ഗ്യാസിന്റെ അസ്വസ്ഥതയും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം?
വയറിന്റെ മുകള്‍ ഭാഗത്തെ വേദന സാധാരണ ഗ്യാസിന്റെ പ്രശ്‌നമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് ഒരുപേക്ഷ ഹൃദയാഘാതത്തിന്റെ ലക്ഷണമായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. തിരക്കിട്ട ജീവിതത്തില്‍ പലരും ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു. കടുത്ത നെഞ്ചുവേദനയോ മുകള്‍ ഭാഗത്ത് വയറുവേദനയോ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളറിയുന്നത് വേഗത്തില്‍ പ്രവര്‍ത്തിക്കാനും അപകടം കുറയ്ക്കാനും സഹായിക്കും.
ആഹാരം ഹെവിയായി കഴിക്കുമ്പോഴാണ് ഗ്യാസിന്റെ പ്രശ്‌നം സാധാരണയായി തുടങ്ങുന്നത്. വയറു വീര്‍ക്കല്‍, നെഞ്ചെരിച്ചില്‍, വയറു നിറഞ്ഞ പ്രതീതി എന്നിവ അനുഭവപ്പെടാം. ഏമ്പക്കം വിടുമ്പോഴോ ഗ്യാസ് പുറത്തുപോകുമ്പോഴോ വേദനയ്ക്ക് ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ഹൃദയാഘാതത്തിന്റെ അസ്വസ്ഥത ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

ഹൃദയാഘാതത്തിന്റെ അസ്വസ്ഥത നെഞ്ചിലോ വയറിന്റെ മുകള്‍ ഭാഗത്തോ ആരംഭിക്കാം. നെഞ്ചില്‍ കനത്ത സമ്മര്‍ദമോ മുറുക്കമോ പോലെ ഇത് അനുഭവപ്പെടും. കടുത്ത നെഞ്ചെരിച്ചില്‍ പോലെയും തോന്നാം. വേദന ഇടത് കൈ, പുറംഭാഗം, കഴുത്ത്, താടിയെല്ല്, രണ്ട് കൈകള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കാം. വിശ്രമിച്ചാലും പലപ്പോഴും ആശ്വാസം ലഭിക്കാറില്ല.
പെട്ടന്നുള്ള നെഞ്ചുവേദന, വയറുവേദന, ശ്വാസം മുട്ടല്‍, വിയര്‍പ്പ്, ഓക്കാനം എന്നിവ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മുന്നറിയിപ്പ് അടയാളങ്ങളാണ്. ചിലര്‍ തലകറങ്ങുകയോ ബോധരഹിതരാകുകയോ ചെയ്യാം. സ്ത്രീകള്‍, പ്രായമായവര്‍, പ്രമേഹരോഗികള്‍ എന്നിവര്‍ക്ക് നേരിയ വേദനയായും ക്ഷീണം, അസ്വസ്ഥത, ശ്വാസം മുട്ടല്‍ എന്നിവയായും അനുഭവപ്പെടാം.
പുളിച്ച രുചി, ഏമ്പക്കം, വയറിലെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ എന്നിവ ഗ്യാസിന്റെ ലക്ഷണങ്ങളാണ്. വയര്‍ കട്ടിയുള്ളതായിട്ടോ വീര്‍ത്തതായിട്ടോ തോന്നാം. ഗ്യാസിന്റെ ലക്ഷണങ്ങള്‍ ഏറെ നേരം നീണ്ടും നില്‍ക്കാറില്ല. മലം പോകുമ്പോഴോ ഗ്യാസ് പുറത്തുപോകുമ്പോഴോ വേദന കുറയാം.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുകവലിക്കുന്നവര്‍ക്കും കുടുംബ ചരിത്രമുള്ളവര്‍ക്കും ഈ അപകടസാധ്യത കൂടുന്നു. അത്തരം വ്യക്തികള്‍ക്ക് നെഞ്ചുവേദനയോ വയര്‍ വേദനയോ അനുഭവപ്പെട്ടാല്‍ ഹൃദയാഘാതത്തിന് അടിയന്തിര ചികിത്സ തേടണം.
ഗ്യാസിന്റെ വേദന കടുത്ത മലബന്ധമോ പുകച്ചിലോ പോലെയാകാം. ഇത് വയറിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറാം. എന്നാല്‍ ഹൃദയാഘാതത്തിന്റെ വേദന കൂടുതല്‍ സമ്മര്‍ദം, ഞെരുക്കം, നെഞ്ചില്‍ കനം എന്നിവയായി മാറാറുണ്ട്. ഇത് ഒരു സ്ഥലത്ത് നിലനില്‍ക്കുകയും ക്രമേണ കൂടുകയും ചെയ്യും.
ഗ്യാസിന്റെ വേദന ഭക്ഷണം കഴിച്ചയുടന്‍ പ്രത്യക്ഷപ്പെടുകയും സാവധാനം കുറയുകയും ചെയ്യും. വീട്ടിലെ പരിചരണം കൊണ്ട് വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ഹൃദയാഘാതത്തിന്റെ വേദന ഏറെ നേരം നീണ്ടുനില്‍ക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാം.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ക്ക് വീട്ടുവൈദ്യങ്ങള്‍ പര്യാപ്തമല്ല. വൈദ്യോപദേശം ഇല്ലാതെ ഗുളികകള്‍ കഴിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തും. ഹൃദയാഘാതം സംശയിക്കുന്നുവെങ്കില്‍ സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിലേക്ക് പോകരുത്. ആംബുലന്‍സ് വിളിച്ച് വേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതാണ് ഏറ്റവും സുരക്ഷിതം.
ഹൃദയാഘാതത്തെ പലരും അസിഡിറ്റിയായി തെറ്റിദ്ധരിക്കാറുണ്ട്. നെഞ്ചില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന പുകച്ചില്‍, പ്രത്യേകിച്ച് രാത്രിയില്‍, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഇസിജി അല്ലെങ്കില്‍ രക്തപരിശോധന പോലുള്ള ടെസ്റ്റുകള്‍ ഡോക്ടര്‍ക്ക് നിര്‍ദേശിക്കാം. നേരത്തെയുള്ള ചികിത്സ ഹൃദയപേശികളെ സംരക്ഷിക്കാനും ദീര്‍ഘകാല കേടുപാടുകള്‍ കുറയ്ക്കാനും സഹായകമാകും.












Click it and Unblock the Notifications