രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കാറുണ്ടോ? ഇത് പ്രായമാകുന്നതിന്റെ മാത്രം ലക്ഷണമല്ല
രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാന്‍ വേണ്ടി ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ എഴുന്നേല്‍ക്കുന്നത് പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണമായി പലരും തള്ളിക്കളയാറുണ്ട്. എന്നാല്‍ ഇത് കേവലം ഒരു അസ്വസ്ഥതയല്ല, മറിച്ച് ശരീരത്തില്‍ മറഞ്ഞിരിക്കുന്ന പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം. രാത്രിയില്‍ ഉറക്കം തടസപ്പെടുത്തി പലതവണ മൂത്രമൊഴിക്കേണ്ടി വരുന്ന ഈ അവസ്ഥയെയെ നോക്റ്റൂറിയ എന്നാണ് പറയുന്നത്.
നോക്റ്റൂറിയയുടെ കാരണങ്ങള്‍
1. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍: പുരുഷന്മാരില്‍ നോക്റ്റൂറിയയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമാണ് (Benign Prostatic Hyperplasia - BPH). പ്രായമാകുമ്പോള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുകയും മൂത്രനാളിയെ അമര്‍ത്തുകയും ചെയ്യുന്നു. ഇത് മൂത്രം പൂര്‍ണമായും ഒഴിച്ചുകളയാന്‍ തടസമുണ്ടാക്കുന്നു. ഇതുമൂലം മൂത്രസഞ്ചി പെട്ടെന്ന് നിറയുകയും രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുകയും ചെയ്യുന്നു. ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെയും ഒരു ലക്ഷണമാകാം.
2. ഹൃദയം, കരള്‍, വൃക്ക രോഗങ്ങള്‍
3. പ്രമേഹം: രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍, ശരീരം അധികമുള്ള പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ ശ്രമിക്കുന്നു. ഈ പ്രക്രിയയില്‍ ശരീരത്തിലെ ജലാംശം വന്‍തോതില്‍ നഷ്ടപ്പെടുകയും, ഇത് അമിതമായ ദാഹത്തിനും ഇടയ്ക്കിടെയുള്ള മൂത്രശങ്കയ്ക്കും കാരണമാകുന്നു. പ്രമേഹം നിയന്ത്രണവിധേയമല്ല എന്നതിന്റെ ആദ്യകാല സൂചനകളില്‍ ഒന്നാണിത്.

4. മൂത്രസഞ്ചിയിലെ പ്രശ്‌നങ്ങള്‍: മൂത്രസഞ്ചിയുടെ സംഭരണശേഷി കുറയുന്നതോ പേശികളുടെ അമിത പ്രവര്‍ത്തനമോ നോക്റ്റൂറിയയ്ക്ക് കാരണമാകാം. മൂത്രനാളിയിലെ അണുബാധ മൂത്രസഞ്ചിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മൂത്രസഞ്ചിയിലെ കല്ലുകള്‍ മൂലവും മൂത്രശങ്ക ഉണ്ടാകാം.
5. ഉറക്കത്തിലെ തടസങ്ങള്‍: ഉറക്കത്തില്‍ ശ്വസനം തടസ്സപ്പെടുന്ന 'ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' ഉള്ളവരില്‍ രാത്രികാല മൂത്രശങ്ക കൂടുതലായി കാണപ്പെടുന്നു. ശ്വസനതടസ്സം ഉണ്ടാകുമ്പോള്‍ ഹൃദയം സമ്മര്‍ദത്തിലാവുകയും ഏട്രിയല്‍ നാട്രിയൂററ്റിക് പെപ്‌റ്റൈഡ് എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് കാരണം ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നു.
നോക്റ്റൂറിയയുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് വേണ്ടി നിര്‍ദേശിക്കുന്ന പരിശോധനകള്‍ ഇതാണ്:
1. മൂത്രപരിശോധന: അണുബാധകള്‍, ഗ്ലൂക്കോസ് അളവ്, മറ്റ് അസാധാരണതകള്‍ എന്നിവ തിരിച്ചറിയാന്‍ യൂറിനാലിസിസ്, യൂറിന്‍ കള്‍ച്ചര്‍ ടെസ്റ്റുകള്‍ സഹായിക്കും.
2. രക്തപരിശോധന: പ്രമേഹം, വൃക്കകളുടെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ അളവ് എന്നിവ പരിശോധിക്കാന്‍.
3. ഇമേജിംഗ് ടെസ്റ്റുകള്‍: ആവശ്യമെങ്കില്‍ അള്‍ട്രാസൗണ്ട് പോലുള്ള പരിശോധനകള്‍ ചെയ്യാം. മൂത്രസഞ്ചിയുടെയും വൃക്കകളുടെയും ഘടന വിലയിരുത്താന്‍ സഹായിക്കും.
4. ബ്ലാഡര്‍ ഡയറി: ദ്രാവക ഉപഭോഗം, മൂത്രമൊഴിക്കുന്ന അളവും സമയവും, രാത്രിയില്‍ എത്ര തവണ എഴുന്നേല്‍ക്കുന്നു എന്നിവ കുറിച്ചിടുന്നത് മൂത്രമൊഴിക്കുന്നതിന്റെ അളവ് മനസിലാക്കാനും ചികിത്സയ്ക്കും സഹായിക്കുന്നു.
എങ്ങനെ ചികിത്സിക്കാം ?
നോക്റ്റൂറിയയ്ക്കുള്ള ചികിത്സ അതിന് കാരണമാകുന്ന അടിസ്ഥാന ഘടകത്തെ ആശ്രയിച്ചിരിക്കും. ചില സാഹചര്യങ്ങളില്‍ മരുന്ന് കഴിച്ചാല്‍ തന്നെ രോഗം ഭേദമാകും. മറ്റ് അടിസ്ഥാന രോഗങ്ങളും കൃത്യമായി ചികിത്സിക്കണം. ജീവിതശൈലി മാറ്റങ്ങളിലൂടെയും ഒരു പരിധി വരെ രാത്രിയിലെ മൂത്രമൊഴിക്കല്‍ കുറയ്ക്കാം. വൈകുന്നേരവും ഉറങ്ങുന്നതിന് മുമ്പും ദ്രാവകം കഴിക്കുന്നത് പരിമിതപ്പെടുത്തുക. കഫീന്‍, മദ്യപാനം എന്നിവ ഒഴിവാക്കുക, ഇത് കൂടാതെ പെല്‍വിക് ഫ്‌ളോര്‍ പേശികളെ ശക്തിപ്പെടുത്തുന്നത് മൂത്രാശയ നിയന്ത്രണം മെച്ചപ്പെടുത്തും. നോക്റ്റൂറിയയ്ക്ക് കാരണമായേക്കാവുന്ന ഉത്കണ്ഠയും സമ്മര്‍ദവും നിയന്ത്രിക്കാന്‍ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സഹായിക്കും. മറ്റ് ചികിത്സകള്‍ ഫലപ്രദമല്ലാത്ത ഗുരുതരമായ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ പരിഗണിക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
- രാത്രിയില്‍ ഒരു തവണയില്‍ കൂടുതല്‍ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കുക.
- മൂത്രമൊഴിക്കുമ്പോള്‍ നീറുന്നതുപോലെയുള്ള വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക.
- മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക.
- മൂത്രം ഒഴിച്ചു കഴിഞ്ഞാലും ബാക്കിയുള്ളതുപോലെ തോന്നുക.
- ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഒരു യൂറോളജി ഡോക്ടറിനെ സമീപിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുക.
വിവരങ്ങൾക്ക് കടപ്പാട്:
Dr. Pillai Biju Sukumaran
Senior Consultant
Department of Urology
Apollo Adlux Hospital, Angamaly












Click it and Unblock the Notifications