മുടി കൊഴിച്ചിൽ ആത്മവിശ്വാസം കളയുന്നുണ്ടോ? സ്വിച്ചിട്ട പോലെ പിടിച്ച് നിർത്താം; ഇതാ മാർഗങ്ങൾ
മുടി കൊഴിച്ചിൽ സകല ആത്മവിശ്വാസവും കളയുമെന്ന കാര്യത്തിൽ തർക്കമില്ല. മുടി ആരോഗ്യകരമായി നിലനിർത്താൻ പുറത്തുനിന്നും അകത്ത് നിന്നും സംരക്ഷണം നൽകണം. അകത്ത് നിന്ന് എന്ന് പറയുമ്പോൾ ഡയറ്റിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയെന്നതാണ് പ്രധാനം. ബാഹ്യപരിചരണത്തിന് പ്രകൃതിദത്ത ചേരുവകൾ തന്നെയാണ് നല്ലത്. മുടി കൊഴിയാതിരിക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ചില ചേരുവകളാണ് ഇന്ന് പറയുന്നത്
ഉലുവ തേക്കാം
മുടി കൊഴിച്ചിൽ തടയാൻ ഉത്തമമാണ് ഉലുവ. മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉലുവയിൽ ധാരാളം ഉണ്ട്. കൂടാതെ ഇരുമ്പ്, വിറ്റാമിൻ എ, സി എന്നിവയും നിക്കോട്ടിൻ ആസിഡും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ലെസിത്തിൻ തലയോട്ടിയിലെ ജലാംശം വർദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. ഉലുവ തലേന്നാൾ കുതിർത്ത് പിറ്റേന്ന് അരച്ച് തലയിൽ 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകി കളയാം.ഉലുവ എണ്ണയും ഫലപ്രദമാണ്.

ചെറുനാരങ്ങയും നല്ലത്
മുടിയിഴകളെ ശക്തിപ്പെടുത്തുന്ന വിറ്റാമിൻ സി നാരങ്ങാനീരിൽ ഉണ്ട്. മാത്രമല്ല ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങാനീരിൻ്റെ അസിഡിറ്റിക്ക് തലയോട്ടി ശുചിയായി സൂക്ഷിക്കാനും എണ്ണയും അഴുക്കും നീക്കം ചെയ്യാനും സഹായിക്കും. ചെറുനാരങ്ങ നീര് നേരിട്ട് തലയിൽ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
മുട്ട മാസ്ക് ബെസ്റ്റാണ്
മുടിക്ക് വേണ്ട പോഷകങ്ങൾ ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട മാസ്ക് തയ്യാറാക്കാനായി ആദ്യം ഒരു മുട്ടയെടുത്ത് നന്നായി അടിച്ചെടുക്കാം. അതിന് ശേഷം ഇത് നേരെ തലയോട്ടിയിൽ തേച്ച് പിടിപ്പക്കാം. ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച് വെച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
ആപ്പിൾ സിഡാർ വിനഗറും
തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കി നിർത്താൻ ആപ്പിൾ സിഡാർ വിനേഗർ സഹായിക്കും. തലയോട്ടിയിലാണ് ഇത് തേച്ച് പിടിപ്പിക്കേണ്ടത്. അധിക സമയം വെയ്ക്കേണ്ട കാര്യമല്ല, പെട്ടെന്ന് തന്നെ കഴുകിക്കളയാം.
ഗ്രീൻ ടീ തടി കുറക്കാൻ മാത്രമല്ല
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. ഗ്രീൻ ടീ തലയിൽ തേച്ച് പിടിപ്പിച്ച് ഏകദേശം 30 മിനിറ്റോളം വെച്ച് കഴുകിക്കളയാം
ഈ എണ്ണകളും ഉപയോഗിച്ചോളൂ
റോസ്മെരി, ലാവന്റർ പോലുള്ള എണ്ണകൾ മുടി വളർച്ചയെ സഹായിക്കും. ഏതെങ്കിലും കാരിയർ ഓയിലിനൊപ്പം ഇത് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.












Click it and Unblock the Notifications