തടി കൂടി വരുന്നുണ്ടോ? ചെറുപയർ ഉള്ളപ്പോൾ പിന്നെ എന്തിന് ആശങ്ക; ചെറുതല്ല ഗുണങ്ങൾ
ശരീരത്തിന് അത്യാന്താപേക്ഷിതമാണ് പ്രോട്ടീൻ. എല്ലുകൾക്ക് ശക്തിപകരാൻ ഇവ സഹായിക്കുന്നു. മെറ്റബോളിസം വർധിപ്പിക്കാനും അമിത വിശപ്പിനെ ഇല്ലാതാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം പ്രോട്ടീൻ ഉത്തമമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വയറിന് പൂർണത നൽകുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഏതൊക്ക ഭക്ഷണം കഴിച്ചാലാണ് പ്രോട്ടീൻ കൂടുതൽ ലഭിക്കുകയെന്നത് സംബന്ധിച്ച് പലർക്കും അവ്യക്തത ഉണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നവരെ സംബന്ധിച്ച്. വിപണിയിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ പൗഡറുകളെയാണ് ഇവരിൽ ചിലർ ആശ്രയിക്കാറുള്ളത്. എന്നാൽ വീട്ടിൽ ചെറുപയർ ഉള്ളപ്പോൾ എന്തിന് വെറുതെ പണവും ആരോഗ്യവും നഷ്ടപ്പെടുത്തണം. ചെറുപയറിന്റെ ഗുണങ്ങൾ വിശദമായി അറിയാം

ചെറുപയർ എന്നത് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം മാത്രമല്ല, ഫൈബർ, അയൺ, ഫോളറ്റ്, മംഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, വിറ്റാമിൻ ബി 1, മാംഗനീസ് എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഉപാപചയം, ദഹനം, പേശികളുടെ പ്രവർത്തനം എന്നിവയുൾപ്പെടെ വിവിധ ശരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്നു.
ചെറുപയരിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരുകൾ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു കപ്പ് വേവിച്ച ചെറുപയറിൽ 14.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.ഉയർന്ന പ്രോട്ടീനും നാരുകളും ഉള്ളതിനാൽ തടി കുറക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് നിങ്ങളെങ്കിൽ ധൈര്യമായി ചെറുപയർ തിരഞ്ഞെടുക്കാം.
ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന അവശ്യ ആൻ്റിഓക്‌സിഡൻ്റുകൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറക്കാനും ഹൃദ്രോഗം മെച്ചപ്പെടുത്താനും ചെറുപയർ മികച്ചതാണ്.പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.നാരുകൾ ദഹനത്തെ സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നല്ലതാണത്രേ.
ചെറുപയർ മുളപ്പിച്ച് സാലഡ് ആയോ, കറിയായോ ഒക്കെ ഇവ ഉപയോഗിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും ചെറുപയർ അമിതമായി കഴിക്കുന്നതും നല്ലതല്ല. പ്രത്യേകിച്ച് വേവിക്കാതെയാണ് അവ കഴിക്കുന്നതെങ്കിൽ. വേവിക്കാതെ ചെറുപയർ കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കും. തലകറക്കം, വയറിളക്കം, ഓക്കാനം എന്നിവയും ചിലർക്ക് അനുഭവപ്പെട്ടേക്കാം. മറ്റ് പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടസപ്പെടാനും കാരണമായേക്കും.
അതേസമയം ചെറുപയർ മാത്രം കഴിച്ച് തടി കുറക്കാമെന്നൊന്നും കരുതരുത്. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടർന്നാൽ മാത്രമേ ശരീരഭാരം കുറയുകയുള്ളൂ.












Click it and Unblock the Notifications