രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കാണോ? മുഖം പെട്ടെന്ന് തിളങ്ങാനുള്ള ചില ടിപ്പുകള്‍ ഇതാ
തിരക്കിട്ട ജീവിതത്തില്‍ എന്നും രാവിലെ ചര്‍മസംരക്ഷണത്തിനും മറ്റും ഏറെനേരം ചിലവഴിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഭംഗി ഒട്ടും കുറയാനും പാടില്ല. ചര്‍മസംരക്ഷണത്തിന് സമയം ഇല്ലാത്തതിനാല്‍ പലരും മേക്കപ്പ് ഇട്ടുകൊണ്ടാണ് മുഖത്തെ ക്ഷീണമൊക്കെ പരിഹരിക്കുന്നത്. പ്രത്യേകിച്ച് രാവിലെ ഓഫീസില്‍ പോകുന്നവര്‍, ഫൗണ്ടേഷന്‍ പൗഡറും മറ്റും മുഖത്തിട്ട് വെളുപ്പിച്ചെടുക്കുന്നത് പതിവാണ്. എന്നാല്‍ ഒരല്‍പ നേരം ചിലവഴിച്ചാല്‍ പ്രകൃതിദത്തമായി തന്നെ മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാം.
സ്ത്രീകള്‍ക്ക് രാവിലെ തിളക്കമുള്ള 'ഗ്ലാസ് സ്‌കിന്‍' ലഭിക്കാനാണ് ആഗ്രഹം. മിനുസമാര്‍ന്ന, ഒരേ നിറമുള്ള ചര്‍മ്മത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. എന്നാല്‍ ശാശ്വതമായ തിളക്കത്തിന് ശരിയായ പരിചരണം വേണമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. പാടുകളും മങ്ങലുമില്ലാത്ത ചര്‍മത്തെയാണ് 'ഗ്ലാസ് സ്‌കിന്‍' എന്നു പറയുന്നത്. നന്നായി ജലാംശമുള്ള ചര്‍മ്മത്തില്‍ തിളക്കം ശരിയായി പ്രതിഫലിക്കും. മതിയായ ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം, ധാരാളം വെള്ളം, സൗമ്യമായ ചര്‍മ്മ സംരക്ഷണം എന്നിവയാണ് ചര്‍മ സംരക്ഷണത്തിന് ഏറ്റവും പ്രധാനം.

വൃത്തിയാക്കിയ കൈകള്‍ ഉപയോഗിച്ച് രാവിലെ ചര്‍മ്മ പരിചരണം തുടങ്ങാന്‍ ഡെര്‍മറ്റോളജിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. നേരിയ ഫേസ് വാഷ് രാവിലെ മുഖം കഴുകാന്‍ ഉപയോഗിക്കാം. പരുക്കന്‍ സ്‌ക്രബുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണ പാളിയെ തകരാറിലാക്കാം.
കൊറിയന്‍ സ്‌കിന്നിനു പിന്നില്‍ ജലാംശം
ചര്‍മ്മത്തിന് ഗ്ലാസ് പോലുള്ള തിളക്കം നല്‍കുന്നത് ജലാംശമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥയില്‍ നേര്‍ത്ത ജെല്‍ മോയ്സ്ചറൈസര്‍ ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മക്കാര്‍ക്ക് ക്രീമുകള്‍ തിരഞ്ഞെടുക്കാം. ഇത് ജലാംശം വര്‍ധിപ്പിച്ച് ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കും.
ഇന്ത്യയില്‍ വീടിനുള്ളിലാണെങ്കില്‍ പോലും ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നു. സൂര്യതാപം അകാലത്തിലുള്ള ചുളിവുകള്‍ക്ക് കാരണമായേക്കാം. മോയ്സ്ചറൈസര്‍ പുരട്ടി അല്‍പ നേരത്തിന് ശേഷം സണ്‍സ്‌ക്രീന്‍ മിതമായി പുരട്ടുക.
പെട്ടെന്ന് തിളക്കം ലഭിക്കാന്‍ മേക്കപ്പ് ഉപയോഗിക്കാം. നേര്‍ത്ത ഫൗണ്ടേഷന്‍ ചര്‍മത്തിലെ നിറവ്യത്യാസം മറയ്ക്കും. ഒരു ലിക്വിഡ് ഹൈലൈറ്റര്‍ കവിള്‍ത്തടങ്ങളിലും മൂക്കിലും തിളക്കം നല്‍കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് മേക്കപ്പ് പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന് സൗന്ദര്യ വിദഗ്ധര്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ അതിവേഗം പ്രചരിക്കുന്ന 'ഗ്ലാസ് സ്‌കിന്‍' ടിപ്പുകള്‍ പിന്തുടരരുത്. കാലാവസ്ഥയ്ക്കും ചര്‍മത്തിന്റെ സ്വഭാവവും നോക്കി വേണം ചര്‍മ്മ സംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍.












Click it and Unblock the Notifications