നൈറ്റ് ഡ്യൂട്ടിയാണോ...? ചായയും കാപ്പിയും കണക്കില്ലാതെ കുടിക്കരുത്; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
ഇന്നത്തെ കാലത്ത് പല സമയങ്ങളില്‍ നമുക്ക് ജോലി ചെയ്യേണ്ടി വരും. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 24 മണിക്കൂര്‍ ഷിഫ്റ്റ് ആണ് ഉണ്ടാകാറുള്ളത്. മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ചില ഐടി മേഖലയില്‍ ഉള്ളവരും എല്ലാം ഇത്തരത്തില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നവരാണ്. പലപ്പോഴും ഷിഫ്റ്റിലുള്ള ഈ വ്യത്യാസം ജീവനക്കാരുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും.
രാത്രിയില്‍ ജോലി ചെയ്യുന്നത് ഉറക്കത്തെ മാത്രമല്ല ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത് ഉറക്കത്തിന്റെ സ്വാഭാവിക താളം തടസ്സപ്പെടുത്തുന്നു. ഇങ്ങനെ വരുമ്പോള്‍ ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. പലരിലും ഉത്കണ്ഠ, ടെന്‍ഷന്‍, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളും ഇത്തരം ജോലി സാഹചര്യങ്ങള്‍ കാരണം കാണാറുണ്ട്.

മലബന്ധം, അസിഡിറ്റി, വയറുവേദന തുടങ്ങിയവ പോലുള്ള കുടലിന്റെ ആരോഗ്യത്തെക്കുറിച്ച് അത്തരത്തിലുള്ള പലരും പരാതിപ്പെടുന്നതായി കണ്ടിട്ടുണ്ട്. ചില ഭക്ഷണ ശീലങ്ങള്‍ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ഉറക്കം തടയാന്‍, ആളുകള്‍ കൂടുതല്‍ കഫീന്‍ അഥവാ കാപ്പി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഇത് ആമാശയത്തെ ദോഷകരമായി ബാധിക്കുന്നു. ഭക്ഷണം തന്നെയാണ് ഇതിന് പ്രധാന കാരണം.
രാത്രി ഉറക്കമൊഴിക്കുമ്പോള്‍ നമ്മള്‍ പകല്‍ സമയങ്ങളില്‍ കഴിക്കുന്ന പതിവ് ഭക്ഷണമല്ല കഴിക്കേണ്ടത്. രാത്രി വൈകിയോ രാത്രിയിലോ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും ഈ സമയം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നു. ശരീരത്തിലെ മെറ്റബോളിസവും ദഹനപ്രക്രിയയും മന്ദഗതിയിലാകുന്നതിനാല്‍ രാത്രിയില്‍ ലഘുഭക്ഷണം മാത്രമേ കഴിക്കാവൂ. ഇത് പാലിക്കാത്തതിനാല്‍ വയറുവേദന, മലബന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും.
ഇതിന് പ്രതിവിധിയായി ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം നിഷ്‌കര്‍ഷിക്കുന്നത് രാത്രി ജോലി ഒഴിവാക്കുക എന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് പ്രായോഗികമായി സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് അവരുടെ ഭക്ഷണശീലങ്ങള്‍ മാറ്റം വരുത്തണം. രാത്രി ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ഭക്ഷണ ശീലങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
കഫീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. 2 കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കാന്‍ പാടില്ല. രാത്രി ജോലിക്കിടിയെ ഉറക്കം വരുന്നെങ്കില്‍ ഹെര്‍ബല്‍ കഴിക്കണം. രാത്രി നേരിയ ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. അധികം മുളകും മസാലകളും അടങ്ങിയിട്ടില്ലാത്ത ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ജോലി കഴിഞ്ഞ ശേഷം കഴിക്കുന്ന ഭക്ഷണം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ഉള്ളതാണെന്ന് ഉറപ്പാക്കുക.
രാത്രിയില്‍ പിസ്സ, ബര്‍ഗര്‍, ബ്രെഡ്, മധുരപലഹാരങ്ങള്‍, ഷേക്ക്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ചോക്ലേറ്റ് തുടങ്ങിയ വറുത്തതും ഫാസ്റ്റ് ഫുഡുകളും കഴിക്കുന്നത് ഒഴിവാക്കുക. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനിടയാക്കും. രാത്രിയില്‍ വിശക്കുമ്പോള്‍ പനീര്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ സാലഡുകള്‍ കഴിക്കാം.












Click it and Unblock the Notifications