തണുപ്പ് കാലത്ത് വരള്‍ച്ച മാറാന്‍ നെയ്യോ വെളിച്ചെണ്ണയോ നല്ലത്; മുഖത്ത് പുരട്ടുമ്പോള്‍ ശ്രദ്ധിക്കണേ
പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണത്തില്‍ ഒഴിവാക്കാനാത്ത മൂന്നു ചേരുവകളാണ് നെയ്യും വെളിച്ചെണ്ണയും പാല്‍പാടയും. ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും വര്‍ധിപ്പിക്കാനാണ് ഇവ മുഖത്ത് പുരട്ടുന്നത്. എന്നാല്‍ ഇവ മൂന്നും ചര്‍മ്മത്തില്‍ വ്യത്യസ്ത രീതികളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന്റെ തരം, ഉപയോഗിക്കുന്ന ആളുടെ ശുചിത്വം, കാലാവസ്ഥ എന്നിവയെല്ലാം മുഖത്തുണ്ടാകുന്ന ഫലത്തെ കാര്യമായി സ്വാധീനിക്കും. തെറ്റായി ഉപയോഗിക്കുന്നത് മുഖക്കുരുവിനോ തിണര്‍പ്പിനോ കാരണമായേക്കാം. അതിനാല്‍, ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പു കാലത്ത് ഇവ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം.
നെയ്യ്
ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും വരണ്ടതും പരുപരുത്തതുമായ ഭാഗങ്ങളെ മൃദുവാക്കാനും നെയ്യ് നല്ലതാണ്. ചുണ്ട് വിണ്ടുകീറുന്നത്, കാല്‍പാദങ്ങളിലെ വിണ്ടുകീറല്‍, കൈമുട്ടിലെ വരണ്ട തൊലി എന്നിവയ്ക്കും നെയ്യ് നല്ലതാണ്. ശുദ്ധമായ പശുവിന്‍ നെയ്യ് ആദ്യം തിരഞ്ഞെടുക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വരണ്ട ചര്‍മ്മത്തെ മൃദുലമാക്കാന്‍ സഹായിക്കും.

എന്നാല്‍, മുഖത്ത് നെയ്യ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. നെയ്യിലെ കൊഴുപ്പു കാരണം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ സാധ്യതയുണ്ട്. മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, അല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ നെയ്യ് ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ചില ഡോക്ടര്‍മാര്‍ ഇത് ഇരുപത് മിനിറ്റ് നേരം മാത്രമേ മാസ്‌കായി ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിക്കുന്നു. അതിനു ശേഷം സൗമ്യമായ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകി കളയണം.
രാത്രി മുഴുവന്‍ നെയ്യ് മുഖത്ത് നിലനിര്‍ത്തുന്നത് മുഖക്കുരുവിന്റെ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കും. മലിനമായ നഗരങ്ങളിലെ അന്തരീക്ഷത്തില്‍ നിന്ന് പൊടിപടലങ്ങള്‍ ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കാനും ഇത് കാരണമാകും. ഇത് മുഖക്കുരു കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
വെളിച്ചെണ്ണ
മുടിക്കും ശരീരത്തിന്റെ മൃദുത്വത്തിനും വെളിച്ചെണ്ണ ഏറ്റവും മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതില്‍ അടങ്ങിയിട്ടുള്ള ലോറിക് ആസിഡിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. പലര്‍ക്കും ഇത് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ മൃദുവായി അനുഭവപ്പെടാറുണ്ട്. എങ്കിലും, വെളിച്ചെണ്ണയ്ക്കും ചര്‍മ്മ സുഷിരങ്ങളെ അടച്ച് കളയുന്ന സ്വഭാവമുണ്ട്. ഇത് പലപ്പോഴും മുഖത്ത് വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും വരാന്‍ ഇടയാക്കും.
വളരെയധികം വരണ്ടതും, മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയില്ലാത്തതുമായ ചര്‍മ്മത്തിന് മാത്രമാണ് വിദഗ്ദ്ധര്‍ സാധാരണയായി വെളിച്ചെണ്ണ ശുപാര്‍ശ ചെയ്യുന്നത്. മുഖം ഒഴിച്ചുള്ള ശരീരഭാഗങ്ങളില്‍ ഇത് കൂടുതല്‍ അനുയോജ്യമാണ്. കുളിക്കുന്നതിന് മുന്‍പ് അല്‍പനേരം മാത്രം പുരട്ടി ഉപയോഗിക്കുന്നതാണ് രാത്രി മുഴുവന്‍ പുരട്ടുന്നതിനേക്കാള്‍ സുരക്ഷിതം.
ഫംഗസ് അണുബാധയുള്ളവര്‍ വെളിച്ചെണ്ണയുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കണം, കാരണം ഇത് യീസ്റ്റിന് വളരാന്‍ സഹായിച്ചേക്കാം. കുട്ടികളുടെ ചര്‍മ്മത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വരണ്ടതും മുഖക്കുരു സാധ്യതയില്ലാത്തതുമായ ചര്‍മ്മത്തില്‍, നെയ്യോ വെളിച്ചെണ്ണയോ കുറഞ്ഞ സമയത്തേക്ക് മോയ്‌സ്ചറൈസറായി ഉപയോഗിക്കാം. എന്നാല്‍, എണ്ണമയമുള്ള, മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുള്ള മുഖത്ത്, കനം കുറഞ്ഞതും സുഷിരങ്ങള്‍ അടയ്ക്കാത്തതുമായ ക്രീമുകളാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ സാധാരണയായി നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications