'താമര'യോട് താത്പര്യമില്ലേ? വേണ്ട, വിത്തിനോട് നോ പറയേണ്ട; തടി കുറക്കുന്നത് മുതൽ പ്രമേഹം തടയാൻ വരെ നല്ലത്
താമര പൂവ് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എത്ര പേർക്ക് താമര വിത്തിന്റെ ഗുണങ്ങളറിയാം? ആരോഗ്യഗുണങ്ങളുടെ കലവറയാണിവ.അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.
പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ തടി കുറയക്കാൻ വരെ ഇവ സഹായിക്കുന്നു. ഇവ പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് ഇരട്ടിഫലം ആണ് നൽകുന്നത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് നോക്കാം.

തടി കുറക്കാൻ സഹായിക്കും
കൊഴുപ്പ് കോശങ്ങൾ മൂലമാണ് ശരീര ഭാരം കൂടുന്നത്. കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാൻ താമര വിത്തുകൾക്ക് കഴിയുമത്രേ. താമര വിത്തുകളിലെ പോളിഫെനോളുകൾ ശരീരത്തിൻ്റെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും. എന്നിരുന്നാലും ഭാരം കുറക്കാൻ എത്രത്തോളം താമരവിത്ത് സഹായിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡിപ്രഷനെ നേരിടാൻ സഹായിക്കും
താമര വിത്തുകളിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്ലേവനോയ്ഡുകളും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. താമര വിത്തുകളിലെ ആൽക്കലോയിഡുകൾ കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കുമത്രേ, അതുവഴി വിഷാദരോഗവും ഇല്ലാതാക്കും.
ആന്റി ഓക്സിഡന്റുകൾ
താമര വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ശരീരത്തിലെ ഹാനികരമായ തന്മാത്രകളെ ചെറുക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ
പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാൻ താമരവിത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾക്ക് സാധിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനം കൂട്ടുന്നു. മാത്രമല്ല പ്രോട്ടീന്റെ അളവ് നിലനിർത്തുകയും ചെയ്യും.
ഗർഭസ്ത സ്ത്രീകൾക്ക്
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ നൽകാൻ താമരവിത്ത് സഹായിക്കും. അതുകൊണ്ട് തന്നെ ഒരുപിടി താമരവിത്ത് ദിവസവും കഴിക്കാം. ചെറിയ കുട്ടികളിൽ വിശപ്പില്ലായ്മ പരിഹരിക്കാനും താമര വിത്ത് കഴിക്കാറുണ്ട്. എന്നാൽ ഗർഭിണികളും കുട്ടികളും താമര വിത്ത് കഴിക്കുമ്പോൾ ഡോക്ടർമാരുടെ നിർദ്ദേശം തേടാൻ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.
എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം?
താമര വിത്ത് കഴിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആർറിത്മിയ പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഇത് കഴിക്കുന്നത് ശരീരത്തിന്റെ ചൂട് കൂടാൻ കാരണമാകും. പ്രായമായവരും കുട്ടികളും താമര വിത്തുകളുടെ ഉപയോഗത്തെ ശ്രദ്ധയോടെ സമീപിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.












Click it and Unblock the Notifications