞെടുക്കേണ്ടത് എന്ന് അറിയില്ല എന്നതാണ് വാസ്തവം.
മാര്‍ക്കറ്റിലും മറ്റും ഐസുകള്‍ക്കിടയില്‍ കിടക്കുന്ന മീന്‍ നല്ലതായി തോന്നി വാങ്ങി വീട്ടിലെത്തി പാചകം ചെയ്യുമ്പോഴായിരിക്കും മീന്‍ അത്ര നല്ലതല്ല എന്ന് മനസിലാകുക. എങ്ങനെയാണ് നല്ല മീന്‍ തിരഞ്ഞെടുക്കേണ്ടത് എന്നോര്‍ത്ത് ഇനി ആരും ടെന്‍ഷനടിക്കേണ്ട. മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ഗുണമേന്മയുള്ള മീന്‍ തിരഞ്ഞെടുക്കാം. അതിനായി ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ മത്സ്യത്തിന്റെ രൂപം തന്നെയാണ് അതിന്റെ ഗുണനിലവാരം ആദ്യമായി ഡീകോഡ് ചെയ്യുന്നത്. തെളിഞ്ഞതും തിളങ്ങുന്നതുമായ തൊലിയുള്ള മത്സ്യങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. മങ്ങിയതോ നിറവ്യത്യാസമുള്ളതോ ആയ തൊലിയുള്ള മത്സ്യം കഴിവതും ഒഴിവാക്കുക. കാരണം ഇത് സമയം കഴിയുന്തോറും ഗുണനിലവാരം നഷ്ടപ്പെടാന്‍ കാരണമാകും.
മത്സ്യത്തിന്റെ കണ്ണുകള്‍ വ്യക്തവും വീര്‍ത്തതുമായിരിക്കണം. കുഴിഞ്ഞതോ മങ്ങിയതോ ആയ കണ്ണുകള്‍ ഉള്ള മത്സ്യം വാങ്ങാതിരിക്കുകയാണ് ഉചിതം. ഫ്രഷ് മത്സ്യത്തിന് രൂക്ഷമായ ഗന്ധം ഉണ്ടായിരിക്കില്ല. രൂക്ഷമായതോ ദുര്‍ഗന്ധമുള്ളതോ ആയ മത്സ്യങ്ങള്‍ കേടായതിനെയാണ് സൂചിപ്പിക്കുന്നത്. ഫ്രഷ് മത്സ്യത്തിന്റെ മാംസം ഉറച്ചതും നനഞ്ഞതും മൃദുവായി അമര്‍ത്തുമ്പോള്‍ സ്പ്രിംഗ് ബാക്ക് ആക്ഷന്‍ തരുന്നതോ ആയിരിക്കും.
തൊടുമ്പോള്‍ ഇത്തരം റിയാക്ഷന്‍ ഇല്ലാത്തവ വാങ്ങാതിരിക്കുക. മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ എടുത്ത് പരിശോധിക്കണം. ഇത് കടും ചുവപ്പോ പിങ്ക് നിറമോ ആയിരിക്കണം. മങ്ങിയതോ ചാരനിറത്തിലുള്ളതോ ആയ ചെകിളപ്പൂക്കള്‍ ഉള്ള മത്സ്യം ഒഴിവാക്കുക. ഇത് പഴകിയതാകാന്‍ കാരണമുണ്ട്. മുറിച്ച് വെച്ച മീനുകളുടെ മാംസം ഈര്‍പ്പമുള്ളതാണെന്ന് ഉറപ്പ് വരുത്തണം.
ഇതിന് നിറവ്യത്യാസമില്ല എന്ന് ഉറപ്പാക്കണം. ചെമ്മീന്‍, ലോബ്സ്റ്റര്‍ പോലുള്ളവ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെമ്മീന്‍ നന്നായി ചീഞ്ഞതാണെങ്കില്‍ തോടില്‍ വെള്ളം നില്‍ക്കുകയും നിറം കറുപ്പായി മാറിയിട്ടുമുണ്ടാകും. ഞണ്ട് വാങ്ങിക്കുമ്പോള്‍ അവയുടെ വയര്‍ഭാഗം അമര്‍ത്തി നോക്കി പൊള്ളയല്ലെന്ന് ഉറപ്പാക്കുക. കക്കയിറച്ചി പലപ്പോഴും നമുക്ക് ഒറ്റനോട്ടത്തില്‍ നല്ലതാണോ എന്ന് അറിയാന്‍ കഴിയില്ല. എങ്കിലും രൂക്ഷമായ ഗന്ധമില്ലാത്തവയാണെങ്കില്‍ വാങ്ങിക്കാം.












Click it and Unblock the Notifications