ചക്ക ധൈര്യമായി കഴിച്ചോളൂ, ചര്‍മ്മം വെട്ടിത്തിളങ്ങും; എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ വേറേയും
ചക്കയുടെ മണമോ അതിന്റെ വ്യതിരിക്തമായ രൂപമോ കാരണം മനംമടുത്തവരില്‍ ഒരാളാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരം എങ്കില്‍ ആ ചിന്ത മാറ്റാന്‍ നിങ്ങള്‍ വൈകിപ്പോയി എന്നേ പറയാനുള്ളൂ. എല്ലാ പ്രധാന സൂക്ഷ്മ പോഷകങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു പോഷക ശക്തികേന്ദ്രമാണ് ചക്ക. മറ്റ് മായങ്ങളൊന്നുമില്ലാത്ത ഈ ഫലം നമ്മളില്‍ പലരുടേയും വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്.
പഴുത്ത ശേഷം പഴുക്കുന്നതിന് മുന്‍പും ഇത് വിവിധ രൂപത്തില്‍ കഴിക്കാം എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ചക്കയുടെ ഇനി പറയാന്‍ പോകുന്ന ഗുണങ്ങള്‍ ഇത് നിങ്ങളുടെ ഇഷ്ടഭക്ഷണമാക്കി മാറ്റാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ചക്കക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ഇത് നിങ്ങളുടെ രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാന്‍ സഹായിക്കുന്നു.

ചക്ക വിത്ത് ഭക്ഷണ നാരുകളുടെ നല്ല ഉറവിടമാണ് എന്നാണ് ശ്രീലങ്കയിലെ ശ്രീ ജയവര്‍ദ്ധനെപുര സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ചക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്ന വീക്കം തടയാന്‍ സഹായിക്കും. മേരിലാന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടത്തിയ ഒരു പഠനത്തില്‍, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തിയിരുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക്, ക്യാന്‍സര്‍ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ് എന്ന് കണ്ടെത്തിയിരുന്നു. നിങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്‌നമുള്ള ഒരാളാണെങ്കില്‍ ചക്ക നല്ലതാണ്. ചക്കയില്‍ ഫ്‌ലേവനോണുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് സാധാരണ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പ്രമേഹം സ്വാഭാവികമായി നിയന്ത്രിക്കാന്‍ ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ നിങ്ങളെ ഒരുപാട് മുന്നോട്ട് പോകാന്‍ സഹായിക്കും. ടൈപ്പ്-2 പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ നിങ്ങള്‍ക്ക് ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാം. ഉദാഹരണത്തിന്, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചക്ക ഉള്‍പ്പെടുത്തുന്നത് ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകളാണ് ഇതിന് കാരണം. ചക്കയിലെ ഉയര്‍ന്ന വിറ്റാമിന്‍ എ, സി എന്നിവയുടെ ഉള്ളടക്കം നിരവധി രോഗങ്ങളെ തടയുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് വൈറല്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റമിന്‍ സി പോലുള്ള പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കൂടുതലായതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിയും.












Click it and Unblock the Notifications