ഈ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിക്കോളൂ, കൊക്കെയ്നിന് സമാനമായ അപകടം ചെയ്യുമെന്ന് പഠനങ്ങൾ
ചായ അഡിക്ടീവ് ആണെന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. സ്ഥിരമായി ചായ കുടിക്കുന്നവർക്ക് ഒരു പ്രത്യേക സമയത്ത് ചായ കിട്ടാതെയായാൽ തലവേദന , തളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വരുന്നതും നമുക്ക് അറിവുള്ളതാകാം. എന്നാൽ ലഹരി പദാർത്ഥമായ കൊക്കെയിനെപ്പോലെ ആസക്തിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ നമ്മൾ സാധാരണയായി ഉപയോഗിച്ചു വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വളരെ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളാണ് ഇവ എന്നുള്ളതാണ് ശാസ്ത്ര ലോകത്തെയും ഞെട്ടിക്കുന്നത്.

പൊട്ടേറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സും ഐസ്ക്രീമും കൊക്കെയ്ൻ പോലെ മനുഷ്യരെ ആസക്തിക്കിടയാക്കാൻ സാധ്യതയുള്ള ഭക്ഷണ പദാർത്ഥങ്ങളാണെന്നാണ് പുതിയ കണ്ടെത്തൽ. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ് പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗെരാർഹാർഡാണ് പഠനത്തിന് നേതൃത്വം നൽകിയത്. 36 രാജ്യങ്ങളിൽ നിന്ന് 281 കേന്ദ്രങ്ങൾ ക്രമീകരിച്ചാണ് ഇദ്ദേഹം പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്തവരിൽ 14 ശതമാനം പേരും ഇവയ്ക്ക് അഡിക്ട് ആണെന്ന് കണ്ടെത്തുകയായിരുന്നു. അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളായ ഇവ നിക്കോട്ടിൻ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു.
പത്തു പേരിൽ ഒരാൾക്ക് എന്ന നിലയിൽ ഈ സമാന അഡിക്ഷൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒന്നിലധികം പ്രക്രിയകളിലൂടെ കടന്ന് പോയി നിർമിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെയാണ് പ്രൊസസ്ഡ് ഫുഡ് എന്ന് പറയുന്നത്. ഐസ്‌ക്രീം, മിഠായികൾ, എനർജി ബാറുകൾ, പായ്ക്കറ്റിൽ കിട്ടുന്ന പലഹാരങ്ങൾ, കുക്കി, കേക്ക്, പേസ്ട്രി തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപ്പെടും. ഇവ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കുന്നുണ്ട്.
എന്തു കൊണ്ടാണ് ഉരുളക്കിഴങ്ങ് ചിപ്സും ഐസ്ക്രീമും തിന്നു തുടങ്ങിയാൽ നിർത്താൻ പറ്റാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതിനുളള ഉത്തരവും ഗവേഷകർ നൽകുന്നുണ്ട്. സാധാരണ ഭക്ഷണം കഴിക്കുന്നതിനേക്കാൾ കലോറി കൂടുതലാണ് പ്രൊസസ്ഡ് ഭക്ഷണയിനങ്ങൾക്ക്. ഇവ കഴിക്കുമ്പോൾ ശരീരത്തിൽ പെട്ടെന്ന് ഡോപമിൻ എന്ന ഹോർമോൺ അളവം പെട്ടെന്ന് കൂടുകയും പെട്ടെന്ന് കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇത് ഒരു തരം അഡിക്ഷൻ ശരീരത്തിൽ നിലനിർത്തും. അങ്ങനെ പായ്ക്കറ്റ് തീരുന്നതു വരെ ചിലർക്ക് ചിപ്സ് മാറ്റി വയ്ക്കാൻ തോന്നില്ല.
സംസ്കരിച്ച കാർബോഹൈഡ്രേറ്റ്സും കൊഴുപ്പുമാണ് ഈ അഡിക്ഷൻ സൃഷ്ടിക്കുന്നത്. സാധാരണ പ്രകൃതിദത്തമായ ഭക്ഷണത്തിൽ ഇവ ഉണ്ടെങ്കിലും കാർബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അളവ് സന്തുലിതമായിരിക്കും. എന്നാൽ പ്രൊസസ്ഡ്, അൾട്രാ പ്രൊസസ്ഡ് ഭക്ഷണത്തിൽ ഇവയുടെ അളവ് വളരെ കൂടുതൽ ആയിരിക്കും.
അതേ സമയം എല്ലാവർക്കും ഈ സാധനങ്ങൾ അഡിക്ഷൻ ഉണ്ടാക്കണമെന്ന് നിർബന്ധമില്ലെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. പലരിലും പലരീതിയിലായിരിക്കും ഡോപമിന്റെ ഉയർച്ചയും താഴ്ച്ചയും. അതു കൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് അകലം പാലിക്കാൻ മടിക്കരുതെന്നും ആരോഗ്യം സ്വന്തം ഉത്തരവാദിത്തമാണെന്നും ഗവേഷകർ ഓർമിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications