വിലകൂടിയ ക്രീമുകളോട് ഗുഡ് ബൈ പറയാം; ചർമ്മം തിളങ്ങാൻ ഇതൊരു തുള്ളി മതി
ഒരാളുടെ ആത്മവിശ്വാസം വർധിക്കുന്നതിൽ നല്ല ചർമ്മം വലിയൊരു ഘടകമാണ്. അതിനാൽ ചർമ്മ സംരക്ഷണത്തിന് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളെക്കാൾ പലരും വിശ്വസിക്കുന്നത് പ്രകൃതിദത്തമോ അല്ലെങ്കിൽ കാലങ്ങളായി പരീക്ഷിച്ചു തെളിയിക്കപ്പെട്ടതോ ആയ മാർഗങ്ങളൊക്കെയാണ്. ചർമ്മത്തിന്റെ സ്വാഭാവികമായ ആർദ്രത നിലനിർത്താനും മുടിയുടെ ആരോഗ്യത്തിനും വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ വിദ്യകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അത്തരത്തിൽ കുറഞ്ഞ ചിലവിൽ മികച്ച ഫലം നൽകുന്ന ഒന്നാണ് ഗ്ലിസറിൻ. ഒരു മികച്ച ഹ്യുമെക്റ്റന്റ് ആയി പ്രവർത്തിക്കുന്ന ഗ്ലിസറിൻ, ചർമ്മത്തിന് ആവശ്യമായ ഈർപ്പം വായുവിൽ നിന്ന് വലിച്ചെടുത്ത് നൽകാൻ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം
ഗ്ലിസറിൻ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിന് പകരം തുല്യ അളവിൽ റോസ് വാട്ടറോ അല്ലെങ്കിൽ വെള്ളമോ ചേർത്ത് ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് നല്ല മൃദുത്വം നൽകും. ഗ്ലിസറിൻ, റോസ് വാട്ടർ, നാരങ്ങാനീര് എന്നിവ കലർത്തി ഒരു പ്രകൃതിദത്ത ടോണറായി ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
പഞ്ചസാര, ഗ്ലിസറിൻ, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കാം. തേൻ, ഗ്ലിസറിൻ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മുഖത്ത് പുരട്ടുന്നത് തിളക്കമുള്ള ചർമ്മം നൽകും. രാത്രി കിടക്കുന്നതിന് മുൻപ് നേരിയ തോതിൽ ഗ്ലിസറിൻ പുരട്ടുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തും.

ചർമ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഗ്ലിസറിൻ ഉപയോഗിക്കാം. ഷാമ്പൂ ചെയ്ത ശേഷം അല്പം ഗ്ലിസറിൻ വെള്ളത്തിൽ കലർത്തി മുടിയിൽ പുരട്ടുന്നത് മുടിയുടെ വരൾച്ച മാറ്റാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു. ഇത് മുടി കെട്ടുപിണയുന്നത് തടയുകയും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്ലിസറിൻ ഉപയോഗിക്കുമ്പോൾ അത് ഒരിക്കലും നേരിട്ട് ചർമ്മത്തിൽ പുരട്ടരുത്. കട്ടിയുള്ള ദ്രാവകമായതിനാൽ ഇത് മറ്റ് ലായനികളുമായി ചേർത്ത് മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ, സെൻസിറ്റീവ് ചർമ്മമുള്ളവർ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ സൗന്ദര്യ വിദ്യകൾ ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കും.
(മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തിൽ മാത്രം ഉപയോഗിക്കാം)












Click it and Unblock the Notifications