എത്ര ശ്രമിച്ചിട്ടും നല്ല ഓംലറ്റുണ്ടാക്കാന്‍ കഴിയുന്നില്ലേ..? ഇനി ടെന്‍ഷന്‍ വേണ്ട, ഇങ്ങനെ ചെയ്ത് നോക്കൂ
മുട്ട പോഷകദായകമായ ഭക്ഷ്യ ഉല്‍പ്പന്നമാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. മുട്ട കൊണ്ടുള്ള വിഭവങ്ങളില്‍ ഏറ്റവും ജനപ്രിയമാണ് ഓംലറ്റ്. ഏറ്റവും വേഗത്തില്‍ ഉണ്ടാക്കാനാകും എന്നതിനാല്‍ തന്നെ പലര്‍ക്കും ഓംലറ്റ് ഉണ്ടാക്കാന്‍ അറിയുമായിരിക്കും. എന്നാല്‍ എങ്ങനെയാണ് ശരിയായ രീതിയില്‍ ഓംലറ്റ് ഉണ്ടാക്കുക എന്നത് പലര്‍ക്കുമറിയില്ല. മുട്ട പാകം ചെയ്യുന്നത് ഒരു കലയാണെന്ന് പറയുന്നതില്‍ പോലും തെറ്റില്ല.
ആ കലയില്‍ പ്രാവീണ്യം നേടുന്നത് ഒരു വെല്ലുവിളിയാണ്. ചിലപ്പോള്‍ മഞ്ഞക്കരു പൊട്ടി ചട്ടിയിലാകെ പടരും. ഇനി അത് നന്നായി എടുക്കാന്‍ കഴിഞ്ഞാലും അമിതമായി വേവിക്കുന്നതും അത് കരിഞ്ഞ് പോകുന്നതുമെല്ലാം സര്‍വസാധാരണമാണ്. അതിനാല്‍ എങ്ങനെയാണ് ഒരു പാചകവിദഗ്ധനെ പോലെ ഓംലറ്റുണ്ടാക്കേണ്ടത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

എപ്പോഴും ഗുണനിലവാരമുള്ള മുട്ടകള്‍ ഉപയോഗിക്കുക എന്നതാണ് ഇതില്‍ ഏറ്റവും ആദ്യം നമ്മള്‍ ചെയ്യേണ്ടത്. മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതാണെങ്കില്‍ അത് അല്‍പനേരം പുറത്തെ ഊഷ്മാവില്‍ വെക്കണം. തണുത്ത മുട്ട ഫ്രൈ ചെയ്യുമ്പോള്‍ മഞ്ഞക്കരു അമിതമായി വെന്ത് പോകാന്‍ സാധ്യതയുണ്ട്. മുട്ട ശ്രദ്ധാപൂര്‍വ്വം പൊട്ടിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. മുട്ട പൊട്ടിക്കുമ്പോള്‍ അതിന്റെ തോട് പാത്രത്തില്‍ വീഴാതിരിക്കണം.
മുട്ട പൊട്ടിച്ച ശേഷം അതിലേക്ക് അരിഞ്ഞ ഉള്ളി, വട്ടത്തില്‍ മുറിച്ച പച്ചമുളക്, ഉപ്പ്, കറിവേപ്പില എന്നിവയിടുക. ശേഷം നന്നായി ഇളക്കുക. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും ഒന്നാകുന്നത് പോലെ വേണം ഇളക്കാന്‍. ഓംലറ്റുണ്ടാക്കാന്‍ ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ആണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഇത് മുട്ട ഒട്ടിപ്പിടിക്കുന്നത് തടയും. പാന്‍ ശരിയായ ചൂടായി എന്ന് ഉറപ്പാക്കണം. തീരെ ചൂട് ഇല്ലാതെയും അമിതമായ ചൂടിലും ഓംലറ്റുണ്ടാക്കരുത്.
നോണ്‍ സ്റ്റിക് പാന്‍ അല്ലെങ്കിലും കുഴപ്പമില്ല. പാന്‍ ചൂടാകുന്നതിന് അനുസരിച്ച് വെളിച്ചെണ്ണയോ നെയ്യോ പാനില്‍ പുരട്ടണം. ഇത് ചൂടാകാന്‍ അല്‍പസമയം കൊടുത്ത ശേഷം നേരത്തെ തയ്യാറാക്കി വെച്ച മുട്ട പാനിലേക്ക് ഒഴിക്കാം. ശേഷം പാന്‍ എടുത്ത് ചെറുതായി വശങ്ങളിലേക്ക് ചെരിച്ച് പാനിന്റെ വട്ടത്തിന് അനുസരിച്ച് മുട്ടയുടെ ആകൃതി മാറ്റുക. ഇത് വേവുന്നതിന് മുന്‍പ് അല്‍പ്പം കുരുമുളക് മുകളില്‍ വിതറാം.
30 സെക്കന്റിന് ശേഷം നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഓംലറ്റ് മറിച്ചിടാം. ഒരു വശം മാത്രം വേവിച്ച ഓംലറ്റ് മതിയെങ്കില്‍ അങ്ങനെ തന്നെ അടച്ച് വെച്ച് തീ അണക്കാം. ഓംലറ്റുണ്ടാക്കുന്നത് ഒരു കലയാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാല്‍ ഏതൊരു കാര്യത്തിലും എന്ന പോലെ മുട്ട പൊരിച്ചെടുക്കുന്ന കലയില്‍ പ്രാവീണ്യം നേടുന്നതിന് പ്രാക്ടീസ് പ്രധാനമാണ്.












Click it and Unblock the Notifications